പാട്ടുകളുടെ റോയല്‍റ്റി: ഗായകരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സംഗീത സംവിധായകര്‍

പാട്ടുകളുടെ റോയല്‍റ്റി വേണമെന്ന മലയാള ചലചിത്ര ഗായകരുടെ സംഘടനയായ ഇസ്രയുടെ ആവശ്യം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഫെഫ്ക മ്യുസിക് ഡയറക്‌ടേഴ്‌സ് യൂണിയന്‍. 
 
പാട്ടുകളുടെ യഥാര്‍ത്ഥ അവകാശികള്‍ സംഗീത സംവിധായകരും ഗാനരചയിതാക്കളും നിര്‍മ്മാതാക്കളുമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രിയാത്മകമായ ഇടപെടല്‍ പാട്ടുകാര്‍ക്കിടയില്‍ ഇല്ല. സിനിമ സംവിധായകന്‍ ഒരു സന്ദര്‍ഭം പറയുമ്പോള്‍ അതിന്റെ വൈകാരികത ഉള്‍ക്കൊണ്ട് അത് ഗാനരൂപത്തിലാക്കുന്നത് സംഗീത സംവിധായകന്‍ മാത്രമാണ.് അത് മനസിലാക്കാതെയാണ് ഇപ്പോള്‍ ഗായകര്‍ പഴയ ആവശ്യവുമായി വീണ്ടുമെത്തിയിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. 
 
ഇന്നു പാടുന്ന പലഗായകരുടെയും പാട്ടുകള്‍ അതേപടി പുറത്തുവിട്ടാല്‍ അത് കേള്‍ക്കാന്‍ പറ്റാത്തതരത്തിലുള്ളതായിരിക്കുമെന്നും ഗായകരുടെ കുത്തക അവസാനിച്ചുവെന്നും അവര്‍ പറഞ്ഞു. 
 
ഇന്നു നല്ലപാട്ടുകള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളു. പഴയതും പുതിയതുമായ പാട്ടുകളെ ആസ്വാദകര്‍ നെഞ്ചിലേറ്റി നടക്കുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മറന്നു കൊണ്ടുള്ള ഗായകരുടെ നീക്കം ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. 
 
സംഗീത സംവിധായകരായ വിദ്യാധരന്‍ മാസ്റ്റര്‍, ബിജിബാല്‍, രാഹുല്‍ രാജ്, അജിത് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Search site