പ്രമേഹവും ലക്ഷണങ്ങളും

എന്താണ് പ്രമേഹം?

    എന്തുകൊണ്ടാണ് ആഗോളവ്യാപകമായി ഈ രോഗം ഇത്രവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്? അതിനുള്ള ഉത്തരം ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജീവിതശൈലിയുടെ മാറ്റമാണ്. കാര്‍ഷികവൃത്തി ഓഫീസ്ജോലിയിലേക്കു വഴിമാറിയപ്പോള്‍ കായികാധ്വാനം തീര്‍ത്തും ഇല്ലാതാവുകയും ആഹാരരീതി പാടേ മാറുകയും ചെയ്തു. സ്വന്തം മണ്ണില്‍ വിളയിച്ചിരുന്ന കായ്കറികള്‍ക്കും ഇലക്കറികള്‍ക്കും പകരം മാംസഭക്ഷണവും ഫാസ്റ്റ്‌ഫുഡ് വിഭവങ്ങളും നിത്യഭക്ഷണമായി. എണ്ണയുടെ ഉപയോഗം കൂടി. നടക്കാന്‍ മലയാളി മറന്നു. എന്നാല്‍ മാനസികപിരിമുറുക്കത്തിന് ഒരു കുറവുമില്ല. പ്രമേഹത്തിന് കടന്നുവരാന്‍ ഇതൊക്കെ ധാരാളം. അതുകൊണ്ടുതന്നെ ജീവിതശൈലീരോഗങ്ങളുടെ (life style diseases) പട്ടികയില്‍ പ്രമേഹം ഒന്നാംസ്ഥാനത്തു നില്‍ക്കുന്നു. വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ രോഗത്തിന്റെ ഗൌരവം കണക്കിലെടുത്ത് നവംബര്‍ 14 ലോകപ്രമേഹദിനമായി ആചരിച്ചുവരുന്നു.
    സാധാരണഗതിയില്‍ രക്തത്തിലെ ഗ്ളൂക്കോസ് നില 90 mg/100 ml ആണ്. ഗ്ളൂക്കോസ് നില ക്രമീകരിക്കുന്നതിലെ പാളിച്ചകള്‍ ഹൈപ്പര്‍ഗ്ളൈസീമിയ (അമിതനില), ഹൈപ്പോഗ്ളൈസീമിയ (കുറഞ്ഞനില) എന്നിങ്ങനെ രണ്ടു തരത്തില്‍ സംഭവിക്കുന്നു. ഇതില്‍ അമിതഗ്ളൂക്കോസ് നിലയാണ് ഡയബറ്റിസ് മെലിറ്റസ് അഥവാ പ്രമേഹം എന്നറിയപ്പെടുന്നത്. ടൈപ്പ്1, ടൈപ്പ് 2 എന്നിങ്ങനെ രണ്ടു തരം  പ്രമേഹമുണ്ട്. ടൈപ്പ് 1ന് ഇന്‍സുലിന്‍ കുത്തിവച്ചുള്ള ചികില്‍സ നിരബന്ധമാണെങ്കില്‍ ടൈപ്പ് 2 മറ്റു ചികില്‍സാരീതികളിലൂടെ നിയന്ത്രിക്കാനാവുന്നു.
    അമിതദാഹവും ഇടയ്ക്കിടയ്ക്കുണ്ടാവുന്ന മൂത്രശങ്കയുമാണ് പ്രമേഹത്തിന്റെ രണ്ടു പ്രധാന രോഗലക്ഷണങ്ങള്‍. ക്രമേണ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി തകിടം മറിയുന്നു. നിരവധി രോഗങ്ങള്‍ക്ക് നാം കീഴ്പ്പെടുന്നു. അവയവങ്ങളെ ഒന്നൊന്നായി രോഗം വേട്ടായാടുന്നു. മരുന്നുകള്‍ ഫലിക്കാതെ വരുന്നതാണ് രോഗി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
    ചുരുക്കത്തില്‍ മരണംവരെ നമ്മെ പിന്തുടരുന്ന ഈ മാരകരോഗം ജീവിതത്തിലെ എല്ലാ സന്തോഷങ്ങളെയും ഊതിക്കെടുത്തുന്നു. പിറന്നാളിനും ഓണത്തിനും അല്‍പം പായസം നുണയാനുള്ള ഭാഗ്യംപോലുമില്ലാതെ കഴിയേണ്ടിവരുക എന്നത് എത്ര ദയനീയമാണ്. എണ്ണ വറ്റിയ വിളക്കുപോലെ ജീവിതം കരിന്തിരി കത്തുന്ന അവസ്ഥ!
