ഫേസ്ബുക്കില്‍ അശ്ലീല വൈറസ്‌ വ്യാപകമാകുന്നു

ഒരിടവേളയ്ക്കു ശേഷം സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്കില്‍ അശ്ലീല വൈറസ്‌ വ്യാപകമാകുന്നു. വൈറസ്‌ ആക്രമണത്തിനിരയായ ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ നിന്നും ഉടമ അറിയാതെതന്നെ അശ്ലീല ഫോട്ടോകളും, വീഡിയോ ലിങ്കുകളും ഗ്രൂപ്പുകളിലും മറ്റും പോസ്റ്റ്‌ ചെയ്യുകയാണ് പുതിയ വൈറസിന്റെ പ്രവര്‍ത്തനരീതി.
 
വന്‍ സെലിബ്രിറ്റികളുടെ നഗ്നചിത്രങ്ങളടക്കമാണ് ചിത്രമായും ലിങ്കുകളായും പോസ്റ്റ് ചെയ്യപ്പെടുന്നത്. ഹോളിവുഡ്‌ സെലിബ്രിറ്റികളുടേതടക്കമുള്ളവരുടെ അശ്ലീല വീഡിയോ കാണാം എന്ന ക്ഷണത്തോടെയാണ് ലിങ്കുകള്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അവരുടെ പ്രൊഫൈലുകളിലേക്കും വൈറസ്‌ പടരും. പലരുടെയും നഗ്നചിത്രങ്ങള്‍ മറ്റുള്ളവരുടെ പേജുകളില്‍ പോസ്റ്റ് ചെയ്യപ്പെടുമ്പോഴാണ് സംഗതിയുടെ ഗൗരവമറിയുന്നത്. ബ്രൌസറിലെ പഴുതുകള്‍ മുതലെടുത്താണ് പുതിയ വൈറസ്‌ വ്യാപമാകുന്നത്. ബ്രൗസറിലെ സെല്‍ഫ്- എക്‌സ്.എസ്.എസ്. എന്ന പഴുത് ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ആശ്ലീല, അക്രമ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്.
 
മുന്‍ കാലങ്ങളില്‍ ഫേസ് ബുക്ക് സമാനമായ ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കിലും ഇത്തവണ ആക്രമണം അല്‍പ്പം കടുപ്പമേറിയതാണെന്ന് സാങ്കേതിക വിദഗ്ധര്‍ കരുതുന്നു. ഇതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതും സംഭവത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ തന്നെ ഇത്തരം ലിങ്കുകളും ചിത്രങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ വഴിമാറി നടക്കുക മാത്രമേ രക്ഷയുള്ളൂ. ക്ലിക്ക്‌ ചെയ്‌താല്‍ പണി കിട്ടും ജാഗ്രതൈ..!

Search site