പ്രണയം സാക്ഷി; 'മൊയ്തീന്‍ കാഞ്ചനമാല'യ്ക്ക് പ്രകാശനം

'ഇങ്ങനെ മറ്റുള്ളവര്‍ ഓര്‍മിക്കുമ്പോഴാണ് മൊയ്തീന്‍ മരിച്ചുപോയി എന്ന് ഞാനറിയുന്നത്. അല്ലാത്ത സമയത്തൊക്കെ അദ്ദേഹം എപ്പോഴും അടുത്തുതന്നെയുണ്ട് എന്നാണ് എനിക്ക് അനുഭവപ്പെടാറ്' - പ്രണയത്തിന്റെ മരിക്കാത്ത മുദ്രയായ കാഞ്ചനമാല പറഞ്ഞു. സ്വന്തം ജീവിതകഥ അക്ഷരരൂപമാര്‍ന്നതിന് സാക്ഷിയാകുകയായിരുന്നു അവര്‍. 
 
 'മാതൃഭൂമി' ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'മൊയ്തീന്‍ കാഞ്ചനമാല' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങാണ് പ്രണയത്തിന്റെ ജ്വലിക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചത്. സിനിമയിലെ പ്രണയജോഡികളായ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. പുനത്തില്‍ കുഞ്ഞബ്ദുള്ള അധ്യക്ഷനായി. 'പ്രണയമില്ലെങ്കില്‍ ജീവിതമില്ല. ഈ പ്രായത്തിലും പ്രണയിച്ചുകൊണ്ടേയിരിക്കുകയാണ് ഞാന്‍. എന്റെ പതിനേഴാമത്തെ പ്രണയിനിയാണിപ്പോഴുള്ളത്' - പുനത്തില്‍ സ്വന്തം ശൈലിയില്‍ സദസ്സിനെ ചിരിപ്പിച്ചു. പണ്ട്, 'മാതൃഭൂമി'ക്കു വേണ്ടി ബാംഗ്ലൂരില്‍ നിന്ന് ചിത്രമെടുത്ത്ആറ് മണിക്കൂര്‍കൊണ്ട് കോഴിക്കോട്ടെത്തിച്ച സാഹസികനായ മൊയ്തീനേയും അദ്ദേഹം ഓര്‍മിച്ചു. മനുഷ്യന്‍ മനുഷ്യനെ സംഗീതംപോലെ സ്‌നേഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് ഓര്‍മപ്പെടുത്തുന്നതാണ് ഈ പുസ്തകമെന്ന് ആഷിഖ് അബു പറഞ്ഞു. ഈ ലോകത്തെ ഏറ്റവും വലിയ ശക്തി സ്‌നേഹമാണെന്നായിരുന്നു റിമ കല്ലിങ്കലിന്റെ വാക്കുകള്‍. എല്ലാം മരിച്ചു കഴിഞ്ഞാലും പ്രണയം മാത്രം നിലനില്‍ക്കുമെന്ന് സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍ പറഞ്ഞു. 
 
 കോഴിക്കോട് മുക്കം സ്വദേശിയായ ബി.പി. മൊയ്തീന്റെയും പ്രണയിനി കാഞ്ചനമാലയുടെയും ജീവിതകഥയാണ് 'മൊയ്തീന്‍ കാഞ്ചനമാല' എന്ന പുസ്തകം. പത്രപ്രവര്‍ത്തകനായ പി.ടി. മുഹമ്മദ് സാദിഖ് മാതൃഭൂമി ആഴ്ചപ്പതിലെഴുതിയ മൊയ്തീന്‍ കാഞ്ചനമാല പ്രണയകഥയാണ് പുസ്തകരൂപത്തില്‍ പുറത്തിറക്കിയിട്ടുള്ളത്. 
 
 കൊച്ചിയിലെ കഫേ പപ്പായയില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ബുക്‌സ് അസിസ്റ്റന്റ് മാനേജര്‍ ജോര്‍ജി തോമസ് സ്വാഗതവും ഗ്രന്ഥകര്‍ത്താവ് പി.ടി. മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.

Search site