ലോകമെങ്ങും പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 200 ദശലക്ഷത്തിനും മുകളില്‍ പ്രമേഹരോഗികള്‍ ലോകത്തുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ ജീവിതശൈലി കേരളത്തെയും പ്രമേഹത്തിന്റെ നാടാക്കി മാറ്റിയിരിക്കുന്നു. 40 ലക്ഷം മലയാളികള്‍ ഇന്ന് പ്രമേഹരോഗത്തിന്റെ അടിമകളാണ്. മുതിര്‍ന്ന മലയാളികളില്‍ അഞ്ചിലൊരാള്‍ക്ക് പ്രമേഹമുണ്ട്.
ഗ്ളൂക്കോസും ഇന്‍സുലിനും
    രക്തത്തിലെ ഗ്ളൂക്കോസും ഇന്‍സുലിനും തമ്മിലുള്ള അനുപാതം തെറ്റുമ്പോഴുണ്ടാകുന്ന രോഗാവസ്ഥയാണ് പ്രമേഹം. അതായത്, ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവുമൂലമോ ഇന്‍സുലിന്റെ പ്രവര്‍ത്തന മാന്ദ്യം മൂലമോ രക്തത്തില്‍ ഗ്ളൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണ് പ്രമേഹം എന്നു പറയാം.
    നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത് ആഹാരത്തില്‍നിന്നാണല്ലോ. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ളൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. ഈ ഗ്ളൂക്കോസിനെ ശരീരത്തില്‍ നടക്കേണ്ട രാസപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാന്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമാണ്. പാന്‍ക്രിയാസ് ഗ്രന്ഥിയാണ് ഈ ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നത്. ഇന്‍സുലിന്റെ അളവിലോ ഗുണത്തിലോ കുറവു സംഭവിച്ചാല്‍ ശരീരകലകളിലേക്കുള്ള ഗ്ളൂക്കോസിന്റെ ആഗിരണം കുറയും. ഇത് രക്തത്തിലെ ഗ്രൂക്കോസിന്റെ നില വ്യത്യാസപ്പെടാന്‍ കാരണമാകും. അതോടെ മൂത്രത്തില്‍ ഗ്ളൂക്കോസിന്റെ സാന്നിധ്യം കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിലെ ഗ്ളൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് പെട്ടെന്ന്  ഉയരുകയോ താഴുകയോ ചെയ്താല്‍ അപകടം സംഭവിക്കുന്നു.
അമിതഗ്ളൂക്കോസ് നില (diabetes melitus)
    പ്രമേഹം എന്നതുകൊണ്ട് പൊതുവെ അര്‍ത്ഥമാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അമിതനിലയാണ്. വൈദ്യശാസ്ത്രത്തില്‍ ഇതിന് “ഡയബറ്റിസ് മെലിറ്റസ്’ എന്നു പറയും. വ്യായാമമില്ലാതെ കൂടുതല്‍ ആഹാരം കഴിക്കുമ്പോള്‍ ഗ്ളൂക്കോസിന്റെ അളവും വര്‍ദ്ധിക്കും. അപ്പോള്‍ ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കേണ്ടി വരുന്നു. ഇങ്ങനെ ഇന്‍സുലിന്‍ ഉണ്ടാക്കുന്ന കോശങ്ങള്‍ അമിതസമ്മര്‍ദ്ദത്തിനു വിധേയമാവുകയും അവയുടെ പ്രവര്‍ത്തനം ക്രമേണ താറുമാറാകുകയും ചെയ്യും. നാം പ്രമേഹരോഗികളായി മാറുന്നത് അതുകൊണ്ടാണ്.  
