പാതി പാടും മുമ്പേ നിലച്ച മധുര ഗാനം

രണ്ടു കുട്ടികള്‍. മൂത്തയാള്‍ക്ക് ഏഴെട്ടു വയസ്സു തോന്നും. പെണ്‍കുട്ടിക്ക് മൂന്നിനടുത്തും. പടവുകള്‍ ചവിട്ടിക്കയറുകയാണ്. എണ്ണമേറെയുണ്ട്. അനിയത്തിയുടെ കൈമുറുകെ പിടിച്ചിരിക്കുന്നു ഏട്ടന്‍. ''ഉയരത്തിലെത്തിയാലും അകലാതിരിക്കട്ടെ ഈ കരങ്ങള്‍'' എന്നെഴുതിയിട്ടുണ്ട് ചിത്രത്തില്‍. വര്‍ണങ്ങളുടെ ധാരാളിത്തമില്ല. കറുപ്പും വെളുപ്പും മാത്രം. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിന്റെ പഴയൊരു സ്റ്റുഡന്റ്‌സ് മാഗസിന്‍, 'സാക്ഷി 93' മറിച്ചു തുടങ്ങുമ്പോള്‍ കണ്ണിലുടയ്ക്കുന്ന ആദ്യരംഗം. കോളജിന്റെ രജത ജൂബിലി വര്‍ഷം കൂടിയായിരുന്നു അത്. 1993. പി. മുഹമ്മദ് ഹനീഫ് എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സ്വന്തം ഹൃദയത്തില്‍ നിന്ന് ഏടുകള്‍ പറിച്ചെടുത്ത് ഒരുക്കൂട്ടിയെടുത്ത കോളജ് മാഗസിന്‍. കേരളത്തിലെ കാമ്പസ് യൗവനം ഒരു എഡിറ്ററെ തിരിച്ചറിയുകയായിരുന്നു.
 
 ഒരു പതിനെട്ടുകാരന്റെ സഞ്ചാര ലോകത്തിനും അപ്പുറത്തായിരുന്നു അതിനുള്ളിലെ ജീവിത സങ്കല്‍പങ്ങളും സ്വപ്‌നങ്ങളും ക്ഷോഭങ്ങളും. ഏറെ പ്രായവും അനുഭവങ്ങളുമുള്ള ചിന്തകനെ പോലെ വലിയ വലിയ ലോകകാര്യങ്ങള്‍ ആ പതിനെട്ടുകാരന്റെ വാക്കിലും വരിയിലും നിറഞ്ഞുതുളുമ്പി. കൂട്ടുകാരില്‍ ചിലര്‍ തമാശയാക്കി; നീ ഒരു 'ബുദ്ധിജീവി'!
 
ആ ഒരൊറ്റ മാഗസിന്‍, ഹനീഫ് എന്ന മൗലിക പ്രതിഭയെ തന്റെ കാലത്തിന്റെ മുന്‍ ബെഞ്ചിലിരുത്തി. തന്നെക്കാള്‍ മുതിര്‍ന്നവര്‍ക്കും സ്വീകാര്യനായി. സ്‌നേഹവും ആദരവുമായി. കാമ്പസുകളില്‍ ഹനീഫിനു ചുറ്റും സൗഹൃദങ്ങളുടെ വേലിയേറ്റമായി. പി. മുഹമ്മദ് ഹനീഫിനെ അവര്‍ പി.എം. ഹനീഫും പി.എമ്മുമാക്കി മനസ്സടുപ്പത്തോടെ ചുരുക്കിവിളിച്ചു. 
 
