ഫയര്‍‌സ്റ്റേഷനുവേണ്ടി കാത്തിരിപ്പ് നീളുന്നു

അപകടസാധ്യത കൂടിയ ദേശീയപാതയോരത്ത് ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കല്‍ വൈകുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളും മറ്റ് സുരക്ഷാ പ്രശ്‌നങ്ങളുമുള്ള ഇടിമൂഴിക്കലിനും കക്കാടിനും ഇടയില്‍ ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള മുറവിളിയാണ് ഇനിയും യാഥാര്‍ഥ്യമാകാത്തത്.
 
 കാക്കഞ്ചേരി വളവ്, പാണമ്പ്ര വളവ്, തലപ്പാറ, കൂരിയാട് എന്നിങ്ങനെ ദേശീയപാത അധികൃതര്‍തന്നെ അപകടസാധ്യത കൂടിയ മേഖലയില്‍ ഉള്‍പ്പെടുത്തിയ സ്ഥലങ്ങള്‍ക്കിടയില്‍ അടുത്തൊന്നും ഫയര്‍‌സ്റ്റേഷനില്ല. അത്യാവശ്യഘട്ടങ്ങളില്‍ കോഴിക്കോട് ജില്ലയിലെ മീഞ്ചന്തയില്‍നിന്നോ തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍നിന്നോ വേണം അഗ്‌നിശമനസേന എത്താന്‍. സുരക്ഷാ ക്രമീകരണം വളരെക്കൂടുതല്‍ വേണ്ട ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചേളാരിയിലുള്ള പ്ലാന്റ് സ്ഥാപിതമായ കാലം മുതല്‍ സമീപത്തായി ഫയര്‍‌സ്റ്റേഷന്‍ വേണമെന്ന് നാട്ടുകാരും സമീപ പഞ്ചായത്തുകളും ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം പാചകവാതക ടാങ്കര്‍ മതിലിടിച്ച് തകര്‍ത്ത സംഭവത്തില്‍ മീഞ്ചന്തയില്‍ നിന്നാണ് അഗ്‌നിശമനസേന എത്തിയത്. പ്ലാന്റിനകത്തെ ചോര്‍ച്ചയും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മാത്രമേ ഇവിടെ സംവിധാനമുള്ളൂ. ദിവസവും നൂറുകണക്കിന് ബുള്ളറ്റ് ടാങ്കറുകളും സിലിന്‍ഡര്‍ നിറച്ച ലോറികളും വന്നുപോകുന്ന സമീപ പാതയില്‍ അപകടമുണ്ടായാല്‍ പുറമെനിന്നുള്ള സുരക്ഷ മാത്രമാണ് ആശ്രയം. ഗതാഗതക്കുരുക്ക് രൂക്ഷമായ പാതയിലൂടെ ചേളാരിയിലേക്ക് എത്താന്‍ അടുത്തുള്ള ഫയര്‍‌സ്റ്റേഷനില്‍ നിന്ന് കുറഞ്ഞത് അരമണിക്കൂര്‍ വേണം. 
 
 സ്റ്റേഷന്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് ഒരേക്കറെങ്കിലും വേണ്ടതുണ്ട്. സമീപ പഞ്ചായത്തുകളായ തേഞ്ഞിപ്പലം, മൂന്നിയൂര്‍, എ.ആര്‍ നഗര്‍ എന്നിവയെല്ലാം ഫയര്‍‌സ്റ്റേഷന് വേണ്ടി ശ്രമം നടത്തിയിരുന്നു. പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയപാതയോരത്ത് സ്ഥലം കണ്ടെത്തി സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
 
 കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരേക്കര്‍ സ്ഥലം ഫയര്‍‌സ്റ്റേഷനുവേണ്ടി കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭൂമിദാന വിവാദം ഉയര്‍ന്നതോടെ അതും എങ്ങുമെത്തിയില്ല.

Search site