പാരീസ് എയര്‍ ഷോയില്‍ എയര്‍ബസ്സും ബോയിങ്ങും നേര്‍ക്കുനേര്‍

വിമാന നിര്‍മാണ രംഗത്തെ രണ്ട് ഭീമന്മാരാണ് ബോയിങ്ങും എയര്‍ബസ്സും. പാരീസില്‍ നടക്കുന്ന അന്താരാഷ്ട്ര എയര്‍ഷോയില്‍ ഇരു കമ്പനികളും ഓര്‍ഡര്‍ പിടിക്കുന്നതിന്റെ തിരക്കിലാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയും ഇന്ധനക്ഷമത കൂട്ടിയും ഇരുകമ്പനികളും നിരത്തുന്ന പുതിയ മോഡലുകള്‍ അന്താരാഷ്ട്ര വിമാന കമ്പനികളെ ആകര്‍ഷിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
ഫ്രഞ്ച് വിമാനക്കമ്പനിയായ എയര്‍ ഫ്രാന്‍സ്-കെഎല്‍എം തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ എ-350 25 എണ്ണം ഓര്‍ഡര്‍ ചെയ്തതായി യൂറോപ്യന്‍ നിര്‍മാതാക്കളായ എയര്‍ബസ് സ്ഥിരീകരിച്ചു. സമയബന്ധിതമായി കരാര്‍ പാലിച്ചാല്‍ 25 പുതിയ വിമാനങ്ങള്‍ കൂടി എയര്‍ ഫ്രാന്‍സ് വാങ്ങുമെന്നും കരാറിലുണ്ട്.
 
യു.എസ് കമ്പനിയായ ബോയിങ്ങിന്റെ 787, 777 മോഡലുകളോട് ഏറ്റുമുട്ടാന്‍ പോന്നതാണ് തങ്ങളുടെ എ-350 എന്ന് എയര്‍ബസ് അവകാശപ്പെടുന്നു. കനം കുറഞ്ഞ മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ച 787 ഇന്ധനക്ഷമത കാരണം വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികളെ ആകര്‍ഷിച്ചിരുന്നു. ജപ്പാനിലെ നിപ്പോള്‍ , എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ ഇവ നേരത്തെ വാങ്ങിയിട്ടുണ്ട്.
 
അതേസമയം, മത്സരത്തില്‍ ബോയിങ് ബഹുദൂരം മുന്നിലാണ്. തങ്ങളുടെ 737 മോഡല്‍ വിമാനങ്ങള്‍ക്ക് 200-ലധികം ഓര്‍ഡര്‍ ലഭിച്ചതായി അവര്‍ അവകാശപ്പെട്ടു. യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് കമ്പനികള്‍ മാത്രം 102 വിമാനങ്ങളാണ് ബുക്ക് ചെയ്തത്. യൂറോപ്പിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈന്‍ ആയ റ്യാനൈര്‍ 737-800 മോഡലുകള്‍ 175 എണ്ണത്തിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടത്രേ.

Search site