 

Types of Diabetes

പ്രമേഹം പലതരം

   
    രോഗലക്ഷണത്തെ അടിസ്ഥാനമാക്കി പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ്, സെക്കന്ററി ഡയബറ്റിസ് എന്നിങ്ങനെ രണ്ടുതരത്തില്‍ പറയാറുണ്ട്.
പ്രൈമറി: പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ അല്ലെങ്കില്‍ രോഗങ്ങളുടെ അകമ്പടികളൊന്നുമില്ലാതെ കടന്നുവരുന്നതാണ് പ്രൈമറി ഡയബറ്റിസ്. ഇതിനെ പ്രാഥമികപ്രമേഹമെന്നും പറയാറുണ്ട്.
സെക്കന്ററി: ഏതെങ്കിലും രോഗത്തിന്റെ തുടര്‍ച്ചയായോ ചികില്‍സയുടെ ഭാഗമായോ ഉണ്ടാകുന്നതാണ് സെക്കന്ററി ഡയബറ്റിസ്. വിരളമായി മാത്രമാണ് ഇതു കണ്ടുവരുന്നത്.
    ഇവയില്‍ വ്യാപകമായി കണ്ടുവരുന്നത് പ്രൈമറി ഡയബറ്റിസ് ആണ്. പ്രാഥമികപ്രമേഹം രണ്ടുതരത്തിലുണ്ട്. ചികില്‍സയ്ക്ക് നിര്‍ബന്ധമായും ഇന്‍സുലിന്‍ വേണ്ടിവരുന്ന ടൈപ്പ് 1 പ്രമേഹവും ഇന്‍സുലിന്‍ കുത്തിവയ്പില്ലാതെ മറ്റു ചികില്‍സാമാര്‍ഗ്ഗങ്ങളുപയോഗിച്ച് നിയന്ത്രിക്കാവുന്ന ടൈപ്പ് 2 പ്രമേഹവും.
ടൈപ്പ് 1
 
    പാന്‍ക്രിയാസ് ഗ്രന്ഥികള്‍ ഇന്‍സുലിന്‍ ഉല്പാദനം നിര്‍ത്തുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ഏതുപ്രായക്കാരെയും ഈ രോഗം ബാധിക്കാമെങ്കിലും കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഇതിന് ജുവനൈല്‍ ഡയബറ്റിസ് എന്നും പറയുന്നു. ചെറുപ്പക്കാരിലും വളരെ അപൂര്‍വ്വമായി ടൈപ്പ് 2 പ്രമേഹം ഉണ്ടാകാറുണ്ട്. എന്നാല്‍ 40നു മുകളിലുള്ളവരില്‍ അത്യപൂര്‍വമായി മാത്രമേ കാണാറുള്ളൂ. ആകെയുള്ള പ്രമേഹരോഗികളില്‍ 4-5% മാത്രമാണ് ഈ വിഭാഗത്തില്‍ പെടുന്നത്. പരമ്പരാഗതമായി ഈ രോഗം വരാനുള്ള സാധ്യത കുറവാണെങ്കിലും അപൂര്‍വം ചിലരില്‍ കുടുംബപശ്ചാത്തലം കാരണമാകാറുണ്ട്.
