പലിശക്കാരുടെ ജഴ്‌സി ധരിക്കാനില്ല; മുസ്‌ലിം താരം ന്യൂകാസില്‍ വിട്ടേക്കും

പണിമിടപാട് സ്ഥാപനമായ വോംഗയുടെ ലോഗോ പതിച്ച ജഴ്‌സി അണിയാന്‍ വിസമ്മതിക്കുന്ന ന്യൂകാസില്‍ സ്‌ട്രൈക്കര്‍ പാപിസ് സിസ്സെ ക്ലബ്ബ് വിട്ടേക്കും. ജഴ്‌സി സംബന്ധിച്ച് ഇസ്‌ലാം മതവിശ്വാസിയായ സിസ്സെയുമായി ക്ലബ്ബ് അധികൃതര്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും വിട്ടുവീഴ്ചക്കില്ലെന്നാണ് സെനഗല്‍ താരത്തിന്റെ നിലപാട്. പോര്‍ച്ചുഗല്‍ ടൂറിന് പുറപ്പെട്ട ന്യൂകാസില്‍ ടീമില്‍ സിസ്സെക്ക് ഇടംനല്‍കാത്തത് ക്ലബ്ബ് താരത്തെ കയ്യൊഴിഞ്ഞു എന്നതിന്റെ സൂചനയാണ്.
 
പ്രതിവാരം 40,000 ബ്രിട്ടീഷ് പൗണ്ട് അഥവാ 36 ലക്ഷത്തിലധികം രൂപയാണ് 9-ാം നമ്പര്‍ ജഴ്‌സി ധരിക്കുന്ന സിസ്സെക്ക് ന്യൂകാസില്‍ പ്രതിഫലം നല്‍കുന്നത്. കഴിഞ്ഞ സീസണൊടുവില്‍ പലിശ സ്ഥാപനമായ വോംഗ ഡോട്ട് കോം ന്യൂകാസിലിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതാണ് താരത്തെ ചൊടിപ്പിച്ചത്. പലിശയെ ഒരുതരത്തിലും അനുകൂലിക്കില്ല എന്നത് തന്റെ മതവിശ്വാസമാണെന്നും വോംഗയുടെ ജഴ്‌സി ധരിക്കില്ലെന്നും സിസ്സെ പറഞ്ഞു. അവധിക്കാലം കഴിഞ്ഞ് കഴിഞ്ഞയാഴ്ച ടീമില്‍ തിരിച്ചെത്തിയ സിസ്സെ പരിശീലനത്തില്‍ ലോഗോ ഇല്ലാത്ത സ്വന്തം ജഴ്‌സിയാണ് അണിഞ്ഞത്.
 
വോംയുടെ ലോഗോക്ക് പകരം ഏതെങ്കിലും ജീവകാരുണ്യ സ്ഥാപനത്തിന്റെ ജഴ്‌സി ലോഗോ ധരിക്കാമെന്നുള്ള സിസ്സെയുടെ വാഗ്ദാനം ക്ലബ്ബ് അംഗീകരിച്ചിട്ടില്ല എന്നാണ് സൂചന. പോര്‍ച്ചുഗല്‍ ടൂറിനുള്ള ടീമില്‍ സിസ്സെ അടക്കം എല്ലാ താരങ്ങളും ഉണ്ടാകുമെന്ന് കോച്ച് അലന്‍ പാര്‍ഡ്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ ന്യൂകാസില്‍ എയര്‍പോര്‍ട്ടില്‍ നിന്നു പുറപ്പെട്ട വിമാനത്തില്‍ സിസ്സെ ഉണ്ടായിരുന്നില്ല.
 
ചെറുകിട ലോണുകള്‍ക്ക് 5,853 ശതമാനം പലിശ ഈടാക്കുന്ന വോംഗയുടെ സ്‌പോര്‍ണര്‍ഷിപ്പ് സ്വീകരിക്കുന്നതില്‍ ന്യൂകാസിലിന്റെ ആരാധകര്‍ക്കിടയിലും അമര്‍ഷമുണ്ട്. പ്രതിഷേധം ന്യൂകാസില്‍ മാനേജ്‌മെന്റിനെ അറിയിക്കാന്‍ ആരാധകര്‍ തീരുമാനിച്ചിട്ടുണ്ട്. സിസ്സെയുടെ കടുംപിടുത്തത്തോട് ആരാധകര്‍ പൊതുവെ അതൃപ്തിയാണ് പ്രകടിപ്പിക്കുന്നതെങ്കിലും അദ്ദേഹത്തെ പിന്തുണക്കുന്നവരുമുണ്ട്. 'കൊള്ളക്കാരായ' വോംഗയെ തിരസ്‌കരിക്കാന്‍ വോംഗയെ പ്രേരിപ്പിച്ചത് മതവിശ്വാസത്തേക്കാള്‍ ധാര്‍മികതയാണെന്നും അദ്ദേഹത്തെ പിന്തുണക്കുമെന്നും ആരാധകര്‍ പ്രതികരിച്ചു.
 
സ്പാനിഷ് ലീഗ് ക്ലബ്ബായ സെവിയ്യയില്‍ സമാനമായ സാഹചര്യമുണ്ടായപ്പോള്‍ മുസ്‌ലിം താരമായ ഫ്രെഡറിക് കാനൂട്ടിനെ ലോഗോ ഇല്ലാത്ത ജഴ്‌സി അണിയാന്‍ ക്ലബ്ബ് അനുവദിച്ചിരുന്നു. പണമിടപാട് സ്ഥാപനമായ 888 ഡോട്ട് ആണ് സെവിയ്യയുടെ സ്‌പോണ്‍സര്‍മാര്‍ . മുമ്പ്, ഒരു മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് സമ്മാനമായി ഷാംപെയ്ന്‍ ലഭിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം യായ ടൂറെ, തന്റെ മതവിശ്വാസം ചൂണ്ടിക്കാട്ടി സ്വീകരിക്കാതിരുന്നത് വാര്‍ത്തയായിരുന്നു.
 
പാപിസ് സിസ്സെ അടക്കം യൂറോപ്പില്‍ കളിക്കുന്ന പല മുസ്‌ലിം താരങ്ങളും റമദാന്‍ നോമ്പ് നോറ്റാണ് കഴിഞ്ഞ് സീസണില്‍ കളിക്കാനിറങ്ങിയിരുന്നത്. മുന്‍ ന്യൂകാസില്‍ താരം ഡെംബ ബാ, റയല്‍ മാഡ്രിഡിന്റെ മസൂദ് ഒസില്‍ , കരീം ബെന്‍സേമ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സാമിര്‍ നസ്രി, യായാ ടൂറെ, മുന്‍ ചെല്‍സി താരം നിക്കോളാസ് അനെല്‍ക്ക തുടങ്ങിയവര്‍ ഈ ഗണത്തില്‍പ്പെടുന്നു. നോമ്പ് നോറ്റ് കളിക്കാന്‍ പറ്റില്ലെന്ന് കോച്ച് പറഞ്ഞിട്ടും താന്‍ നോമ്പ് മുടക്കിയില്ലെന്ന് മസൂദ് ഒസില്‍ വ്യക്തമാക്കിയിരുന്നു.

Search site