മലപ്പുറം മേലാറ്റൂരിലെ പ്രസിദ്ധനായ പി. കുഞ്ഞാണി മുസ്‌ല്യാര്‍ എന്ന മഹാപണ്ഡിതന്റെ പുത്രന്‍ അങ്ങനെ അതിരറ്റ സൗഹൃദ ലോകങ്ങളുടെ സുല്‍ത്താനായി. ആധുനിക വിദ്യാഭ്യാസത്തിനൊപ്പം മതപഠനത്തിന്റെയും കണിശത മക്കളില്‍ പുലര്‍ത്തി കുഞ്ഞാണി മുസ്‌ല്യാര്‍. എടവണ്ണപ്പാറ റഷീദിയ്യയിലെ സമയ നിഷ്ഠമായ ആത്മീയാന്തരീക്ഷത്തില്‍ നിന്ന് ആര്‍ട്‌സ് കോളജിന്റെ ആരവങ്ങളിലേക്കും പൊതുജീവിതത്തിന്റെ തിരക്കുകളിലേക്കും മാറിയപ്പോഴും പൈതൃക സമ്പത്തായ 'തഖ്‌വ' കൈവിട്ടില്ല ഹനീഫ്. പക്ഷേ ഹനീഫും വീടും തമ്മില്‍ പലപ്പോഴും കൃത്യമാകാതെ പോയത് ഒന്നില്‍ മാത്രമായിരുന്നു. സമയ നിഷ്ഠയില്‍. എല്ലായിടത്തും ഹനീഫ് കൃത്യസമയത്തിനു മുമ്പേ എത്തി. സമയം തീര്‍ന്നും ചുമതലകളില്‍ വ്യാപൃതനായി. അപ്പോഴൊക്കെ മറ്റൊരിടത്ത് സമയം തെറ്റുകയായിരുന്നു. സ്വന്തം വീട്ടില്‍. രാത്രി വൈകി ചെന്നു. പാതിരാ പിന്നിട്ടു, ചിലപ്പോള്‍ പുലരും വരെ ഹനീഫിനെ കാത്ത് വിളക്കു കത്തി. പക്ഷേ ആ നേരമൊക്കെയും സംഘടനയുടെയും സമുദായത്തിന്റെയും സൗഹൃദലോകങ്ങളുടെയും പൂമുഖത്തെ വെളിച്ചമണയാതിരിക്കാന്‍ ഹനീഫ് ഉറക്കമിളച്ച് കാവലിരിക്കുകയായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിന്റെയും സാമൂഹ്യസേവനത്തിന്റെയും നാട്ടുവഴികളിലൂടെ അവിശ്രാന്തം സഞ്ചരിക്കുമ്പോള്‍ ഹനീഫ് സ്വന്തം ജീവിതത്തെ തന്നെ മറന്നുവെക്കുകയായിരുന്നു. തന്നെക്കുറിച്ചുള്ള ചിന്തകള്‍ തനിക്കൊന്നിനും തടസ്സമാകരുതെന്ന്.
 
ഒരു മുസ്‌ലിംലീഗ് പ്രവര്‍ത്തകന്റെ ആയുസ്സിലെ ഏറ്റവും മധുരതരമായ നാളുകളേതെന്ന ചോദ്യത്തിനുത്തരം എം.എസ്.എഫ് ജീവിതം എന്നായിരിക്കും. പതിമൂന്നു വയസ്സിനും ഇരുപതിനുമിടയിലുള്ള കൗമാരത്തില്‍ എം.എസ്.എഫ് ആയിരിക്കുക എന്നതിനോളം അനുഭൂതി പകരുന്ന മറ്റൊന്നില്ല. സ്വകാര്യാവശ്യത്തിനു വീട്ടില്‍ നിന്നു കിട്ടുന്ന ചെറിയ നാണയത്തുട്ടു പോലും സംഘടനാ പ്രവര്‍ത്തനത്തിനു നേര്‍ച്ചയാക്കുന്ന കാലം. വാച്ചു വിറ്റും കടം വാങ്ങിയും നിവര്‍ത്തിക്കുന്ന സംഘടനാ ചെലവുകള്‍. കിട്ടുന്ന അടിയെല്ലാം വാങ്ങിവെക്കുന്നതും സംഘടനക്കു വേണ്ടി. നോട്ടീസ് വിതരണം ചെയ്തും ചുമരെഴുതിയും കൊടി കെട്ടിയും മുദ്രാവാക്യം വിളിച്ചും പുതിയ ലോകം ഇതാ കൈവെള്ളയിലെത്തിയെന്ന് മനസ്സിലുറപ്പിച്ചു നടക്കുന്ന നേരം. ക്ഷോഭിക്കുന്നവരുടെ സുവിശേഷ കാലം. 
 
