പ്രകൃതി സനേഹം ‘മുള’യില്‍ മുളയിട്ട് അബ്ദുള്‍ റസാഖ്

ഇന്ന് ലോക മുള ദിനം

പച്ചപ്പിന്റെ ഒരു നേര്‍ ഛേദത്തെ വീട്ടുമുറ്റത്തൊരുക്കി ശ്രദ്ധേയനായ അബ്ദുള്‍ റസാഖ് വീണ്ടും ശ്രദ്ധേയനാകുന്നു. ലോക മുള ദിനത്തില്‍ ലോകത്തെമ്പാടുമുള്ള മുപ്പതില്‍പരം ഇനം മുളകള്‍ തന്റെ ഔഷധ തോട്ടത്തില്‍ എത്തിച്ചാണ് പരപ്പനങ്ങാടി കൊടപ്പാളിയിലെ മുണ്ടായപ്പുറത്തെ അബ്ദുള്‍ റസാഖ് ഈ ദിനം ആഘോഷിക്കുന്നത്.
 
 
മുളകളില്‍ 80 അടി ഉയരവും വണ്ണവും കൂടിയ ആനമുള മുതല്‍ 1 മീറ്റര്‍ മാത്രം ഉയരമുള്ള ബുഷ് ബാംബു വരെ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. അന്തമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ നിന്നുള്ള വള്ളി മുളയും, ജപ്പാനില്‍ നിന്നുള്ള ബുദ്ധമുളയും, ഉള്ളില്‍ പൊളളയില്ലാത്ത തടിരൂപത്തിലൂള്ള എലങ്കോല്‍ മുളയും മുള്ളു കമ്പുമില്ലാത്ത സ്റ്റിക്കിമെന്‍സിസ,് കോണ്‍ക്രീറ്റ് കാലുകളായി ഉപയോഗിക്കുന്ന ലാറ്റിനമേരിക്കയില്‍ നിന്നുള്ള ഗഡുവ മുള, കുടക്കാല്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന പെന്‍സില്‍ മുള, പേനയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പൊന്നോട , 70 അടി ഉയരത്തില്‍ വളരുന്ന ബിലാത്തി മുള, കര്‍ട്ടണ്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന മലയോട, പോലീസ് ലാത്തിക്കുപയോഗിക്കുന്ന ലാത്തി മുള തുടങ്ങി മുളയുടെ വൈവിധ്യം തന്നെയാണ് തന്റെ വീട്ടുമുറ്റത്തെ പരിമിതമായ സ്ഥലത്ത് ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്.
 
വയനാട, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 50 രൂപമുതല്‍ 200 രൂപവരെ വില നല്‍കിയാണ് ഇവ ശേഖരിച്ചതെന്ന് അബ്ദുള്‍ റസാഖ് പറഞ്ഞു.
 
ഈ പ്രകൃതി സ്‌നേഹി ഒരുക്കിയ മുളത്തൈക്കൂട്ടം നാളത്തെ തലമുറക്ക് പ്രകൃതി സ്‌നേഹത്തിന്റെ പുതു’മുള’ നാമ്പുകളാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Search site