പി.എം ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും: ഗള്‍ഫാര്‍ മുഹമ്മദലി

കഴിഞ്ഞ 25 വര്‍ഷമായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു വരുന്ന പി.എം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഫൗണ്ടേഷന്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ഡോ. പി. മുഹമ്മദലി ഗള്‍ഫാര്‍ അറിയിച്ചു. ഫൗണ്ടേഷന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നാളെ രാത്രി 7.30ന് ദുബൈ ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ പ്രസിദ്ധ നിയമജ്ഞന്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ പ്രഭാഷണ പരിപാടി ഒരുക്കിയതുമായി ബന്ധപ്പെട്ട് മിഡില്‍ ഈസ്റ്റ് ചന്ദ്രികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
തിരിഞ്ഞു നോക്കുമ്പോള്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലമായി കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ ഫൗണ്ടേഷന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷങ്ങള്‍ പിന്നാക്കമായത് മനസ്സിലാക്കി പരിഹാര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ പ്രസ്ഥാനമാണ് പി.എം ഫൗണ്ടേഷന്‍. നാം എവിടെ നില്‍ക്കുന്നുവെന്ന് കാണിച്ചു കൊടുക്കാനും ഈ വിഷയത്തില്‍ ശക്തമായൊരു അവബോധം സൃഷ്ടിക്കാനും സാധിച്ചുവെന്നത് ചെറിയ കാര്യമല്ല. മറ്റുള്ളവര്‍ക്ക് ഇതൊരു മാതൃകയാണ്. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ പഠനം നടത്തി കണ്ടെത്തിയ യഥാര്‍ത്ഥ സ്ഥിതിയെന്തെന്നു ഉള്‍ക്കിടിലത്തോടെ ബോധ്യപ്പെടുത്തുന്നതായിരുന്നു. ചിന്തിക്കുന്നവര്‍ക്കൊക്കെ കണ്‍തുറന്ന് കാണാനുള്ള സന്ദര്‍ഭവും. 
 
''1970കളിലാണ് ഞാന്‍ ഗള്‍ഫിലെത്തിയത്. അക്കാലത്ത് കേരളത്തില്‍ എം.ഇ.എസ് പോലുള്ള സാംസ്‌കാരിക സംഘടനകള്‍ മാത്രമേ വിദ്യാഭ്യാസ രംഗത്ത് കാര്യമായി ഉണ്ടായിരുന്നുള്ളൂ. ഉന്നത വിദ്യാഭ്യാസത്തിന് അവസരങ്ങള്‍ തുലോം കുറഞ്ഞ കാലഘട്ടമായിരുന്നു അത്. എഞ്ചിനീയറിംഗ്, മെഡിസിന്‍ പോലുള്ള മേഖലകളിലേക്ക് മാത്രം നോക്കിയിരുന്ന അവസ്ഥ. രാഷ്ട്രീയ രംഗത്ത് മുസ്‌ലിം ലീഗ് മുസ്‌ലിംകളുടെ ശക്ത സാന്നിധ്യമായി നിലനില്‍ക്കുന്നു. എങ്കിലും, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയ മാറ്റം കണ്ടു തുടങ്ങിയിരുന്നില്ല. അങ്ങനെ കരുത്തുറ്റ സാന്നിധ്യമാവാന്‍ സാധിച്ചെങ്കില്‍ മാത്രമേ പുരോഗമനം സാര്‍ത്ഥകമാകൂവെന്നാണ് എന്റെ വിശ്വാസം''-അദ്ദേഹം പറഞ്ഞു. നാലു ടയറുകളുള്ള കാറിന്റെ ഒരു ടയറിന് സംഭവിക്കുന്ന കേടുപാടുകള്‍ വാഹനത്തെ മൊത്തം ബാധിക്കുമെന്നത് നിസ്തര്‍ക്കമാണല്ലോ. പൗരന്മാര്‍ എല്ലാവരും ഒരുമിച്ചു നിന്നെങ്കില്‍ മാത്രമേ രാഷ്ട്രം വളര്‍ച്ച പ്രാപിക്കുകയുളളൂ. അപ്പോള്‍ മാത്രമേ അന്തസ്സുമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 
 
ഐ.എ.എസ് പോലുള്ള സിവില്‍ സര്‍വീസ് മേഖലയില്‍ മുസ്‌ലിം സമൂഹം കഴിഞ്ഞ കാലങ്ങളില്‍ കാര്യമായി ശ്രമിച്ചിരുന്നില്ല. അതിന് അവര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല എന്നതാണ് നേര്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രോല്‍സാഹനം നല്‍കുകയാണ് പി.എം ഫൗണ്ടേഷന്റെ ലക്ഷ്യം. 
 
സാമ്പത്തിക സഹായവും കോഴ്‌സുകള്‍ക്ക് പരിശീലനവും മറ്റും നല്‍കി വരുന്നു. സിവില്‍ സര്‍വീസിന് പുറമെ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി പോലെ അപൂര്‍വ മേഖലകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രമായി കരുത്തുറ്റ സാന്നിധ്യമുണ്ടാക്കുകയെന്ന വീക്ഷണമാണ് ഫൗണ്ടേഷനുള്ളത്. ഈ പ്രവര്‍ത്തനം കുറെ പേര്‍ക്ക് പ്രചോദനമാകുന്നുവെന്നത് ചാരിതാര്‍ത്ഥ്യം പകരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 
'80കളിലെ സ്ഥിതിയല്ല ഇന്നുള്ളത്. ഇനി എന്തൊക്കെ ചെയ്യാനാകുമെന്നത് സംബന്ധിച്ച് അവബോധം നല്‍കല്‍ ഇന്ന് വളരെയേറെ പ്രസക്തമായ കാര്യമാണ്. തങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത് അതിനാണെന്നും ദുബൈയിലെ പ്രഭാഷണ പരിപാടിയും അതിന്റെ ഭാഗമാണെന്നും ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് വൈസ് ചെയര്‍മാനും എം.ഡിയുമായ ഡോ. പി. മുഹമ്മദലി കൂട്ടിച്ചേര്‍ത്തു. 
 
ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പ്രോല്‍സാഹനാര്‍ത്ഥം പബ്‌ളിക് ചാരിറ്റബിള്‍ ട്രസ്റ്റായി 1988ല്‍ മദ്രാസില്‍ രജിസ്റ്റര്‍ ചെയ്തതാണ് പി.എം ഫൗണ്ടേഷന്‍. ഡോ. പി. മുഹമ്മദലി സ്ഥാപകനും എ.പി.എം മുഹമ്മദ് ഹനീഫ് ഐ.എ.എസ് ചെയര്‍മാനുമാണ്. 
സുപ്രീം കോടതി മുന്‍ ന്യായാധിപന്‍ ജസ്റ്റിസ് വി. ഖാലിദ്, തമിഴ്‌നാട് മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് ഫാത്തിമാ ബീവി, ടി.പി ഇമ്പിച്ചമ്മദ്, സി.എച്ച്.എ റഹീം (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്), എ. വീരാന്‍ പിള്ള, ഡോ. പി.എം മുബാറക് പാഷ, ഖദീജ സീനത്ത്, സി.പി കുഞ്ഞിമുഹമ്മദ്, എന്‍.എം ഷറഫുദ്ദീന്‍, ഡോ. അഷ്‌റഫ് കടയ്ക്കല്‍, എം.എം അബ്ദുല്‍ ബഷീര്‍, ഡോ. കെ.ടി അഷ്‌റഫ്, പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ എന്നിവരാണ് മറ്റു ട്രസ്റ്റിമാര്‍.

Search site