ഏറ്റവുമുയരത്തില്‍ കൊടി പറത്താന്‍ സൗഹൃദങ്ങള്‍ തല്ലിത്തീരുന്ന ഏറ്റുമുട്ടലിന്റെ സംഘര്‍ഷഭരിത നിമിഷങ്ങള്‍. മുറിവും ചതവും. പൊലീസും കോടതിയും ജാമ്യക്കാരും. അധ്യാപകരുടെ സ്‌നേഹം കലര്‍ന്ന ശകാരങ്ങള്‍. ഇതെല്ലാം ചേര്‍ത്ത് വീട്ടില്‍ നിന്നുള്ള പൊട്ടിത്തെറിയും ശിക്ഷയും. അപ്പോഴും 'മഹത്തായ ഒരാദര്‍ശത്തിനു വേണ്ടി യാതനയനുഭവിക്കാനും മരിക്കാനുമുള്ള സന്നദ്ധതയാണ് മനുഷ്യത്വത്തിന്റെ അസ്തിവാരമെന്ന' വലിയവാക്കും ചിന്തയും ഉള്ളില്‍ താലോലിച്ച് ഒരു മഹാ ദൗത്യം നിറവേറ്റിയവന്റെ ആത്മനിര്‍വൃതി. അധികാരാസക്തിയില്ല. സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹമില്ല. പദവി മോഹങ്ങളില്ല. ആദര്‍ശവും നിശ്ചയദാര്‍ഢ്യവും മാത്രമാണ് ആയുധം. സുഹൃത്തിനു വേണ്ടി വഴിമാറുന്നതാണ് ശീലം. രാഷ്ട്രീയത്തിലെ മൂല്യങ്ങളുടെയും പൊതുജീവിതത്തിലെ ആദര്‍ശ നിഷ്ഠയുടെയും ആത്മധൈര്യത്തിന്റെയും കളരി വിളക്കു കത്തുന്ന എം.എസ്.എഫിന്റെ രംഗവേദിയില്‍ ബാല്യ, കാമൗരം ചെലവിട്ടവര്‍ക്ക് പൊതുജീവിതത്തില്‍ ചുവട് തെറ്റില്ല. മനസ്സിടറില്ല. ആത്മ സൗഹൃദങ്ങള്‍ പൂത്തുലയുന്ന, ത്യാഗത്തിന്റെ വന്‍മരങ്ങള്‍ ചില്ല താഴ്ത്തി നില്‍ക്കുന്ന ഭൂമിയിലെ പറുദീസയാണ് എം.എസ്.എഫ് കാലം. ആ നനവൂറുന്ന ഓര്‍മകളുടെ പാടവരമ്പിലൂടെ തിരിഞ്ഞുനടക്കാതിരിക്കാനുമാവില്ല; ഓരോ പഴയ എം.എസ്.എഫുകാരനും ജീവിതത്തിലൊരിക്കലെങ്കിലും. ആ യാത്രയില്‍ കേള്‍ക്കാം പാതിപാടും മുമ്പേ നിലച്ചുപോയ പി.എം. ഹനീഫ് എന്ന മധുരഗാനം. തലമുറകളെ പ്രചോദിപ്പിക്കുന്ന വിദ്യ കൈവശമുണ്ടായിരുന്നവന്‍.
 
