പാതി പാടും മുമ്പേ നിലച്ച മധുര ഗാനം

ലോക മുസ്‌ലിം സമൂഹത്തിനൊപ്പം വിശുദ്ധ ബദര്‍ദിന സ്മരണകള്‍ പങ്കുവെക്കുന്ന മലയാളി മനസ്സിലേക്ക് മറ്റൊരു സമരഗാഥകൂടി കടന്നുവരുന്നു ഈ പുണ്യദിനത്തില്‍. മുപ്പത്തിമൂന്ന് വര്‍ഷം മുമ്പ് തൊട്ടരികില്‍ സംഭവിച്ച ധീര രക്തസാക്ഷിത്വത്തിന്റെ അമരസ്മരണ. 
 
മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നീ യുവ ഭടന്‍മാര്‍ അവകാശ സമരവീഥിയില്‍ വീരമരണം പ്രാപിച്ച മലപ്പുറം സംഭവത്തിന്റെ നടുക്കുന്ന ഓര്‍മ. 1980 ജൂലൈ 30; മാര്‍ക്‌സിസ്റ്റ് ഭരണകൂടം വെടിവെച്ചു വീഴ്ത്തിയ യുവാക്കളുടെ ഹൃദയരക്തത്താല്‍ മലപ്പുറം മണ്ണ് കുതിര്‍ന്നു. അറബി, ഉര്‍ദു, സംസ്‌കൃത ഭാഷകള്‍ക്കെതിരെ ഇ.കെ നായനാര്‍ നയിക്കുന്ന സി.പി.എം സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമങ്ങള്‍ക്കെതിരെയായിരുന്നു സംസ്ഥാന മുസ്‌ലിം യൂത്ത്‌ലീഗ് നയിച്ച ഇതിഹാസ സമാനമായ പ്രക്ഷോഭം. 
 
അക്കമഡേഷന്‍, ക്വാളിഫിക്കേഷന്‍, ഡിക്ലറേഷന്‍ എന്നീ ഉത്തരവുകളുമായി വിദ്യാഭ്യാസ പരിഷ്‌കരണം എന്ന ചെല്ലപ്പേരില്‍ അറബി ഭാഷാ ഉന്മൂലനമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. കേരളത്തിലെ വിദ്യാലയങ്ങളില്‍നിന്ന് ഘട്ടം ഘട്ടമായി അറബി ഭാഷയെ എടുത്തുകളയുക.
 
ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനഭാഷ, ആയിരക്കണക്കിന് അധ്യാപകരുടെ തൊഴില്‍, ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന ഭാഷ, സര്‍വോപരി ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന മൗലികാവകാശം എന്നിവക്കെല്ലാം എതിരായിരുന്നു സര്‍ക്കാരിന്റെ പുതിയ ഉത്തരവുകള്‍. 
 
'സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു' എന്ന് സി.എച്ച് മുഹമ്മദ്‌കോയാ സാഹിബ് പ്രഖ്യാപിച്ചു. നീതിക്കുവേണ്ടി അണിചേരാന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആഹ്വാനംചെയ്തു. സമരഘട്ടങ്ങളിലൊന്നായിരുന്നു ജൂലൈ 30ലെ കലക്ടറേറ്റ് പിക്കറ്റിംഗ്. കണ്ണൂരും കോഴിക്കോട്ടും പാലക്കാട്ടും എറണാകുളത്തും പിക്കറ്റിങ്ങിന് നേര്‍ക്ക് പൊലീസ് ലാത്തിചാര്‍ജും അക്രമവും അഴിച്ചുവിട്ടു. മലപ്പുറത്ത് പതിനായിരത്തില്‍പരം വരുന്ന ജനക്കൂട്ടത്തിനുനേര്‍ക്ക് വെടിവെച്ചു.
 
മൈലപ്പുറത്തെ കോതേങ്ങല്‍ അബ്ദുല്‍മജീദ് (24), പുത്തൂര്‍പള്ളിക്കലെ കല്ലിടുമ്പില്‍ ചിറക്കല്‍ അബ്ദുറഹിമാന്‍ (21), കാളികാവിലെ ചേന്നംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ (24) എന്നിവര്‍ തല്‍ക്ഷണം മരണപ്പെട്ടു. ഇരുപതില്‍പരം പേര്‍ക്ക് വെടിയേറ്റ മാരക പരിക്ക്. മുന്നൂറോളം പേര്‍ പൊലീസ് മര്‍ദ്ദനത്തില്‍ മൃതപ്രായരായി. 
 
പ്രസിഡണ്ട് പി.കെ.കെ ബാവ, ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരുടെ നേതൃത്വത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് രാജ്ഭവനിലേക്ക് ഗ്രേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചു. മുസ്‌ലിം യുവജന പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റിലുലഞ്ഞ ഭരണകൂടം ഉത്തരവുകള്‍ ഒന്നൊന്നായി നിരുപാധികം പിന്‍വലിച്ചു. 
 
ആത്മാഭിമാനവും മൗലികാവകാശവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജീവന്‍ ത്യജിക്കാനും സന്നദ്ധമായ യുവ സഹസ്രങ്ങളുടെ വീരചരിത്രംകൂടിയാണ് മലയാളിക്ക് ഈ ദിനം.
 
മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നീ നക്ഷത്രങ്ങളുടെ ഓര്‍മ്മക്ക് മുന്നില്‍ ഒരു ജനത കണ്ണീരണിഞ്ഞു നില്‍ക്കുന്നു. പരലോക ഗുണത്തിനായി പ്രാര്‍ത്ഥിക്കുന്നു.

Search site