    ഇന്‍സുലിന്റെ അളവ് അശേഷം ഇല്ലാതാവുന്ന അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹത്തിനുള്ളത്.  ഈ അവസ്ഥയില്‍ രക്തത്തിലെ ഗ്ളൂക്കോസ് അഥവാ പഞ്ചസാര ഉയര്‍ന്ന നിലയിലാവുന്നു. ഇവിടെ രോഗിയുടെ നില പെട്ടെന്ന് വഷളാവാനുള്ള സാധ്യതയേറെയാണ്. രോഗി പെട്ടെന്ന് diabetic ketoacidosis എന്ന വളരെ ഗുരുതരമായ അവസ്ഥയിലെത്തുന്നു. പഞ്ചസാരയുടെ നില ഉയരുമ്പോള്‍  കണ്ണ്, കിഡ്നി, ഹൃദയം, രക്തക്കുഴലുകള്‍, ഞരമ്പുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം തകരാറിലാക്കുന്നു. അതോടെ രോഗി പെട്ടെന്നു മരിച്ചുപോകാനിടയാകുന്നു.
രോഗലക്ഷണങ്ങള്‍:
        *  അമിത ദാഹം
        *  അമിതമായ മൂത്രം
        *  ഭാരം കുറയുക
        * അമിത വിശപ്പ് (ചില സമയങ്ങളില്‍)
    രോഗലക്ഷണങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കമോ ആഴ്ചകള്‍ക്കുള്ളിലോ പ്രത്യക്ഷപ്പെടും. ചികില്‍സ ലഭിക്കാതെ വരുമ്പോള്‍ പനി പോലുള്ള രോഗം പിടികൂടുന്നു. അപ്പോള്‍ പനിക്കു ചികില്‍സ തേടുകയാണ് പതിവ്. യഥാര്‍ത്ഥരോഗം കണ്ടുപിക്കാതെയും ചികില്‍സിക്കാതെയും തുടര്‍ന്നാല്‍ അമിത വിയര്‍പ്പ്, ചര്‍മ്മവരള്‍ച്ച. ഛര്‍ദ്ദി, കിതപ്പ്, വിശപ്പില്ലായ്മ, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ സംജാതമാകുന്നു.
രോഗകാരണം: ജീവിതശൈലിയോ പാരമ്പര്യമോ ഭക്ഷണരീതിയോ ഒന്നുമല്ല ടൈപ്പ് 1 പ്രമേഹത്തിന് ഇടയാക്കുന്നത്. ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ഐലറ്റ്സ് ഓഫ് ലാംഗര്‍ഹാന്‍സിലെ ബീറ്റാകോശങ്ങള്‍ നശിക്കാനിടയാകുന്നതാണ് രോഗകാരണമെന്നാണ് ആധുനിക ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ ബീറ്റാകോശങ്ങള്‍ നശിക്കാനുള്ള കാരണമെന്തെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ശരീരത്തിലെ പ്രതിരോധവ്യവസ്ഥ അബദ്ധത്തില്‍ ചില കോശങ്ങളെ നശിപ്പിച്ചുകളയാനിടയുണ്ട്.  ഓട്ടോ ഇമ്യൂണ്‍ ഡിസീസ് എന്ന ഈ രോഗാവസ്ഥയാണ് ടൈപ്പ് 1 പ്രമേഹമെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ചില അജ്ഞാതവൈറസുകളുടെ ആക്രമണം മൂലമാണെന്നും പറയപ്പെടുന്നുണ്ട്.
ചികില്‍സ: രോഗകാരണം ഏതായാലും ഇതിനുള്ള ചികില്‍സ ഇന്‍സുലിന്‍ കുത്തിവയ്ക്കലാണ്. അതുകൊണ്ടാണ് ഇന്‍സുലിന്‍ ആശ്രമിത പ്രമേഹം എന്ന് ടൈപ്പ് 1 പ്രമേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ഇന്‍സുലിന്‍ കണ്ടുപിടിക്കുന്നതിനുമുമ്പ് നിരവധി രോഗികള്‍ മരണപ്പെട്ടിരുന്നു. ടൈപ്പ് 1 പ്രമേഹം തടയാന്‍ മാര്‍ഗ്ഗമില്ല എന്നതാണ് വസ്തുത. എന്നാല്‍ സമീകൃതാഹാരവും പഞ്ചസാരയുടെ നിയന്ത്രണവുംകൊണ്ട് രോഗസാധ്യതയെ തടയുകയോ വൈകിക്കുകയോ ചെയ്യാം. ഒരിക്കല്‍ പിടികൂടിയാല്‍ ഒഴിയാബാധപോലെ പിന്‍തുടരുന്ന ഈ രോഗത്തിന്റെ ചികില്‍സയും ഒരു തുടര്‍ക്കഥയാകുന്നു.