 
അലസ സഞ്ചാരങ്ങളുടെ ആത്മീയാനുഭൂതിയിലേക്ക് പി.എം ഹനീഫ് എന്ന കൃത്യനിഷ്ഠയുള്ള കോളജ് വിദ്യാര്‍ത്ഥിയെ കൈപിടിച്ചത് ഒരു പക്ഷേ പതിനെട്ടാം വയസ്സില്‍ തലയിലേറ്റിയ 'മാഗസിന്‍ എഡിറ്റര്‍' എന്ന ഭാരമായിരിക്കണം. കോളജ് മാഗസിനിലേക്ക് സൃഷ്ടികള്‍ തേടിയും പരസ്യം ശേഖരിച്ചും ഡി.ടി.പിയിലും പ്രൂഫിലും അക്ഷരങ്ങള്‍ അരിച്ചുപെറുക്കിയും അന്നവും അവധിയുമില്ലാതെ അലഞ്ഞുനടക്കുന്ന സ്റ്റുഡന്റ് എഡിറ്റര്‍ എക്കാലത്തെയും കാമ്പസ് ദൃശ്യമാണ്. ഏതു തലമുറയിലും മാറ്റമില്ലാതെ തുടരുന്നത്. മാഗസിന്‍ ഇറക്കാനുള്ള പരീക്ഷ ജയിക്കാന്‍ സ്വന്തം 'ബിരുദം' ബലി നല്‍കുന്നവരാണേറെയും. പതിവുകളില്‍ നിന്നു വേറിട്ടൊരു 'മാഗസിന്‍' ലക്ഷ്യമിടുന്ന സാഹസികര്‍ക്ക് അലച്ചിലൊടുങ്ങില്ല. അത്താഴപ്പട്ടിണിയും വരവൊക്കാത്ത ചെലവും അധ്വാനഭാരവും ചേര്‍ന്ന് ഉറക്കം വരാതെ കിടക്കുന്ന രാത്രികള്‍ തുടങ്ങുകയായി. പിന്നെയത് ശീലവും. പക്ഷേ പി.എം. ഹനീഫ് എന്ന കൊച്ചു എഡിറ്ററുടെ ത്യാഗം വെറുതെയായില്ലെന്ന് മണ്ണാര്‍ക്കാട് കോളജിന്റെ മാഗസിന്‍ 'സാക്ഷി' വിളിച്ചു പറഞ്ഞു. ഒരോ താളിലും പ്രതിഭയുടെ സൂര്യകാന്തി വിരിഞ്ഞുനിന്നു. ഗുരുനിത്യചൈതന്യയതിയുടെ വരെ കവിതകള്‍. ആ വര്‍ഷത്തെ കോളജ് യൂണിയന്‍ പരിപാടികളില്‍ മുഖ്യാതിഥികളായെത്തിയവരുടെ ചിത്രങ്ങളുണ്ട് ഹനീഫിന്റെ മാഗസിനില്‍. മഹാകവി ഒളപ്പമണ്ണയും കോവിലനും ലോഹിതദാസും ഒടുവില്‍ ഉണ്ണികൃഷ്ണനും. നാലു പേരും പോയി. പിന്നാലെ ആ ഓര്‍മ ചിത്രങ്ങള്‍ രേഖപ്പെടുത്തിവെച്ച ചെറുപ്പക്കാരനായ എഡിറ്ററും. 
 
കഥയെഴുത്തില്‍ പിന്നീട് തുടരാതെ പോയ ഹനീഫിന്റെ ഹൃദ്യമായ രണ്ടു ചെറുകഥകളും 'സാക്ഷി'യുടെ ഉള്ളില്‍ പിടയുന്നു. ഒരു പക്ഷേ ആദ്യമായെഴുതിയ കഥകള്‍ തന്നെയാവാം. ഹനീഫിന്റെ ജീവിത മുദ്രകളായി ആര്‍ക്കുമെപ്പോഴും വായിച്ചെടുക്കാവുന്ന കാരുണ്യവും ദീനാനുകമ്പയും ചൂഷണത്തിനെതിരായ വിപ്ലവ ചിന്തയും തന്നെയാണ് ആ 'കഥ'കളിലുമൊഴുകിയത്.
 
ഗദ്യത്തിന്റെ പുതുരീതികള്‍ പരീക്ഷിച്ച ശില്‍പഭദ്രമായ 'കഥ' കള്‍ക്കു നല്‍കിയ ആ തലക്കെട്ടുകളും ഇപ്പോള്‍ ഹനീഫിനെ ഓര്‍മിപ്പിക്കുന്നു. 'ആശുപത്രി' , 'മായാത്ത കാല്‍പാടുകള്‍' എന്നിവ.
 
