ഫെയ്‌സ്ബുക്കില്‍ നിന്ന് ഒരു അവധി ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്!

സോഷ്യല്‍മീഡിയയുടെ അതിപ്രസരത്തില്‍നിന്ന് രക്ഷനേടി, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ നിന്ന് 'അവധിയെടുക്കാന്‍' ആഗ്രഹിക്കുന്നവരാണത്രെ ഇന്റര്‍നെറ്റ് യൂസര്‍മാരില്‍ പകുതിയിലേറെപ്പേര്‍. അമേരിക്കയില്‍ നടത്തിയ പുതിയൊരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

 പ്രസക്തമല്ലാത്ത അപ്‌ഡേറ്റുകളും, സമയത്തിന്റെ കുറവുമാണ് 'ഒരു അവധി ആര്‍ക്കാണിഷ്ടമില്ലാത്തത്' എന്ന മനോഭാവത്തിലേക്ക് ഇന്റര്‍നെറ്റ് യൂസര്‍മാരെ എത്തിക്കുന്നത്. ഫെയ്ബുക്ക്, ട്വിറ്റര്‍, പിന്റെറെസ്റ്റ് എന്നിങ്ങനെയുള്ള സൈറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് യൂസര്‍മാര്‍ക്ക് ആഗ്രഹമെന്ന് പഠനം പറയുന്നു.

 'മൈലൈഫ് ഡോട്ട് കോം' ( MyLife.com ) എന്ന ഓണ്‍ലൈന്‍ സംഘടനയാണ് പഠനം നടത്തിയത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ ആധിക്യം താങ്ങാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് പലരെയും എത്തിക്കുന്നു എന്നാണ് പഠനത്തില്‍ വ്യക്തമായത്.

 പ്രായപൂര്‍ത്തിയായ 2000 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വെ വഴിയായിരുന്നു പഠനം. പഠനത്തിലുള്‍പ്പെടുത്തിയവരില്‍ 40 ശതമാനം പേര്‍ക്കും ഒന്നിലധികം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ പ്രൊഫൈലുണ്ട്. മാത്രമല്ല, മൂന്നിലേറെ ഈമെയില്‍ അഡ്രസ്സുകളും സൂക്ഷിക്കുന്നവരാണ് മിക്കവരും.

 ഇതില്‍ 35 ശതമാനം പേരും ദിവസവും ശരാശരി 31 മിനിറ്റ് വീതം സമയം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ക്കും ഈമെയിലുകള്‍ക്കുമായി ചെലവിടുന്നതായും സര്‍വ്വെയില്‍ കണ്ടു.

 സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ പോസ്റ്റുകളുടെ പ്രളയത്തില്‍ പ്രധാനപ്പെട്ട പലതും നഷ്ടമായി പോകുന്നുവെന്ന് ഉത്ക്കണ്ഠ പ്രകടിപ്പിച്ചവര്‍ 60 ശതമാനത്തോളം വരുമെന്ന് പഠനം പറയുന്നു.

Search site