ടൈപ്പ് 2
    ജീവിതശൈലിയും പാരമ്പര്യയും ആഹാരരീതിയും മൂലം സംജാതമാകുന്ന ടൈപ്പ് 2 ആണ് ഇന്ന് പൊതുവെ വ്യാപകമായി കണ്ടുവരുന്ന പ്രമേഹം. പ്രമേഹരോഗികളില്‍ 90-95% ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. മുമ്പ് 35 വയസിനു മുകളിലുള്ളവര്‍ക്കാണ് ഈ രോഗം പിടിപെട്ടിരുന്നതെങ്കില്‍ ഇന്ന് 18 വയസുമുതലുള്ളവരില്‍ ടൈപ്പ് 2 പ്രമേഹം കണ്ടുവരുന്നുണ്ട്. ചിട്ടയില്ലാത്ത ജീവിതം നയിക്കുന്നവരെയാണ് ഈ രോഗം പിടികൂടുന്നത്. കൊഴുപ്പും അമിതഭാരവും രോഗത്തെ വിളിച്ചുവരുത്തുകയാണ്.
രോഗകാരണം
    ടൈപ്പ് 2 പ്രമേഹക്കാരില്‍ ടൈപ്പ് 1 ലെന്നപോലെ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാതിരിക്കുന്നില്ല. എന്നിരുന്നാലും പാന്‍ക്രിയാസ് ആവശ്യത്തിനുള്ള ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാത്ത അവസ്ഥയോ അല്ലെങ്കില്‍ ശരീരത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം നടക്കാത്ത അവസ്ഥയോ ഉണ്ടാകുന്നു. ഇതിന് ഇന്‍സുലിന്‍ റെസിസ്റന്‍സ് (insulin resistance) എന്നു പറയുന്നു. ഇന്‍സുലിന്‍ കുറയുകയോ അല്ലെങ്കില്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്താല്‍ ശരീരകോശങ്ങള്‍ക്കാവശ്യമായ ഗ്ളൂക്കോസ് ലഭിക്കാതെ വരും. അതോടെ കോശങ്ങളിലെത്തേണ്ട ഗ്ളൂക്കോസ് രക്തത്തില്‍ കലരുന്നു. ശരീരകോശങ്ങളുടെ പ്രവര്‍ത്തനം നടക്കാതെ വരുന്നതോടെ സ്വാഭാവികമായും ചുവടെ പറയുന്ന തരത്തിലുള്ള  ആശയക്കുഴപ്പങ്ങളും ശരീരത്തില്‍ ഉടലെടുക്കും.
 
ലക്ഷണങ്ങള്‍: 
    * ശരീരവരള്‍ച്ച (dehydration)
രക്തത്തിലെ പഞ്ചസാര മൂത്രത്തിന്റെ അളവു കൂട്ടുന്നു. മൂത്രത്തിലൂടെ കിഡ്നികള്‍ ഗ്രൂക്കോസ് നഷ്ടപ്പെടുത്തുമ്പോള്‍ ശരീരത്തില്‍നിന്നും കൂടുതല്‍ വെള്ളം ചോര്‍ന്നുപോകുന്നു. ഇത് വരള്‍ച്ചയ്ക്ക് അത്  ഇടയാക്കുന്നു.