പ്രതിഭയും പ്രയത്‌നവുമാണ് വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളുടെ അമരത്തേക്ക് ഹനീഫിനെ ആനയിച്ചത്. സംഘടനയുടെ അഭിമാനനേട്ടങ്ങള്‍ക്കായി സമര്‍പ്പിച്ച ആശയങ്ങളും അധ്വാനവും സമുദായ ഭാവിയുടെ നേതൃനിരയിലേക്ക് ഹനീഫിനെ പ്രതീക്ഷാപൂര്‍വം വാഗ്ദാനം ചെയ്തു. കോളജ് യൂണിയനുകള്‍, സെനറ്റിലെ പ്രാതിനിധ്യം എന്നിവയിലെല്ലാം എം.എസ്.എഫിന്റെ വിജയാഹ്ലാദഘോഷങ്ങള്‍ ദിഗന്തങ്ങള്‍ ഭേദിക്കുമ്പോള്‍ ഹനീഫിന്റെ നയതന്ത്രവും അത്യധ്വാനവും ഒരു കൊടിമരം പോലെ ആ ആരവങ്ങളിലുയര്‍ന്നു നിന്നു. എം.എസ്.എഫ് ചരിത്രത്തിലെ ദിശനിര്‍ണയിച്ച വഴിയടയാളമായിരുന്നു 'കൊര്‍ദോവ'. 2004ലെ എം.എസ്.എഫ് സംസ്ഥാന സംഗമം. സന്നിഹിതരായ പതിനായിരങ്ങള്‍ക്കും വരാനിരിക്കുന്ന തലമുറകള്‍ക്കുമായി പ്രബുദ്ധതയുടെ നൂറ്റാണ്ടിനെ നിര്‍മിച്ച സംഭവം. അതിന്റെ ശില്‍പികളിലൊരാളായി കാലം ഹനീഫിനെ രേഖപ്പെടുത്തും. 
 
അരങ്ങിലും അണിയറയിലും വിയര്‍പ്പുവറ്റാതെ വിശ്രമമറിയാതെ ഓടിത്തളര്‍ന്നു ഹനീഫ്. പിന്നെയും അസംഖ്യം സമ്മേളനങ്ങള്‍. പ്രക്ഷോഭങ്ങള്‍, അവകാശ സമരപ്രയാണങ്ങള്‍, തെരഞ്ഞെടുപ്പുകള്‍, 'തൂലിക' ഉള്‍പ്പെടെ പല ജനുസ്സു മാസികകള്‍. എവിടെയും ഹനീഫുണ്ടായിരുന്നു. കരുത്തും കയ്യാളുമായി. അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ഓഫ് കാമ്പസിനു വേണ്ടി നടത്തിയ സമരജാഥകളെ മുന്നില്‍ നയിച്ചു. 'വിദ്യാര്‍ത്ഥി വിചാരം' പുതിയ കാമ്പയിന്‍ സംസ്‌കാരമായി അവതരിപ്പിച്ചു. എം.എസ്.എഫ് സര്‍ഗോത്സവങ്ങളുടെ ആത്മാവ് തന്നെയായി. 
 
അടുക്കുള്ള ഭാഷയില്‍, ശുദ്ധമലയാളത്തില്‍ അസാധാരണമായ ആകര്‍ഷണ സിദ്ധിയോടെ മുഴക്കമുള്ള സ്വരത്തില്‍ ഹനീഫിന്റെ പ്രസംഗങ്ങള്‍ ഒരു പുഴ പോലെ ഒഴുകി. അച്ചടിവടിവാര്‍ന്ന കയ്യക്ഷരങ്ങളില്‍ ആഴമുള്ള ആശയങ്ങള്‍ കുറിച്ചിട്ടു. നൂറായിരം വിവരങ്ങള്‍ അലഞ്ഞുനടന്നു ശേഖരിച്ചു. സ്ഥിതിവിവരക്കണക്കുകളുടെ കനത്ത ഫയലുകള്‍ ഒരോ വിഷയത്തിലും കരുതിവെച്ചു. ഏറ്റവും മികച്ച പുസ്തകങ്ങള്‍ തന്നെ വായിച്ചു. നൂതനമായ ഏത് അറിവുകളും സ്വായത്തമാക്കി. മതവും രാഷ്ട്രീയവും ശാസ്ത്രവുമെല്ലാം ഹനീഫിന്റെ ഓര്‍മ്മക്കൂട്ടില്‍ കിടന്നുമുഴങ്ങി. 
 
