പുതിയ ഫീച്ചര്‍ : ഫോട്ടോ ആല്‍ബങ്ങളുണ്ടാക്കാന്‍ ഫെയ്‌സ്ബുക്കില്‍ ഇനി സഹകരിക്കാം

ഒരാള്‍ തന്റെ നാട്ടിലെ ഫോട്ടോകള്‍ ഉള്‍പ്പെട്ട ആല്‍ബം ഫെയ്‌സ്ബുക്കില്‍ സൃഷ്ടിക്കുന്നുവെന്ന് കരുതുക. നാട്ടുകാരായ സുഹൃത്തുക്കള്‍ക്ക് ആ ആല്‍ബത്തിലേക്ക് ഫോട്ടോ ചേര്‍ക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ചിലപ്പോള്‍ ആഗ്രഹിച്ചെന്നിരിക്കും.

 ഇത്രകാലവും അത്തരമൊരു സാധ്യത ഫെയ്‌സ്ബുക്കിലില്ലായിരുന്നു. ഇനി അതിന് കഴിയും. ഫോട്ടോ ആല്‍ബങ്ങളുണ്ടാക്കാന്‍ സുഹൃത്തുക്കള്‍ക്ക് സഹകരിക്കാന്‍ സാധിക്കുന്ന തരത്തില്‍ 'ഷെയേര്‍ഡ് ഫോട്ടോ ആല്‍ബം' ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു.

 ഈ ഫീച്ചര്‍ എല്ലാ ഫെയ്‌സ്ബുക്ക് അംഗങ്ങള്‍ക്കും ഉടന്‍ ലഭിക്കുമെന്ന് കരുതരുത്. സംഭവം ഇംഗ്ലീഷ് ഉപയോക്താക്കളില്‍ ചെറിയൊരു ഗ്രൂപ്പിനാണ് ആദ്യം ലഭിക്കുക. ക്രമേണ, മുഴുവന്‍ അംഗങ്ങള്‍ക്കും അത് എത്തിക്കാനാണ് ഫെയ്‌സ്ബുക്കിന്റെ നീക്കം.

 'ഒരേ ആല്‍ബത്തില്‍ ഒട്ടേറെപ്പേര്‍ക്ക് ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ് ഷെയേര്‍ഡ് ആല്‍ബം' - ഫെയ്‌സ്ബുക്ക് അറിയിച്ചു. 'അത്തരത്തിലൊരു ആല്‍ബം നിങ്ങള്‍ സൃഷ്ടിച്ചാല്‍ അതില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ ചേര്‍ക്കാന്‍ കഴിയും'.

 ഫെയ്‌സ്ബുക്ക് അംഗങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിച്ചത്. ഒരേ സംഭവത്തില്‍ പങ്കെടുക്കുന്ന വ്യത്യസ്തരായ ആളുകള്‍ക്ക് ഒരു പൊതു ആല്‍ബമുണ്ടാക്കാനും, ഒരേ കുടുംബത്തില്‍ പെട്ടവര്‍ക്ക് പൊതുവായ കുടുംബ ആല്‍ബം സൃഷ്ടിക്കാനുമൊക്കെ ഇത് സഹായിക്കും.

 ഒരു ഷെയേര്‍ഡ് ആല്‍ബത്തില്‍ ചിത്രം ചേര്‍ക്കാന്‍ പരമാവധി 50 പേരെ ക്ഷണിക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍ . ഓരോരുത്തര്‍ക്കും 200 ഫോട്ടോ വീതം ചേര്‍ക്കാനും കഴിയും. അതവരുടെ ഫെയ്‌സ്ബുക്ക് ടൈംലൈനില്‍ കാണുകയുമാവാം.

 നിലവില്‍ ഒരു ഫെയ്‌സ്ബുക്ക് അംഗമുണ്ടാക്കുന്ന ഫോട്ടോ ആല്‍ബത്തില്‍ അയാള്‍ക്ക് മാത്രമേ ചിത്രങ്ങള്‍ ചേര്‍ക്കാനാകൂ. ഒരു ആല്‍ബത്തില്‍ പരമാവധി ആയിരം ഫോട്ടോ മാത്രം. പുതിയ ഫീച്ചറില്‍ ഒരു ആല്‍ബത്തില്‍ 50 പേര്‍ക്ക് വരെ ചിത്രങ്ങള്‍ ചേര്‍ക്കാനാകും. 10,000 ഫോട്ടോ വരെ അത്തരം ഷെയേര്‍ഡ് ആല്‍ബത്തില്‍ ഉള്‍പ്പെടുത്താം.

 മാത്രമല്ല, ഷെയേര്‍ഡ് ആല്‍ബത്തില്‍ ചിത്രം ചേര്‍ക്കുന്നവര്‍ക്ക് അവരുടെ സുഹൃത്തുക്കളെ ആല്‍ബത്തിലേക്ക് ക്ഷണിക്കണമെങ്കില്‍ , ആല്‍ബം സൃഷ്ടിച്ചയാള്‍ സെറ്റിങ്‌സില്‍ മാറ്റം വരുത്തിയാല്‍ മതി ( കടപ്പാട് : മാഷബിള്‍ ).

Search site