ഫേസ്ബുക്കിലെ വെട്ടുകിളികള്‍, അഥവാ പുതിയ മമ്മുക്കയും ലാലേട്ടനും

മമ്മൂട്ടിയും മോഹന്‍ലാലും. 
മലയാളത്തിന്റെ മഹാരഥന്മാരായ രണ്ടു നടന്മാര്‍. നടന്മാര്‍ എന്നതിനപ്പുറം മലയാളിയുടെ ഇഷ്ടങ്ങളില്‍ മമ്മൂക്കയും ലാലേട്ടനുമായി ഇടംനേടിയവരാണ് ഇരുവരും. രണ്ടര പതിറ്റാണ്ടിലേറെയായി മലയാള വെള്ളിത്തിരയില്‍ മറ്റാരേക്കാളുമുയരെ നിലകൊള്ളുന്ന ഇവരുടെ തിളക്കത്തിന് മാറ്റങ്ങളുടെ ന്യൂജനറേഷന്‍ കാലത്തും മങ്ങലേല്‍ക്കുന്നില്ല.
ഇക്കയോടും ഏട്ടനോടുമുള്ള താല്‍പര്യം ഇഷ്ടത്തിന്റെ പരിധികളെല്ലാം കടന്ന് ആരാധനയോളം വളര്‍ന്നത് മലയാള സിനിമാ ചരിത്രത്തോടൊപ്പം തന്നെ വായിക്കേണ്ട കാര്യമാണ്.
 
അഭിനേതാക്കളെ വിഗ്രഹവല്‍ക്കരിച്ച് പൂജിക്കുന്ന തമിഴകത്തെ 'രസികര്‍ മണ്ട്ര'ങ്ങളെ പരിഹസിച്ചു ചിരിച്ചിരുന്നു ഒരുകാലത്ത് മലയാളികള്‍. അവര്‍ പക്ഷേ, പില്‍ക്കാലത്ത് ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ച് അതേവഴി തന്നെ പിന്തുടര്‍ന്നുവെന്നത് സത്യം. മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമല്ല, അവര്‍ക്കുശേഷം കടന്നുവന്ന ഒട്ടുമിക്ക നായകനടന്മാര്‍ക്കും ഫാന്‍സ് അസോസിയേഷനുകളുണ്ടായി. നടീനടന്മാര്‍ താരവും സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറും യൂണിവേഴ്‌സല്‍ സ്റ്റാറുമെല്ലാമാകുന്നത് അങ്ങനെയാണ്. സൂപ്പര്‍സ്റ്റാറുകള്‍ പുഞ്ചിരി തൂകിനില്‍ക്കുന്ന പടുകൂറ്റന്‍ കട്ടൗട്ടുകളില്‍ പാലഭിഷേകം ചെയ്തും പൂവെറിഞ്ഞും മാല ചാര്‍ത്തിയുമുള്ള ആരാധനാപ്രകടനം കാണാനുള്ള 'ദുര്യോഗം' അധികം വൈകാതെ കേരളത്തിനുമുണ്ടായി. സിനിമയുടെ പേരില്‍ ഒന്നിക്കുകയും താരങ്ങളുടേ പേരില്‍ വിഘടിക്കുകയും ചെയ്യുന്ന ആരോഗ്യകരമല്ലാത്ത പ്രവണത ഇതിന്റെ ഉപഘടകമായിരുന്നു. 'ഉദയനാണ് താര'ത്തിലെ പച്ചാളം ഭാസി പറയുന്നപോലെ, ആരാധകര്‍ വെട്ടുകിളികളെപ്പോലെയാണ്. പലപ്പോഴും ആരാധനാ പാത്രങ്ങളായ അഭിനേതാക്കള്‍ക്കുതന്നെ തലവേദനയാണ് അവര്‍.
 