എം.എസ്.എഫിന്റെ മണ്ണാര്‍ക്കാട് കോളജ് ഘടകം മുതല്‍ മേലാറ്റൂര്‍ പഞ്ചായത്ത്, പെരിന്തല്‍മണ്ണ മണ്ഡലം, മലപ്പുറം ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളിലൂടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദം വരെ. മുസ്‌ലിം യൂത്ത്‌ലീഗില്‍ സംസ്ഥാന ട്രഷറര്‍. ഹനീഫിന്റെ സംഘടനാ ജീവിതത്തിനുമുണ്ടായിരുന്നു ഒരു താളക്രമം.
 എന്നിട്ടും അര്‍ഹവും അനര്‍ഹവുമായി പ്രകടനങ്ങളുടെ മുന്‍നിരയിലേക്ക് തള്ളിത്തിരക്കി വന്നില്ല. പത്രം ഓഫീസുകളുടെ പരിസരത്ത് ചുറ്റിയടിച്ചില്ല. കൗമാരം തൊട്ടുള്ള എം.എസ്.എഫ് ജീവിതം നല്‍കിയ സംസ്‌കാര സമ്പത്ത് ഹനീഫിന്റെ കര്‍മകാണ്ഡങ്ങള്‍ക്ക് തിളക്കം നല്‍കി. 
 
ഏത് സമയവും എവിടെയുമെത്തും. യാത്രകള്‍ക്കായി മുന്നൊരുക്കമില്ല. സൗകര്യങ്ങളോര്‍ത്ത് വേവലാതിയില്ല. മലയാളികളുള്ളിടത്തെല്ലാം ഹനീഫിന് സൗഹൃദങ്ങളുണ്ട്. വിദൂര കാമ്പസുകളില്‍ പോലും അജ്ഞാതരായ അനുയായികളുള്ള നേതാവ്. ഒരാളുടെ കൈപിടിച്ച് മറ്റൊരാളുടെ തോളില്‍പിടിച്ച് മൂന്നാമതൊരാളോട് സംസാരിക്കുന്നുണ്ടാവും ഹനീഫ്. വേദനിക്കുന്ന ഒരാളെയും തന്നെക്കൊണ്ടാവുംവിധം സമാശ്വാസിപ്പിക്കാതെ ഹനീഫിനു യാത്രയില്ല. കടം വാങ്ങിക്കൊടുത്തും സുഹൃത്തുക്കളെ സഹായിക്കുന്ന മനുഷ്യപ്പറ്റിന്റെ പേരായിരുന്നു ഹനീഫ്. സൗമ്യമായ പുഞ്ചിരിയും ഒരു തത്വചിന്തകന്റെ ആശയവിനിമയവുമായി കഴിഞ്ഞ ഇരുപത് കൊല്ലം മുസ്‌ലിം വിദ്യാര്‍ത്ഥി, യുവജന രാഷ്ട്രീയത്തിന്റെ നടുത്തളത്തിലുണ്ടായിരുന്നു ആ സ്‌നേഹ സാമീപ്യം. 
 
