പിതാവിനെ ആശുപത്രിയില്‍ത്തള്ളി മകന്‍ വിദേശത്തേക്കു കടന്നു

ജന്മദാതാക്കളെ കറിവേപ്പിലപോലെ അവഗണിക്കുന്ന ഹൃദയഭേദകമായ കാഴ്‌ചകള്‍ക്ക്‌ അന്തമില്ല. രോഗിയായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ മകന്‍ വിദേശത്തേക്കു കടന്നു. പരവൂര്‍ നെടുങ്ങോലം ഉപ്പുകടവിനു സമീപം കല്ലന്‍കോടി വീട്ടില്‍ ധര്‍മരാജ(80)നെയാണു മകന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്‌. നാലുമാസമായി നെടുങ്ങോലം രാമറാവു ആശുപത്രിയില്‍ ഉടുതുണിക്കു മറുതുണിയില്ലാതെയും സമയത്ത്‌ ആഹാരം കിട്ടാതെയും നരകിക്കുയാണ്‌ ഈ വയോധികന്‍. കണ്ണൂരില്‍ ഭക്ഷണവും വെള്ളവും നല്‍കാതെ പെറ്റമ്മയെ വീട്ടില്‍ കെട്ടിയിട്ട സംഭവം മംഗളം ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. 18 വര്‍ഷം മുമ്പ്‌ ഭാര്യ മരിച്ചശേഷം കൊട്ടിയം കണ്ടച്ചിറമുക്കിനു സമീപം സഹോദരിയുടെ വീട്ടിലായിരുന്നു ധര്‍മരാജന്റെ വാസം. സഹോദരിയും മരിച്ചതിനേത്തുടര്‍ന്ന്‌ നെടുങ്ങോലത്ത്‌ മകനൊപ്പം താമസമാക്കിയ ധര്‍മരാജന്‍ കൂലിപ്പണി ചെയ്‌തു കഴിയുകയായിരുന്നു. അടുത്തിടെ ക്ഷയരോഗം ബാധിച്ചതിനേത്തുടര്‍ന്നാണ്‌ ആശുപത്രിയില്‍ ചികിത്സ തേടിയത്‌. ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മകന്‍ തിരിഞ്ഞുനോക്കിയില്ല. അടുത്തിടെ വിദേശത്തേക്കു പോവുകയും ചെയ്‌തു. മൂത്തമകന്‍ സ്വാമി എന്നു വിളിക്കുന്ന അമ്പിളി പൂതക്കുളം അമ്മാരത്തുമുക്കിലും ഏകമകള്‍ ശശീന്ദ്ര ഇരവിപുരത്തും താമസിക്കുന്നു. രണ്ടു സഹോദരന്മാരുമുണ്ടെങ്കിലും ബന്ധുക്കളുടെ ഭാഗത്തുനിന്നു ധര്‍മരാജന്‌ യാതൊരു സഹായവും ലഭിച്ചിരുന്നില്ല. തൊട്ടടുത്ത കിടക്കയിലെ രോഗികളുടെ കൂട്ടിരിപ്പുകാരാണ്‌ ഇപ്പോഴത്തെ ഏക ആശ്രയം. സംഭവമറിഞ്ഞ്‌ പരവൂര്‍ ജനമൈത്രി പോലീസ്‌ ആശുപത്രിയിലെത്തി പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെട്ടു. ഗാന്ധിഭവന്‍ ഏറ്റെടുക്കാന്‍ തയാറായാല്‍ അങ്ങോട്ടു മാറ്റുമെന്നു പരവൂര്‍ എസ്‌.ഐ. വിപിന്‍കുമാര്‍ അറിയിച്ചു. 

Search site