പലിശക്കെണി: യുവാവ് ജയിലില്‍; ഭാര്യയും കുഞ്ഞും ദുരിതക്കൊടുമുടിയില്‍

സുഹൃത്തുക്കളില്‍ നിന്നും മറ്റും കടം വാങ്ങിയും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും സ്വന്തമായി ബിസിനസ് ആരംഭിച്ച് പച്ച പിടിക്കാതെ വന്നപ്പോള്‍ ഒടുവില്‍ പലിശക്കാരന്റെ സഹായം തേടിയ യുവാവിന്റെ ഭാര്യ പറഞ്ഞു തീര്‍ക്കാനാവാത്ത ദുരിതവുമായി കഴിഞ്ഞു കൂടുന്നു. 
കൊല്ലം ജില്ലയിലെ യുവതിയാണ് തന്റെ ഭര്‍ത്താവ് ജയിലിലായതോടെ വാടക കൊടുക്കാന്‍ കഴിയാതെയും ഭക്ഷണത്തിന് പോലും പ്രയാസപ്പെട്ടും കഴിഞ്ഞു കൂടുന്നത്. ഇതിലുപരി, രണ്ടു വയസ് പ്രായമായ സ്വന്തം കുഞ്ഞിന് ഇതു വരെ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനോ വിസ അടിക്കാനോ കഴിഞ്ഞിട്ടുമില്ല. 
 
പലിശക്ക് പണം നല്‍കിയ വ്യക്തിക്ക് കൊടുത്ത ചെക്ക് ബാങ്കില്‍ പണമില്ലാത്തതിന്റെ പേരില്‍ മടങ്ങുകയും പോലീസ് കേസാക്കി മാറ്റുകയും ചെയ്തു. ഒടുവില്‍ ജയിലില്‍ പോയ ഭര്‍ത്താവ് ഇനി എന്ന് വരുമെന്ന കാര്യത്തില്‍ യാതൊരുവിധ പ്രതീക്ഷയുമില്ലാതെയാണ് ഇവര്‍ കഴിയുന്നത്.
 ഉയര്‍ന്ന ശമ്പളത്തിന് ജോലി ചെയ്തിരുന്ന യുവാവ് തന്റെ സുഹൃത്തുമായി ചേര്‍ന്നാണ് ബിസിനസ് ആരംഭിച്ചതെങ്കിലും കച്ചവടം നഷ്ടത്തിലാണെന്ന് ബോധ്യപ്പെട്ടതോടെ സുഹൃത്ത് തന്റെ മുടക്കുമുതലും വാങ്ങി പിന്‍വലിയുകയായിരുന്നു. 
 
മുഴുവന്‍ ബാധ്യതകളും സ്വയം പേറേണ്ടി വന്ന യുവാവ് പലിശക്കെണിയില്‍ അകപ്പെട്ടതോടെയാണ് ജയിലില്‍ പോകേണ്ടി വന്നത്. ജയിലിലായതോടെ ബാങ്ക് ലോണ്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, മറ്റു ചെക്കുകള്‍ എല്ലാം ഒന്നിനു മീതെ മറ്റൊന്നായി വന്നു പതിക്കുകയാണുണ്ടായത്. ഒടുവില്‍ ലക്ഷക്കണക്കിന് ദിര്‍ഹമിന്റെ കടബാധ്യതകള്‍ തീര്‍ക്കാനുള്ള പട്ടികയുമായി കോടതിയില്‍ കേസ് നിലനില്‍ക്കുന്നു. അതിനിടക്ക് ഉയര്‍ന്ന ശമ്പളം ലഭിച്ചിരുന്ന ജോലിയും നഷ്ടപ്പെടുകയുണ്ടായി. 
 
ഇപ്പോള്‍ ഗത്യന്തരമില്ലാതെ ഭാര്യയും മൂന്നു കുഞ്ഞുങ്ങളും പറഞ്ഞു തീര്‍ക്കാനാവാത്ത ദുരിതവും പേറി മറ്റുള്ളവരുടെ സഹായത്തില്‍ കഴിഞ്ഞു കൂടുന്നു. നേരത്തെ ആറു മാസത്തെ വാടക ഒന്നിച്ചു നല്‍കിയിരുന്നതു കൊണ്ട് താമസിക്കുന്ന വീടിന് രണ്ടു മാസത്തേക്ക് കുഴപ്പമൊന്നുമില്ലെങ്കിലും അതു കഴിയുമ്പോള്‍ എന്തു ചെയ്യുമെന്ന ആധിയിലാണ് ഇവര്‍ കഴിയുന്നത്. 
സാമ്പത്തിക ഇടപാടുകളുടെ പേരിലാണെങ്കിലും ഭര്‍ത്താവ് ജയിലിലായത് നാട്ടിലും വന്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചതായി ഇവര്‍ പറയുന്നു.
 
അബുദാബിയിലെ തന്നെ ഉന്നത സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മലയാളിയില്‍ നിന്നാണ് ഇദ്ദേഹം പണം പലിശക്ക് വാങ്ങിയത്. പലിശക്കാരന്റെ ഭാര്യയാണ് ഇടപാടുകള്‍ നടത്തുന്നത്. 
കസ്റ്റമറുമായി സംസാരിക്കുന്നതും പാസ്‌പോര്‍ട്ട് വാങ്ങി സൂക്ഷിക്കുന്നതുമെല്ലാം ഇവരാണ്. കണ്ണില്‍ ചോരയില്ലാത്ത വിധമാണ് പാവങ്ങളെയും മറ്റു ഗതിയില്ലാതെ പണം പലിശക്ക് വാങ്ങിയവരെയും ഇവര്‍ ഞെക്കിപ്പിഴിയുന്നത്. പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടാന്‍ വേണ്ടി പറയുന്ന തുക നല്‍കി പലരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. മറ്റൊരു പലിശക്കാരന്റെ തണലിലാണ് ഇതും പലപ്പോഴും നടക്കുന്നത്.

Search site