പ്രിയപ്പെട്ടവരുടെ വേദനകളില്‍ മാത്രമേ ഹനീഫിനു കണ്ണുനിറയാറുള്ളൂ. സ്വന്തം രോഗം മാരകമെന്ന് തിരിച്ചറിഞ്ഞിട്ടും അതിനെ നിസ്സാരമായി കണ്ട ആ ആത്മബലം അമ്പരപ്പിക്കുന്നതായിരുന്നു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാര്‍ത്ഥിയായ തനിക്ക് വോട്ടുപിടിക്കാതെ മറ്റുള്ളവരുടെ കാര്യം നോക്കുന്ന ഹനീഫിന്റെ ഒരു ലാഘവത്വമുണ്ട്. അതായിരുന്നു സ്വന്തം രോഗകാര്യത്തിലും മറ്റുള്ളവരുമായി പങ്കുവെച്ചത്. എല്ലാം ശരിയാവും. തിരിച്ചുവരുമെന്ന ശുഭാപ്തി. പക്ഷേ ഇവിടെ മാത്രം ഹനീഫിന്റെ പ്രവചനങ്ങള്‍ നിഷ്ഫലമായി. തിരുവനന്തപുരം കിംസ്, ആര്‍.സി.സി, മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് അങ്ങനെ ചികിത്സയുടെ പ്രയാണ ദൂരങ്ങള്‍. ഹനീഫിനെ സ്‌നേഹിക്കുന്നവര്‍ എല്ലായിടത്തും നിര്‍ബന്ധിച്ചു കൊണ്ടുപോയി. പക്ഷേ മുന്നറിവുള്ളവനെ പോലെ ഹനീഫ് എല്ലാറ്റിനും ഒരതിര് സ്വയം കണ്ടു. ഹനീഫിനായി ഒരു വീട് പണിതു കൊടുക്കാന്‍ പിതാവ് തീരുമാനിച്ചപ്പോഴും ജീവന്റെ സര്‍വസ്വവുമായി ബാപ്പയെ കാണുന്ന ഹനീഫ് അതില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. തനിക്കിനിയേറെയില്ലെന്നും മക്കളെന്നും ഉപ്പാപ്പയുടെ കൂടെ തന്നെയുണ്ടാവണമെന്നും കരുതിയിട്ടെന്ന പോലെ ഒരൊഴിഞ്ഞു മാറ്റം. ജീവന്റെ അറുതിയെത്തിയതറിഞ്ഞ പോലെ. 
 
 
രോഗകാഠിന്യം വേട്ടയാടുമ്പോഴും വമ്പന്‍ ആശയങ്ങള്‍ക്കു ചിറകുവെക്കാന്‍ ആസ്പത്രി കിടക്കയില്‍ പദ്ധതികള്‍ വരക്കുകയായിരുന്നു ഹനീഫ്. കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച്. അക്കാദമിക്കായി ഹനീഫ് സങ്കല്‍പ പദ്ധതികളൊരുക്കി. ഉറക്കം നഷ്ടപ്പെട്ടു കിടക്കുന്ന രാത്രികളില്‍ ഹനീഫ് ചിന്തിച്ചതും ഇതൊക്കെ തന്നെയാവാം.
 
സ്വന്തം പിതാവുള്‍പ്പെടെ മാതൃകാ ഗുരുനാഥന്‍മാരില്‍ നിന്നു ജീവിതപാഠങ്ങള്‍ അഭ്യസിച്ച ഗുരുത്വമുള്ള കുട്ടിയായിരുന്നു ഹനീഫ്. അത് കൊണ്ടാണ് എല്ലാവരും സ്‌നേഹിച്ചു കൊണ്ടിരിക്കേ, കുരുക്ഷേത്രത്തില്‍ പൊരുതി നില്‍ക്കേ, സുമുഖനായി സുന്ദരനായി നിത്യയൗവനമായി ചരിത്രത്തിലേക്ക് അവന്‍ നടന്നുമറഞ്ഞത്.
 
