പോളിയോ വാക്‌സിനു പകരം ഹെപ്പറ്റൈറ്റിസ് ബി: കൊല്‍ക്കത്തയില്‍ 67 കുട്ടികള്‍ ആസ്പത്രിയില്‍

പോളിയോ വാക്‌സിനു പകരം ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തിയില്‍ 67 കുട്ടികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പോളിയോ വാക്‌സിന്‍ വിതരണത്തിനിടെ ഞായറാഴ്ചയാണ് സംഭവം.
 
കൊല്‍ക്കത്തയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഗോഘാട്ടിലെ പ്രൈമറി സ്‌കൂളിലാണ് അബദ്ധം പറ്റിയത്. 14 മാസം പ്രായമായ കുട്ടിക്ക് തുള്ളിമരുന്ന് നല്‍കാനെത്തിയ രക്ഷിതാവാണ് സംഭവം അധികൃതരെ അറിയിച്ചത്. ഹെപ്പറ്റൈറ്റിസ് ബി എന്ന് മരുന്നുകുപ്പിയില്‍ രേഖപ്പെടുത്തിയത് കണ്ട് ഇയാള്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.
 
ഇതിനകം 114 കുട്ടികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ തുള്ളിമരുന്ന് വാക്‌സിന്‍ രൂപത്തില്‍ നല്‍കിയിരുന്നു. ഹൈപ്പറ്റൈറ്റിസ് ബി കുത്തിവെപ്പിലൂടെയാണ് നല്‍കേണ്ടതെന്നും എന്നാല്‍ വായയിലൂടെ തുള്ളിമരുന്നായി നല്‍കിയതുകൊണ്ട് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ആറാംബാഗ് സബ് ഡിവിഷന്‍ ആസ്പത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
 
രോഷകുലരായ രക്ഷിതാക്കള്‍ ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞുവെച്ചു. അവസാനം പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പിലെ നാലുപേരെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Search site