ഫിലിപ്പീന്‍സില്‍ സംഘര്‍ഷം തുടരുന്നു

സ്വതന്ത്ര രാജ്യമെന്ന ആവശ്യത്തിനായി പോരാടുന്ന ഫിലിപ്പീന്‍സിലെ മോറോ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ടുമായി (എം.എന്‍.എല്‍.എഫ്) ചര്‍ച്ചക്ക് തയാറെന്ന് ഫിലിപ്പീന്‍സ് സര്‍ക്കാര്‍. എന്നാല്‍, സര്‍ക്കാരിന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്ന് ആദ്യം വെടിനിര്‍ത്തലിനു തയ്യാറായ വിമതര്‍ വീണ്ടും അക്രമം തുടങ്ങിയതാതയാണ് റിപോര്‍ട്ട്.
 തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച വിമത പോരാളികള്‍ നൂറിലേറെ തദ്ദേശവാസികളെ ബന്ദികളാക്കി വെച്ചിരിക്കുകയാണ്. ഇവരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ സൈനിക നടപടി ആരംഭിച്ചതോടെ കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യത്തിന്‍െറ ദക്ഷിണ മേഖലയില്‍ വെടിവെപ്പും അക്രമ സംഭവങ്ങളും വ്യാപകമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചക്കുശേഷം 50 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.
 സംഘര്‍ഷവും അരക്ഷിതാവസ്ഥയും രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാവുകയായിരുന്നു. തടവിലാക്കിയവരെ ഒന്നും ചെയ്യരുതെന്നും പ്രസിഡന്‍റ് ബെനിനോ അക്വിനോ കഴിഞ്ഞദിവസം പോരാളികളോട് അഭ്യര്‍ഥിച്ചിരുന്നു. വൈസ് പ്രസിഡന്‍റ് ജെജോമര്‍ ബിനായ്, എം.എന്‍.എല്‍.എഫ് നേതാവ് നൂര്‍ മിസ്വാരിയുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു.
 ആവശ്യം അംഗീകരിച്ച മിസ്വരി ചര്‍ച്ചക്ക് തയാറായിരുന്നു. ചര്‍ച്ചക്ക് സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ സേനയും വിമതരും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനും ധാരണയായെങ്കിലും വിമതര്‍ പിന്നീട് കരാര്‍ ലംഘിക്കുകയായിരുന്നു.
 വിമതര്‍ ബന്ധികളാക്കിയ ഒരാളെ പോലും മോചിപ്പിക്കാന്‍ സൈന്യത്തിന് സാധിച്ചിട്ടില്ല. തിങ്കളാഴ്ച നടന്ന മണിക്കൂറുകള്‍ നീണ്ട വെടിവെപ്പില്‍ 22 ഗ്രാമവാസികളാണ് മരിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് 15,000 ത്തോളം പേര്‍ അയല്‍ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തു. സ്ഥിതിഗതികള്‍ ഇത്രകണ്ട് രൂക്ഷമായിട്ടും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകാത്തത് രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിംകള്‍ സര്‍ക്കാറില്‍നിന്ന് കടുത്ത അവഗണന നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് 1971ല്‍ മിസ്വാരി എം.എന്‍.എല്‍.എഫിന് രൂപം നല്‍കുന്നത്. മിന്‍ഡനാവോ ദ്വീപ് കേന്ദ്രീകരിച്ച് സ്വതന്ത്ര രാജ്യം വേണമെന്നാണ് എം.എന്‍.എല്‍.എഫിന്‍െറ ആവശ്യം. ഈ മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും വിമതരെ അംഗീകരിക്കാനോ ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാധാന്യം നല്‍കാനോ സര്‍ക്കാര്‍ സന്നദ്ധമായിരുന്നില്ല്ള.
 പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായെങ്കിലും സേനയെ പൂര്‍ണമായി പിന്‍വലിച്ചിട്ടില്ല.

Search site