ഇന്നിപ്പോള്‍ ആരാധകരെന്നാല്‍ താരങ്ങള്‍ വിചാരിച്ചാലും ഒഴിവാക്കാന്‍ പറ്റാത്ത ബാധയാണെന്നത് പരസ്യമാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും മറ്റുമായി സൂപ്പര്‍സ്റ്റാറുകളുടെ പേര് സിനിമക്ക് പുറത്തും സജീവമാക്കി നിര്‍ത്തുന്നത് അവരാണ്. സിനിമയുടെ വിജയപരാജയങ്ങള്‍ക്കുപിന്നിലെ വലിയ ഘടകമാണ് ആരാധകരെന്നും പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് അവരില്ലാതെ പറ്റില്ലെന്നും സംവിധായകരും പ്രൊഡ്യൂസറുമെല്ലാം സമ്മതിക്കും. സിനിമ തുടങ്ങുമ്പോള്‍ എഴുതിക്കാണിക്കുന്ന നന്ദിപ്രകടനങ്ങളില്‍ ഫാന്‍സ് അസോസിയേഷനുകള്‍ സ്ഥിരസാന്നിധ്യമാണെന്നത് അതിന്റെ തെളിവാണ്.
 
യഥാര്‍ത്ഥ ജീവിതത്തിലേതിനേക്കാള്‍ ഫാന്‍സിന്റെ പ്രഭാവം ശക്തമായിട്ടുള്ള ഇടമാണ് ഇന്റര്‍നെറ്റ്. സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ച് ഓണ്‍ലൈനിലേക്കു ചേക്കേറിയ ആരാധകര്‍ തങ്ങളുടെ ആരാധനാപാത്രങ്ങളുടെ മഹത്വം ഉദ്‌ഘോഷിക്കാനും എതിര്‍താരങ്ങളെ ഇകഴ്ത്താനും തങ്ങളാലാകുന്നത് ചെയ്തുകൂട്ടുന്നു. പ്രതീക്ഷിക്കപ്പെടുന്നതു പോലെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകരാണ് ഇവിടെയും സജീവമായുള്ളത്. സിനിമകളുടെ മാത്രമല്ല, നടന്റെ ബ്ലോഗ്‌പോസ്റ്റിന്റെയും കൃഷിയുടെയും ഓണററി പുരസ്‌കാര നേട്ടങ്ങളുടെയുമെല്ലാം ആഘോഷക്കമ്മിറ്റിയാണിവര്‍. ഫേസ്ബുക്കിലെ സിനിമാ ഫോറങ്ങളും മറ്റും ഇവരുടെ വിളയാട്ടങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കുമുള്ള ഓപ്പണ്‍ സ്റ്റേജായി മാറാറുണ്ട്. പലപ്പോഴും പരസ്പരമുള്ള തെറിവിളിയിലും ചെളിവാരിയലിലുമാണ് ഇത് ചെന്നെത്താറുള്ളത്.
 
സിനിമ എന്ന കലയെ, മാധ്യമത്തെ സത്യസന്ധമായി സമീപിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആരാധകര്‍ വലിയ ശല്യക്കാരാണ്. സ്വന്തം താരത്തിന്റെ മോശം സിനിമ മഹത്തരമെന്ന് പ്രചരിപ്പിക്കുകയും എതിരാളിയുടെ നല്ല സിനിമ മോശമെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന പ്രവണത, സിനിമാ വ്യവസായത്തിന്റെ വിശ്വാസ്യതയെ മോശമായി ബാധിക്കുമെന്നതില്‍ സംശയമില്ലല്ലോ. അതുകൊണ്ടുതന്നെ, ഫേസ്ബുക്കിലെ 'സിനിമാ പാരഡിസോ ക്ലബ്ബ്' പോലുള്ള സിനിമാപ്രേമികളുടെ കൂട്ടായ്മകളില്‍, ആരാധകര്‍ കണക്കറ്റു പരിഹസിക്കപ്പെടാറുണ്ട്. ആസ്വാദനത്തെ നയിക്കേണ്ടത് വിധേയത്വമല്ല എന്നു തിരിച്ചറിയുന്നവര്‍ സൂപ്പര്‍ താരങ്ങളെയും സ്ഥിരപ്രതിഷ്ഠരായ സംവിധായകരെയും മറ്റും നിശിത വിമര്‍ശനത്തിന് വിധേയമാക്കാന്‍ മടിക്കാറില്ല. മമ്മൂട്ടിയുടെ കൂളിംഗ് ഗ്ലാസ് വെച്ചുള്ള കൃഷിയും മോഹന്‍ലാലിന്റെ ബ്ലാക്ക്‌ബെല്‍റ്റുമെല്ലാം കളിയാക്കപ്പെടുന്നത് അങ്ങനെയാണ്. മുഖംനോക്കാതെയുള്ള ഈ വിമര്‍ശനങ്ങളിലെ ഹാസ്യഭാവം തിരിച്ചറിഞ്ഞാണ് സംവിധായകന്‍ രഞ്ജിത്ത് ഈയിടെ ഒരഭിമുഖത്തില്‍ 'മലയാളിക്ക് നര്‍മബോധം നഷ്ടപ്പെട്ടിട്ടില്ല' എന്നു സാക്ഷ്യപ്പെടുത്തിയത്.
 
