പെഡ്രോയുടെ ഹാട്രിക്കില്‍ ബാര്‍സക്ക് വന്‍ജയം; ബോള്‍ പൊസഷനില്‍ ആധിപത്യം നഷ്ടമായി

റയോ വലകാനോയെ ഏകപക്ഷീയമായ നാലു ഗോളിന് തകര്‍ത്ത് ബാര്‍സലോണ സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. പെഡ്രോ റോഡ്രിഗസിന്റെ ഹാട്രിക്കും ഫാബ്രിഗസിന്റെ ഗോളുമാണ് ബാര്‍സക്ക് വന്‍ജയം സമ്മാനിച്ചത്. അതേസമയം, അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ബാര്‍സക്ക് ബോള്‍ പൊസഷനിലെ ആധിപത്യം നഷ്ടമായി.
 
ടിക്കി - ടാക്ക ശൈലിയില്‍ ചെറുപാസുകളുമായി കളിക്കുന്ന ബാര്‍സലോണ 2008 മെയ് ഏഴിനു ശേഷം എല്ലാ മത്സരങ്ങളിലും 50 ശതമാനത്തിലധികം ബോള്‍ പൊസഷന്‍ സ്വന്തമാക്കിയിരുന്നു. 317 മത്സരങ്ങളില്‍ ബാര്‍സ ഈ റെക്കോര്‍ഡ് തുടര്‍ന്നു. എന്നാല്‍ ഇന്നലെ വലകാനോ 51 ശതമാനം പൊസഷന്‍ സ്വന്തമാക്കി തങ്ങളുടെ പരാജയഭാരം കുറച്ചു.
 
സെര്‍ജിയോ ബുസ്‌ക്വെക്ക് പകരം മിഡ്ഫീല്‍ഡില്‍ അലക്‌സ് സോംഗിനെ കളിപ്പിച്ച കോച്ച് ജെറാഡോ മാര്‍ട്ടിനോയുടെ നീക്കമാണ് പൊസഷന്‍ കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. പന്ത് കൈവശം വെക്കാതെ പെട്ടെന്ന് പാസ് ചെയ്ത് ഒഴിവാക്കുന്ന ശൈലിയാണ് സോംഗിന്റേത്. മിഡ്ഫീല്‍ഡില്‍ ആധിപത്യം സ്ഥാപിക്കാറുള്ള ഇനീസ്റ്റയെ കോച്ച് 75-ാം മിനുട്ടില്‍ മാത്രമാണ് കളത്തിലിറക്കിയതും. പതിവ് ടിക്കി - ടാക്കക്ക് പകരം എതിരാളികളെ കളിക്കാന്‍ വിട്ട് കൗണ്ടര്‍ അറ്റാക്ക് ചെയ്യുന്ന 'പ്ലാന്‍ ബി'യാണ് മാര്‍ട്ടിനോ ഈ സീസണില്‍ അധികവും പരീക്ഷിച്ചത്.

Search site