ഫിഫക്ക് രേഖകള്‍ സമര്‍പ്പിച്ചില്ല; അണ്ടര്‍ 17 ലോകകപ്പ് വേദി ഇന്ത്യക്ക് നഷ്ടമായേക്കും

കേരളത്തിലടക്കം വേദിയായേക്കാവുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍, അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍െറ (എ.ഐ.എഫ്.എഫ്) പിടിപ്പുകേട് കാരണം നഷ്ടമാകുമെന്ന് ആശങ്ക.  ഫിഫയുടെ നിര്‍ദേശ പ്രകാരമുള്ള രേഖകള്‍ സമയബന്ധിതമായി സമര്‍പ്പിക്കാനായില്ളെങ്കില്‍ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ വേദി ഇന്ത്യക്ക്   നഷ്ടമാകുമെന്നാണ് സൂചന.
 ടൂര്‍ണമെന്‍റ് നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകളും ഗാരന്‍റിയും ഈ മാസം 30നകം സമര്‍പ്പിക്കണമെന്നാണ് ഫിഫയുടെ നിര്‍ദേശം. അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്  ഇത് പാലിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ ദക്ഷിണാഫ്രിക്ക, ഉസ്ബകിസ്താന്‍, ഇന്ത്യോനേഷ്യ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കൊന്നിനായിരിക്കും ലോകകപ്പ് നടത്തിപ്പിനുള്ള നറുക്ക് വീഴുക. ഈ രാജ്യങ്ങള്‍ മുഴുവന്‍ രേഖകളും സമര്‍പ്പിച്ചുകഴിഞ്ഞു. നികുതിയിളവ്, സുരക്ഷാ കാര്യങ്ങള്‍, വിസ, വിദേശനാണയ വിനിമയം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച ഉറപ്പ് നല്‍കുന്ന രേഖകളാണ് ഫിഫ ആവശ്യപ്പെട്ടിരിക്കുന്നത്.  എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്നറിയില്ളെന്നായിരുന്നു എ.ഐ.എഫ്.എഫ് അംഗങ്ങളിലൊരാളുടെ പ്രതികരണം. എങ്കിലും അവസാന നിമിഷം വരെ ഞങ്ങള്‍ കാത്തിരിക്കും.
 വേണ്ട രേഖകള്‍ നല്‍കാത്തതിന്‍െറ പേരില്‍ ജനുവരിയില്‍ നടത്തിയ ആദ്യശ്രമം പാളിയിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായി ഉറപ്പ് നല്‍കാനായില്ളെങ്കില്‍ ലോകകപ്പ് വേദിക്കാര്യം നമുക്ക് മറക്കേണ്ടി വരും -അദ്ദേഹം പറഞ്ഞു.
 ലോകകപ്പ് വേദിക്കായുള്ള ഇന്ത്യയുടെ നീക്കത്തിന് തുടക്കം മുതല്‍ ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ മികച്ച പിന്തുണയാണ് നല്‍കിയിരുന്നത്. ഫുട്ബാളില്‍ ഇന്ത്യ  ഉറങ്ങിക്കിടക്കുന്ന ഭൂതമാണെന്നായിരുന്നു ബ്ളാറ്റര്‍ അഭിപ്രായപ്പെട്ടത്. അതേസമയം, ബ്ളാറ്ററുടെ നിലപാടിനോട് ഫിഫയിലെ മറ്റംഗങ്ങള്‍ക്ക് അനുകൂല സമീപനമല്ല.  ടൂര്‍ണമെന്‍റിന് വേദിയൊരുക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന്  ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍  (എ.എഫ്.സി) പിന്തുണ അറിയിച്ചിട്ടുണ്ട്.
 ലോകകപ്പിന് വേദിയൊരുക്കാനുള്ള അവസരം ഇന്ത്യയിലെ ഫുട്ബാള്‍ വളര്‍ച്ചക്കും യുവാക്കള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നതിനും സഹായകരമാകുമെന്ന്  എ.എഫ്.സി ജനറല്‍ സെക്രട്ടറി അലക്സ് സൂസെ പറഞ്ഞു.
 കേരളത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ നടത്താന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെയും എ.ഐ.എഫ്.എഫിനെയും രേഖാമൂലം അറിയിച്ചിരുന്നു. സുരക്ഷയുമായും മറ്റും ബന്ധപ്പെട്ട രേഖകള്‍ കേരളം കേന്ദ്രത്തിന് ജൂണില്‍ കൈമാറിയിരുന്നു. മുംബൈ, ഗോവ, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളും ലോകകപ്പിന് വേദിയാകുമെന്നായിരുന്നു നേരത്തേയുള്ള വിവരം

Search site