ഫാഷിസത്തിനെതിരായ ഇടതുപക്ഷ നിലപാട് വേലിപ്പുറത്ത്: കുഞ്ഞാലിക്കുട്ടി

മുസ്‌ലിംലീഗിന്റെ ലക്ഷ്യം സമഗ്രമായ സാമൂഹ്യ പരിവര്‍ത്തനമാണെന്ന് അഖിലേന്ത്യാ ട്രഷററും സംസ്ഥാന വ്യവസായ ഐ.ടി വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെറും തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം ഒട്ടേറെ മാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. 
 
തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലുമില്ലാത്ത സുരക്ഷിതത്വ ബോധവും സാമൂഹ്യ വളര്‍ച്ചയും സാധ്യമാക്കിയതില്‍ മുസ്‌ലിംലീഗിന്റെ പങ്ക് ഏറെ വലുതാണ്. മുസ്‌ലിംലീഗ് വയനാട്, കോഴിക്കോട് ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷനുകളില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
 
മതവിശ്വാസം മുറുകെപിടിച്ച് ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുകയെന്നത് ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഭരണഘടന നല്‍കുന്ന ഈ അവകാശത്തിന് പോറലേല്‍ക്കാന്‍ പാടില്ല. ദൈവനിഷേധം പറയാന്‍ ലീഗിനെ കിട്ടില്ല. നിരീശ്വര വാദമൊക്കെ ഒരുകാലത്ത് ഫാഷനായിരുന്നു. 
 
ഇന്ന് ദൈവനിഷേധം ഉറക്കെ പറയാന്‍ പലരും മടിക്കുന്നു. അത്തരക്കാരെ വലിയ മണ്ടന്മാരായാണ് എല്ലാവരും കണക്കാക്കുക. വയസ്സ് കൂടുന്തോറും വിശ്വാസത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ജീവിതകാലം മുഴുവന്‍ നിരീശ്വരത്വം കൊണ്ട്‌നടന്ന് അവസാനമാവുമ്പോള്‍ ആരുമറിയാതെ ഉംറക്ക് പോവുന്ന കമ്മ്യൂണിസ്റ്റുകാരൊക്കെ തിരിഞ്ഞുനോക്കുമ്പോള്‍ ഖേദിക്കുകയാണ്. മോഡി വന്നാല്‍ അനന്തമൂര്‍ത്തിക്ക് മാത്രമല്ല രാജ്യം വിടേണ്ടി വരിക. മതേതരത്വത്തിനും ജനാധിപത്യത്തിനും ഇവിടെ നില്‍ക്കക്കള്ളിയുണ്ടാവില്ല. 
 
മോഡിയെ അകറ്റിനിര്‍ത്തുന്ന കാര്യത്തില്‍ ഇടതുപക്ഷത്തെ വിശ്വാസത്തിലെടുക്കുന്നതില്‍ പരിമിതിയുണ്ട്. വേലിപ്പുറത്താണ് അവരുടെ നിലപാട്. എങ്ങോട്ടുവേണമെങ്കിലും ചാടുന്ന അവസരവാദ സമീപനം. ഫാഷിസത്തെ തടയുകയെന്നുള്ളതാണ് വലിയ ദൗത്യം. 
 
ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ദേശീയതാല്‍പര്യവും സംരക്ഷിക്കുന്ന സര്‍ക്കാറാണ് രാജ്യത്ത് അധികാരത്തില്‍ വരേണ്ടത്.
കേരളത്തില്‍ വികസനോന്മുഖമായ എല്ലാ നിയമ നിര്‍മ്മാണങ്ങള്‍ക്ക് പിന്നിലും ലീഗിന്റെ കരങ്ങളുണ്ട്. സംഘടനയുമായി ബന്ധപ്പെട്ട ഒട്ടേറെ പേര്‍ക്ക് വലിയ നഷ്ടങ്ങളുണ്ടാവുമെന്ന് ബോധ്യപ്പെട്ടിട്ടും ഭൂപരിഷ്‌കരണം നടപ്പാക്കാന്‍ ആര്‍ജ്ജവം കാണിച്ചിട്ടുണ്ട്. 
 
ഇവിടെ നടപ്പാക്കിയ ഏതെങ്കിലും പുരോഗമന നിലപാടിനെ മുസ്‌ലിംലീഗ് എതിര്‍ത്തെന്ന് ആര്‍ക്കും പറയാനാവില്ല. അടിസ്ഥാന വികസനങ്ങളുടെ വിഷയത്തിലും സാമൂഹ്യമാറ്റമുണ്ടാക്കുന്ന മറ്റുള്ളവയുടെ കാര്യത്തിലും ഇതായിരുന്നു നിലപാട്.
 
പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ മതംപഠിപ്പിക്കുന്നതോടൊപ്പം അവരുടെതന്നെ എഞ്ചിനീയറിങ് കോളജാണ് തൊട്ടപ്പുറത്തുള്ളത്. കേരളത്തിലെ പല യതീംഖാനകളിലും അന്യസംസ്ഥാനങ്ങളിലെ കുട്ടികളാണ് അന്തേവാസികള്‍. ഇവിടെ അഗതി-അനാഥ സംരക്ഷണമൊക്കെ സാധ്യമാക്കുന്നതില്‍ മുസ്‌ലിംലീഗിന്റെ പങ്ക് അനിഷേധ്യമാണ്. ബംഗാളില്‍ തുടര്‍ച്ചയായി ഭരിച്ചവര്‍ക്ക് സാധിക്കാത്തതാണ് ഭരണപങ്കാളിത്തത്തിലൂടെയും അല്ലാതെയും നാം നേടിയെടുത്തത്.
 
ഇവിടെയുണ്ടായ എല്ലാ വികസനങ്ങളും മുസ്‌ലിംലീഗിന്റെ സംഭാവനയാണെന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ മുസ്‌ലിംലീഗിന് ഇതിലുള്ള വലിയ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. എട്ടുകാലി മമ്മൂഞ്ഞിമാര്‍ ഇത് മനസ്സിലാക്കണം. 
 
സരിത നൂറ്റൊന്ന് ആവര്‍ത്തിച്ചത് കൊണ്ടൊന്നും അവര്‍ രക്ഷപ്പെടാന്‍ പോവുന്നില്ല. വികസനത്തിന്റെ മോഡല്‍ കേരളംതന്നെയാണ്. മോഡിയല്ല ഉദാഹരണം. ഗുജറാത്തിനെയാണ് വികസനത്തിന് മാതൃകയാക്കേണ്ടതെന്ന് പറയുന്നവര്‍ പുതിയ കണക്കുകള്‍ കാണണം. ഐ.ടി വളര്‍ച്ചയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തിപ്പോള്‍ കേരളമാണ്. 
 
ഫാഷിസത്തിനും തീവ്രവാദത്തിനും കാലെടുത്ത് കുത്താന്‍ ഇടം നല്‍കാതിരിക്കുന്നത് കൊണ്ടാണ് കേരളത്തില്‍ ഈ വികസനവും സൗഹാര്‍ദ്ദ അന്തരീക്ഷവുമൊക്കെ സാധ്യമായത്. ജയിക്കാനും ജയിപ്പിക്കാനും കര്‍മ്മരംഗത്തിറങ്ങണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Search site