പൊന്നാനിയില്‍ കെ ടി ജലീല്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും; പ്രചരണം തുടങ്ങി?

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കെടി ജലീല്‍ ഒരുങ്ങുന്നു. പൊന്നാനി മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കാനാണ് ജലീലിന്റെ തീരുമാനം. ഇതുമായി ആദ്യഘട്ട ചര്‍ച്ചകള്‍ ഇടതു നേതാക്കളുമായി നടന്നതായും, അവര്‍ സമ്മതം മൂളിയതായും സൂചനയുണ്ട്. കെടി ജലീല്‍ താന്‍ മത്സരിക്കാന്‍ സാധ്യതയുള്ള പൊന്നാനി മണ്ഡലത്തില്‍ തനിക്കായി രഹസ്യ പ്രചരണവും ആരംഭിച്ചിട്ടുണ്ട്.
 
പതിനഞ്ചാം ലോക്‌സഭയില്‍ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ചത് മുസ്ലീം ലീഗിന്റെ സമുന്നത നേതാവായ ഇ ടി മുഹമ്മദ് ബഷീറാണ്. ഇദ്ദേഹം തന്നെയാകും, ഇത്തവണയും പൊന്നാനിയില്‍ മത്സരിക്കുക. ഇടിയ്ക്ക് ശക്തമായ ഒരു എതിരാളിയെ നിയമിക്കണമെന്ന തീരുമാനമാണ് കെ ടി ജലീലിന്റെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടത് നിര്‍ബന്ധിതരാകുന്നത്. കെ ടി ജലീലിന്റെ തിരഞ്ഞെടുപ്പ് വിജയ ചരിത്രം ലീഗിന് ആശങ്കയുണ്ടാക്കുന്നതാണ്.
 
നേരത്തെ ലീഗില്‍ നിന്നും അഭിപ്രായ വ്യത്യാസം മൂലം പുറത്തിറങ്ങിയ കെടി ജലീല്‍ 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിലവിലെ മന്ത്രിയായ കുഞ്ഞാലിക്കുട്ടിയെ എണ്ണായിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. കുറ്റിപ്പുറത്ത് അഞ്ച് തവണ തുടര്‍ച്ചയായി വിജയിച്ച കുഞ്ഞാലിക്കുട്ടിയ്ക്ക് ഇത് തന്റെ രാഷ്‌ട്രീയ ചരിത്രത്തിലെ വന്‍ തിരിച്ചടിയായിരുന്നു. തുടര്‍ന്ന് 2011 ല്‍ തവനൂരില്‍ നിന്നും കെടി ജലീല്‍ വീണ്ടും നിയമസഭാംഗമായി. അതിനാല്‍ തന്നെ കെടി ജലീലിനെ നേരിടാന്‍ ശക്തമായ ആസൂത്രണം വേണമെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ക്ക് അറിയാം.
 
എന്നാല്‍ ജനപ്രിയനായ കെ ടി ജലീലിനെ പരാജയപ്പെടുത്താന്‍ മുസ്ലീം ലീഗ് നേതാക്കള്‍ക്ക് അല്‍പ്പമൊന്ന് വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് തന്നെയാണ് രാഷ്‌ട്രീയ നിരീക്ഷണം. ലീഗ് സ്വന്തം നിലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് കെടി ജലീലും വാക്കാല്‍ ഉറപ്പുള്ള സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പതിവിലും വളരെ നേരത്തെ തന്നെ പൊന്നാനി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടില്‍ ആയിരിക്കുന്നുവെന്നത് പരസ്യമായ ഒരു രഹസ്യമായി നിലനില്‍ക്കുന്നു.

Search site