പുത്തന്‍ ഒക്ടാവിയയുമായി ഇന്ത്യന്‍ വാഹന വിപണിയില്‍ സ്‌കോര്‍ ചെയ്യാന്‍ സ്‌കോഡ

മത്സരങ്ങള്‍ക്ക് കടുപ്പമേറുമ്പോള്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. വാഹനവിപണിയില്‍ എല്ലാ പ്രമുഖ നിര്‍മ്മാതാക്കളും ഈ തത്ത്വം പിന്‍തുടരുന്നു. ചെക്ക് കാര്‍ നിര്‍മ്മാണ കമ്പനിയായ സ്‌കോഡയും ഇപ്പോള്‍ ആ വഴിക്കാണ്. 
 
രാജകീയ പ്രൗഡിയും യാത്ര സുഖവും പ്രധാനം ചെയ്യുന്ന ഒക്ടാവിയയെ എന്ന പ്രീമിയം സെഡാനെയാണ് സ്‌കോഡ ചില മിനുക്കുപണികള്‍ നടത്തി ഇന്ന് ഇന്ത്യന്‍ വിപണിയിലിറക്കുവാന്‍ പോവുന്നത് ആഗോളതലത്തില്‍ സ്‌കോഡ പുറത്തിറക്കിയ ഈ മൂന്നാം തലമുറ ഒക്ടാവിയയില്‍ അകമേയും പുറമേയും നിരവധി മാറ്റങ്ങളാണ് സ്‌കോഡ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
 
യൂറോപ്യന്‍ രാജ്യങ്ങളില്‍ 2013ല്‍ പുറത്തിറങ്ങിയ സ്‌കോഡ റാപ്പിഡുമായി ഡിസൈനില്‍ ചെറിയ സാദൃശ്യങ്ങളുണ്ട് പുതിയ ഒക്ടാവിയയ്ക്ക്. കാരണം ഈ രണ്ടു കാറുകളും സ്‌കോഡയുടെ വിഷന്‍ ഡി കണ്‍സെപ്റ്റനുസരിച്ച് രൂപകല്‍പ്പന ചെയ്തതാണ്.
 
വശങ്ങളിലും മറ്റും രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റങ്ങളാണ് പുതിയ ഒക്ടാവിയ കാഴ്ച്ചവെക്കുക. നീളം 90എം.എം വീതി 45എം.എം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വീല്‍ബേസിന്റെ കാര്യത്തില്‍ 108എം.എം ആണ് വര്‍ദ്ധന. ഇത് അകത്തും ഡിക്കിയിലും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
 
ഈ വര്‍ദ്ധനയൊന്നും പക്ഷെ ഒക്ടാവിയയുടെ ഭാരം കൂട്ടുന്നില്ല, പകരം 102 കിലോഗ്രാം കുറയ്ക്കുന്നേയുള്ളൂ. ഫോക്‌സ് വാഗണിന്റെ എം.ക്യു.ബി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള രൂപകല്‍പ്പനയാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ മികച്ച സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ടാകുമെന്ന് കരുതുന്നു.
 
പുതിയ ഒക്ടാവിയ 2 വേര്‍ഷനുകളിലായിരിക്കും ലഭ്യമാകുക. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോടു കൂടിയ ഒരു മോഡലും, 2 ലിറ്റര്‍ ടി.ഡി.ഐ ഡീസല്‍ മോഡലും. പ്രകടനത്തിന്റെ കാര്യത്തില്‍ ഈ രണ്ട് എഞ്ചിനുകളും വളരെ മുന്നിലാണ്. 6 സ്പീഡ മാനുവല്‍ ഗിയര്‍ വേര്‍ഷനിലും ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ വേര്‍ഷനിലും പുതിയ ഒക്ടാവിയ ലഭ്യമാകും.
 
പ്രീമിയം സെഡാന്‍ വിഭാഗത്തില്‍ മത്സരിക്കാനൊരുങ്ങുന്ന ഒക്ടാവിയ, ടൊയോട്ടയുടെ കൊറോള ആള്‍ട്ടിസ്, ഷെവര്‍ലെ ക്രൂസ്‌, ഹ്യുണ്ടായി എലാന്‍ഡ്ര എന്നീ വമ്പന്മാരോടൊക്കെയാണ് കൊമ്പുകോര്‍ക്കാനിറങ്ങുന്നത്. ഏതായാലും ഡി സെഗ്മന്റില്‍ ചില വമ്പന്മാരുടെ കാലിടറുമെന്ന് ഉറപ്പാണ്.

Search site