എം.എസ്.എഫ് ചരിത്രത്തിലെ അമരസ്മരണയായ പി. ഹബീബുറഹ്മാന്റെ ഒരു തുടര്‍ച്ച ജീവിതത്തിലും മരണത്തിലും സഞ്ചാരങ്ങളില്‍ പോലും ഹനീഫിലുണ്ട്. ഉന്നത ബിരുദാനന്തര ബിരുദങ്ങള്‍, ഉയര്‍ന്ന ചിന്ത, ത്യാഗമനസ്സ്, കഠിനാധ്വാനം, സഹജീവി സ്‌നേഹം, നിറയൗവനത്തിലെ വേര്‍പാട്, എല്ലാറ്റിലും ഒരു ഹബീബിയന്‍ വഴി.
കുഞ്ഞാണി മുസ്‌ല്യാര്‍ക്കും ഹനീഫിന്റെ ഉമ്മ സഫിയക്കും മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടു മക്കളുടെ വേര്‍പാടിന്റെ വേദന. കൂടപ്പിറപ്പുകളുടെ തീവ്ര ദു:ഖം. 2013 മെയ് 24 വെള്ളിയാഴ്ച ഉച്ചയോടെ ഹനീഫ് കൈവിട്ടു പോയി. അതിനല്‍പം മുമ്പ് ബോധാബോധങ്ങളുടെ മയക്കത്തില്‍ കിടക്കുമ്പോള്‍, മരണപ്പെട്ട അനിയത്തിയുടെ പേര്‍ വിളിച്ച് ഹനീഫ് ചോദിച്ചുകൊണ്ടിരുന്നു: 'നീയെന്തേ പറയാതെ പോയത്?'
 
 
ഹനീഫിന്റെ ഭാര്യ ഇര്‍ഫാന ഇസ്സത്ത്, ഏഴു വയസ്സുള്ള മകന്‍ മുഹമ്മദ് മുഫീദ്, മൂന്നു വയസ്സുള്ള മകള്‍ ലിബ ഫാത്വിമ, സഹോദരങ്ങള്‍, സ്‌നേഹജനങ്ങള്‍ എല്ലാവരെയും ഇവിടെ വിട്ട് ഹനീഫ് മുമ്പേ പോയി. മറ്റുള്ളവര്‍ക്കായി സ്വയം ഉരുകിത്തീര്‍ന്നവന്റെ തിടുക്കത്തിലുള്ള യാത്ര. പക്ഷേ , രാപകലില്ലാതെ തുടര്‍ച്ചയായി ഇരുപത്തിനാല് മണിക്കൂര്‍ ജാതിഭേദമന്യെ മനുഷ്യര്‍ വരി നിന്നത് അവസാനമായി ആ ചെറുപ്പക്കാരന്റെ മുഖമൊന്ന് കാണാനാണ്. ഒന്ന് പ്രാര്‍ത്ഥിക്കാനാണ്. എടപ്പറ്റ പള്ളിപ്പറമ്പാകെ നിറഞ്ഞുനിന്ന് കണ്ണുതുടച്ച പുരുഷാരം കേരളം മുഴുക്കെയുള്ളവരായിരുന്നു. എല്ലാ സങ്കല്‍പങ്ങള്‍ക്കും അപ്പുറത്ത് ജനഹൃദയങ്ങളുടെ കൊട്ടാരത്തില്‍ ഹനീഫ് തന്നെയാണ് സുല്‍ത്താന്‍ എന്ന് ആ രാവ് വിളിച്ചു പറയുന്നു. ഇരുപത് വര്‍ഷം മുമ്പ് 'സാക്ഷി'യുടെ ആമുഖത്തില്‍ ഹനീഫ് കൊടുത്ത ചിത്രത്തിലെ ആ രണ്ടു കൂടപ്പിറപ്പുകളുടെ അതേ പ്രായത്തില്‍ മുഫീദും ലിബയും കൈപിടിച്ചുനില്‍ക്കുന്നു.
 
 'സാക്ഷി'യുടെ അവസാന പേജില്‍ പി. മുഹമ്മദ് ഹനീഫ് എന്ന എഡിറ്റര്‍ ഇങ്ങനെ കുറിച്ചുവെച്ചിരിക്കുന്നു: ''ഇനി വഴി പിരിയുകയാണ്.... സുഹൃത്തേ, കണ്ണീരും ചോരയും വീണു വേദനിച്ച മണ്ണിന് നിന്റെ പാദങ്ങള്‍ സാന്ത്വനമാകട്ടെ. നിണവും വിയര്‍പ്പും മിഴിനീര്‍പ്പുഴകളും കുതിര്‍ന്ന വഴികളില്‍ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ ലക്ഷ്യം പ്രാപിക്കുക''.

Search site