പ്രവാസത്തിന്റെ കയ്പ് പഴങ്കഥ; പട്ടുനൂലില്‍ ജീവിതം നെയ്ത് രണ്ട് യുവാക്കള്‍

 പ്രവാസജീവിതത്തിന്റെ കയ്പുനീര്‍ ഈ യുവാക്കള്‍ക്ക് ഇനി പഴങ്കഥ മാത്രം. പട്ടുനൂല്‍ കൃഷിയില്‍ നാട്ടിലെ ജീവിതം മെനയുകയാണ് മലപ്പുറത്തുകാരായ രണ്ട് മുന്‍ പ്രവാസികള്‍. മലപ്പുറം പാണ്ടിക്കാട് മുള്ളന്‍മടക്കല്‍ അബ്ദുല്‍സലീം (39), പട്ടിക്കാട് പുളിയകുന്ന് മുഹമ്മദ് അഫ്‌സല്‍ (30) എന്നിവരാണ് പട്ടുനൂല്‍കൃഷിയില്‍ ലാഭം കൊയ്യുന്നത്. അബ്ദുല്‍സലീം നീണ്ട 16 വര്‍ഷം ജിദ്ദയില്‍ ഡ്രൈവറായിരുന്നു. 
 
അഫ്‌സലാകട്ടെ അഞ്ചുവര്‍ഷം മക്കയില്‍ ഫോട്ടൊഗ്രാഫറും. അന്നൊന്നും നേടാന്‍ കഴിയാത്ത സമ്പാദ്യം ഇപ്പോള്‍ വലിയ അധ്വാനമൊന്നുമില്ലാതെ കൈവരികയാണെന്ന് ഇരുവരും പറയുന്നു. അട്ടപ്പാടി പുതൂര്‍ ചീരക്കടവില്‍ 14 മാസം മുമ്പാണ് ഈ യുവാക്കള്‍ നാട്ടിലെ ജീവിതത്തിന്റെ പരീക്ഷണ യാത്ര ആരംഭിച്ചത്. രണ്ടേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് തുടങ്ങിയ കൊക്കൂണ്‍ ഉത്പാദനം ഇപ്പോള്‍ പ്രതിമാസം കുറഞ്ഞത് 50,000 രൂപയെങ്കിലുമുള്ള വരുമാനമാര്‍ഗമായി മാറിയിരിക്കുന്നു. 
 
നീര്‍വാര്‍ച്ചയുള്ള ഭൂമിയാണ് ഇതിനായി ഇവര്‍ തെരഞ്ഞെടുത്തത്. ഭവാനിപ്പുഴക്കരികെ മോട്ടോര്‍ പമ്പ് വെച്ച് ആവശ്യത്തിന് വെള്ളവും ലഭ്യമാക്കി രണ്ടേക്കറില്‍ മള്‍ബറി കൃഷി ആരംഭിച്ചു. ഇതിന്റെ ഇല വെട്ടിയെടുത്ത് പുഴുക്കള്‍ക്ക് നല്‍കുകയാണ് ജോലി. 
 
1400 ചതുരശ്ര അടി വരുന്ന ഷെഡിലാണ് പുഴുവളര്‍ത്തല്‍. 23 മുതല്‍ 25 ദിവസംവരെയാകുമ്പോള്‍ പുഴു കൊക്കൂണ്‍ ഉത്പ്പാദിപ്പിച്ച് തുടങ്ങും. ഇവയില്‍ നിന്ന് മുട്ട ഉത്പ്പാദിപ്പിച്ച് നല്‍കുകയാണ് സലീമും അഫ്‌സലും ചെയ്യുന്നത്. പട്ടുനൂല്‍പ്പുഴുവിന്റെ മുട്ടക്ക് ഈ രംഗത്തെ കര്‍ഷകര്‍ക്കിടെയില്‍ വന്‍ ഡിമാന്റാണ്. 
 
ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഭാവി ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കവെ ചെറിയൊരു സമ്പാദ്യവുമായാണ് അഗളിയിലേക്ക് തിരിച്ചതെന്ന് സലീം പറയുന്നു. ആദ്യം പാട്ടത്തിനെടുത്ത ഭൂമിയില്‍ വാഴയും കപ്പയുമാണ് കൃഷി ചെയ്തത്. വര്‍ഷത്തില്‍ മാത്രമേ വിളവെടുക്കാനാവൂ എന്നതിനാല്‍ കുറച്ചുകൂടി ആദായകരമായ കൃഷിയിലേക്ക് തിരിയുകയായിരുന്നു.
 
ഏക്കറിന് വര്‍ഷം 10,000 രൂപയാണ് പാട്ടമായി നല്‍കേണ്ടത്. ഇത് കഴിച്ചാലും പ്രവാസജീവിതത്തിലെ വരുമാനത്തേക്കാള്‍ സമ്പാദ്യമുണ്ടാക്കാന്‍ കഴിയുമെന്ന് ഇരുവരും പറയുന്നു. നിതാഖാതും മറ്റും കാരണം ഗള്‍ഫില്‍ നിന്ന് തിരിച്ചുവരുന്നവര്‍ക്കും ആശ്രയിക്കാവുന്ന നല്ലൊരു വരുമാനമാര്‍ഗമാണ് പട്ടുനൂല്‍കൃഷിയെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. 
 
അധ്വാനത്തേക്കാള്‍ ഉപരി ശ്രദ്ധയോടെയുള്ള പരിചരണമാണ് ഈ കൃഷിയില്‍ ശ്രദ്ധിക്കേണ്ട പ്രധാനഘടകം. കാലാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റം പുഴുവിന് ദോഷംവരാതിരിക്കാനും ശ്രദ്ധിക്കണം. സംസ്ഥാന സില്‍ക്ക്‌ബോര്‍ഡും മറ്റും പ്രവാസികള്‍ക്കായി 30 ശതമാനം സബ്‌സിഡിയോടെ വായ്പ അനുവദിക്കുന്നുണ്ട്. പാലക്കാട് ജില്ലാ മള്‍ബറി കര്‍ഷക സൊസൈറ്റി ഈ രംഗത്ത് ബോധവത്കരണം നടത്തുന്നുണ്ട്.

Search site