ആരാധക ശല്യത്തിനെതിരെ ഓണ്‍ലൈന്‍ ഫോറങ്ങളില്‍ നടക്കുന്ന നീക്കങ്ങള്‍ രസകരമാണ്. ആരാധന മൂത്ത് തോന്നിയതെല്ലാം പോസ്റ്റ് ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുക എന്നതാണ് പൊതുവെ പല ഗ്രൂപ്പ്, പേജ് അഡ്മിനുകളും ചെയ്തുവരാറുള്ളത്. മാതൃകാപരവും തലവേദന കുറഞ്ഞതുമായ ഒരു നടപടിയാണിത്. പക്ഷേ, സിനിമ പ്രധാന ചര്‍ച്ചാവിഷയമാകുന്ന ഇടങ്ങളില്‍ അത് രസംകൊല്ലിയാവുകയും സംഘടിത പ്രതിഷേധങ്ങള്‍ക്ക് ഇടയാവുകയും ചെയ്യും.
ഈ 'പ്രതിസന്ധി' പരിഹരിക്കാന്‍ ചില മിടുക്കന്മാര്‍ ഈയിടെ അവലംബിച്ച രീതി ചിരിയുണര്‍ത്തുന്നതാണ്. സൂപ്പര്‍താരങ്ങള്‍ക്ക് അപരന്മാരെ കൊണ്ടുവരിക എന്നതാണത്. മമ്മൂട്ടിയെ മമ്മൂക്ക എന്നും മോഹന്‍ലാലിനെ ലാലേട്ടന്‍ എന്നുമാണല്ലോ മലയാളികള്‍ ഇഷ്ടത്തോടെ വിളിക്കുന്നത്. ഇരുവരെയും വിഗ്രവല്‍ക്കരിച്ച ആരാധകര്‍ ഈ പേരുകളെ തങ്ങളുടെ ആഭാസപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ബ്രാന്‍ഡ് നെയിമുകളാക്കി മാറ്റി. ഇക്ക, മമ്മൂക്ക എന്നു പറഞ്ഞാല്‍ മമ്മൂട്ടിയും ഏട്ടന്‍, ലാലേട്ടന്‍ എന്നെല്ലാം പറഞ്ഞാല്‍ മോഹന്‍ലാലും ആയി എന്നിടംവരെയെത്തി കാര്യങ്ങള്‍.
ഈ പ്രവണത തകിടംമറിച്ചുകൊണ്ടാണ് ഈയിടെ സിനിമാ പാരഡിസോ ക്ലബ്ബില്‍ പുതിയ മമ്മൂക്കയും ലാലേട്ടനുമെത്തിയത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ ചലച്ചിത്ര മേഖലയില്‍ തങ്ങളുടേതായ ഇടംനേടിയവരാണ് ഇരുവരും. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ മമ്മൂട്ടിയോളം തന്നെ പ്രശസ്തിയുള്ള ആളാണ് പുതിയ മമ്മൂക്ക; മാമുക്കോയ. ലാലേട്ടന്റെ കാര്യവും മറിച്ചല്ല. സിദ്ദിക്ക് ലാല്‍ കൂട്ടുകെട്ടിലൂടെ സംവിധായകനായും നടനായും നിര്‍മാതാവായും മുന്‍നിരയിലുള്ള ലാല്‍ തന്നെ.
 
മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്ന തന്ത്രമായിരിക്കണം പുതിയ ഇക്ക-ഏട്ടന്മാരുടെ അവതരണത്തിനു പിന്നിലും. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമെല്ലാം ഇക്കാ റോക്ക്‌സ്, ഏട്ടന്‍ റോക്ക്‌സ് കമന്റും ഫോട്ടോ കമന്റും പോസ്റ്ററുകളുമിട്ട് 'കരുത്ത്' തെളിയിച്ചിരുന്ന ആരാധകരെ അതേ വടികൊണ്ട് അടിക്കാന്‍ തുടങ്ങിയിരിക്കുകയാണ് പുതിയ മമ്മുക്കയുടെയും ലാലേട്ടന്റെയും ആരാധകര്‍. സൂപ്പര്‍താരങ്ങള്‍ക്ക് പതിച്ചുനല്‍കിയ ക്ലീഷേ അപദാന വാചകങ്ങളെല്ലാം പുതിയ ലാലേട്ടനും മമ്മുക്കക്കും നന്നായിണങ്ങുന്നു. മസില്‍ ബോഡിയില്‍ ട്രെന്‍ഡി ടിഷര്‍ട്ടും സ്‌കിന്നി ജീന്‍സുമായി നില്‍ക്കുന്ന മാമുക്കോയയുടെ 'ഫ്രീക്ക്' പോസ് ആരെയാണ് ചിരിപ്പിക്കാതിരിക്കുക? നമ്മുടെ സ്വന്തം മമ്മുക്ക, നമ്മുടെ സ്വന്തം ലാലേട്ടന്‍ എന്നീ പേരുകളിലുള്ള പേജുകളും പ്രൊഫൈലുകളും സ്പൂഫുകളായി മലയാളിയുടെ നര്‍മബോധനത്തിന് അടിവരയിടുന്നു.
മമ്മൂട്ടി - മാമുക്കോയ, മോഹന്‍ലാല്‍ - ലാല്‍ അപരവല്‍ക്കരണങ്ങളില്‍ ഒരു തമാശക്കപ്പുറത്തേക്ക് അര്‍ത്ഥമൊന്നുമില്ലെങ്കിലും ഇവിടെ യദൃശ്ചയാ സംഭവിച്ചൊരു കാര്യമുണ്ട്. അത് ലാലിന്റെ വിഗ്രവല്‍ക്കരണത്തിലെ യുക്തിയാണ്.
 
സൂപ്പര്‍താര ചിത്രങ്ങള്‍ വിലകുറഞ്ഞ ഷോപീസുകളായി മാറുകയും വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടിയും മോഹന്‍ലാലും പഴികേള്‍ക്കുകയും ചെയ്യുന്ന കാലത്ത് ലാല്‍ മലയാള സിനിമയുടെ പുതിയ ധാരയോടൊത്ത് സഞ്ചരിക്കുന്നുണ്ട്. തലപ്പാവ്, സോള്‍ട്ട് ന്‍ പെപ്പര്‍, ഒഴിമുറി, ഷട്ടര്‍ എന്നീ പുതുധാരാ ചിത്രങ്ങളില്‍ അഭിനേതാവ് എന്ന നിലയില്‍ ലാലിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. അഭിനേതാക്കളെ മറികടന്ന് സിനിമ തന്നെ താരമാകുന്ന പുതിയ കാലത്തോട് ലാല്‍ കാണിക്കുന്ന താല്‍പര്യം സൂപ്പര്‍സ്റ്റാറുകള്‍ക്കു തന്നെയും അനുകരണീയമാണ്.

Search site