    * അബോധാവസ്ഥ (Diabetic Coma)
ശരീരത്തിന് അമിതമായ വരള്‍ച്ചയുണ്ടാകുമ്പോഴും ഫ്ളൂയിഡ് നഷ്ടമാവുമ്പോഴും അവ പരിഹരിക്കാനായി ധാരാളം പഴങ്ങള്‍ കഴിക്കേണ്ടതുണ്ട്. എന്നാല്‍ ഒരാള്‍ പ്രമേഹരോഗിയാവുന്നതോടെ പഴങ്ങളെ ദൂരെ നിര്‍ത്തേണ്ട ഗതികേടുണ്ടാവുന്നു. അതോടെരോഗി ക്ഷീണിച്ചുണങ്ങിപ്പോകുന്നു. ഇത് മാനസികമായ നൈരാശ്യത്തിനും ഇടവരുത്തുമെന്നതില്‍ സംശയമില്ല.
    * മരുന്നുകള്‍ ഫലിക്കാത്ത അവസ്ഥ
രോഗങ്ങളുണ്ടാകുമ്പോള്‍ ഡോക്ടര്‍ കൊടുക്കുന്ന മരുന്നുകള്‍ ഫലിക്കാതെപോകുന്ന അവസ്ഥയാണ് ഏറ്റവും രോഗിയുടെ ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങള്‍ കടക്കുന്നു.
    * അവയവനഷ്ടങ്ങള്‍: രക്തത്തിലെ അമിതഗ്ളൂക്കോസ് കണ്ണ്, കിഡ്നി, ഹൃദയം തുടങ്ങിയ അവയവങ്ങളിലേക്കുള്ള രക്തക്കുഴലുകളെയും ഞരമ്പുകളെയും താറാമാറാക്കും.  ഹൃദയസ്തംഭനത്തിനും സ്ട്രോക്കിനുമൊക്കെ ഇത് കാരണമാകുന്നു. ടൈപ്പ് 2 പ്രമേഹത്തിന്റെ പൊതുലക്ഷണങ്ങളില്‍ പലതും ടൈപ്പ് 1 നുള്ളതുതന്നെയാണ്.
    * അമിതദാഹം (Excessive thirst)
    * അമിതവിശപ്പ് (പ്രത്യേകിച്ചും ഭക്ഷണശേഷം) (Increased hunger, especially after eating).
    * വായ വരളുക (Dry mouth)
    * മനംപുരട്ടലും ഇടയ്ക്ക് ഛര്‍ദ്ദിയും (Nausea and occasionally vomiting)
    * തുടര്‍ച്ചയായ മൂത്രമൊഴിക്കല്‍ (Frequent urination)
    * ക്ഷീണവും തളര്‍ച്ചയും (Fatigue (weak, tired feeling)
    * കാഴ്ചമങ്ങല്‍ (Blurred vision)
    * കൈകാലുകളില്‍ മരവിപ്പ് (Numbness or tingling of the hands or fee)
    * ത്വക്കിലും മൂത്രാശയത്തിലും മറ്റും ഉണ്ടാകുന്ന അണുബാധ
 
ജീവിതശൈലീരോഗം: ടൈപ്പ് 2 പ്രമേഹം  ജീവിതശൈലീരോഗമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാരമ്പര്യം രോഗസാധ്യത കൂട്ടുന്നു എന്നത് മറ്റൊരു വശം. ഏതൊരാളെയും ഏതു സമയത്തും കടന്നാക്രമിക്കാന്‍ കാത്തുനില്‍ക്കുന്ന ഈ രോഗത്തിന്റെ വിത്തുകള്‍ സര്‍വ്വവ്യാപിയായതുകൊണ്ടുതന്നെ ഇതേക്കുറിച്ചുള്ള ഗവേഷണങ്ങളും പുതിയ പരീക്ഷണങ്ങളും ലോകമെങ്ങും നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഗവേഷണങ്ങള്‍ പ്രമേഹത്തിന്റെ കാരണങ്ങളിലേക്കും പുത്തന്‍ ചികില്‍സാരീതികളിലേക്കും വെളിച്ചം വീശുന്നുണ്ട്

Search site