പലിശക്കാരുടെ ക്രൂരതയില്‍ പ്രവാസി കുടുംബിനികള്‍ കണ്ണീരു കുടിക്കുന്നു

അബുദാബി:കണ്ണില്‍ ചോരയില്ലാതെ പലിശ വാങ്ങി പ്രവാസികളെ കൊല്ലാക്കൊല ചെയ്യുന്നവരുടെ ദുഷ്ടത നിരവധി പ്രവാസി കുടുംബിനികളെ കണ്ണീരു കുടിപ്പിക്കുന്നു. പലിശക്കാരുടെ പരാതി മൂലം ഭര്‍ത്താക്കാന്മാര്‍ ജയിലിലായ നിരവധി മലയാളി കുടുംബിനികളാണ് വിവിധ എമിറേറ്റുകളില്‍ കഴിയുന്നത്.

നാട്ടില്‍ പോകാനാവാതെയും ഭര്‍ത്താവിനെ പുറത്തിറക്കാന്‍ കഴിയാതെയും പരസഹായം പോലും ലഭിക്കാതെയും മലയാളി യുവതികള്‍ പിഞ്ചുകുഞ്ഞുങ്ങളുമായി കഴിയുന്ന കാര്യം പുറംലോകം അറിയുന്നില്ല എന്നതാണ് നേര്.

ഒരുപരിധി വരെ അമിത മോഹവും അതിരു വിട്ട ദുര്‍വ്യയവുമാണ് പലരെയും കടക്കെണിയിലാക്കിയതെന്ന വസ്തുത വിസ്മരിക്കാനാവില്ല. ഉയര്‍ന്ന ശമ്പളവും ഉന്നത ജോലിയും ഉണ്ടായിരുന്നവര്‍ പോലും ജയിലില്‍ കഴിയുന്നവരിലുണ്ട്. ഇവരുടെയെല്ലാം തൊഴില്‍ നഷ്ടപ്പെടുകയും കുടുംബത്തെ നോക്കാന്‍ ആളില്ലാതെ ദുരിതമനുഭവിക്കുകയുമാണ്.

വിവിധ സ്ഥാപനങ്ങളില്‍ പതിനായിരം ദിര്‍ഹമും അതിലേറെയും ശമ്പളം പറ്റിയിരുന്ന പലരും കടക്കെണിയിലും പലിശക്കാരുടെ പിടിയിലും കുടങ്ങി ജയിലുകളില്‍ കഴിയുന്നുണ്ട്. കുടുംബ സമേതം ഇവിടെ കഴിയുന്ന നിരവധി പേര്‍ തങ്ങളുടെ കുടുംബത്തെ പെരുവഴിയിലാക്കിയാണ് ജയിലുകളില്‍ കഴിയുന്നത്. കൃത്യമായി ഭക്ഷണം കിട്ടാന്‍ പോലും പ്രയാസമനുഭവിക്കുന്നവര്‍ക്ക് വാടകയുടെ ദിവസം കൂടി അടുത്തതോടെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി മാറിയിരിക്കുകയാണ്.

വാടക വാങ്ങിക്കാനെത്തുന്നവര്‍ ആദ്യം കുറച്ചു ദിവസങ്ങള്‍ കാത്തു നില്‍ക്കുമെങ്കിലും ഒരു മാസത്തിനു ശേഷം വീട്ടുടമകളും ഇവരോട് ഒഴിയാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാത്ത കുടുംബിനികളാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കേണ്ടി വരുന്നത്. നേരത്തിന് ആഹാരം കിട്ടാതെ വലയുന്ന ഇവരുടെ കുഞ്ഞുങ്ങള്‍ക്ക് അസുഖം വന്നാല്‍ പോലും ചികിത്സ തേടിപ്പോകാന്‍ കഴിയുന്നില്ല.

പരസഹായത്തിന് ആരുമില്ലാത്തവരും ആഴ്ചകള്‍ക്കു മുമ്പ് മാത്രം ഇവിടെ എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. തമാസിക്കുന്ന സ്ഥലനാമങ്ങള്‍ പോലും അറിയാത്ത ഇവര്‍ക്ക് മൊബൈലില്‍ പണം ചാര്‍ജ് ചെയ്യാന്‍ പണമില്ലാത്തതും ഏറെ ദുരിതമുണ്ടാക്കുന്നുണ്ട്.

ആരെയും വിശ്വസിക്കാന്‍ കഴിയില്ലെന്നതും അയല്‍ക്കാര്‍ മലയാളികളല്ലാത്തതും മൂലമുണ്ടാകുന്ന പ്രയാസങ്ങളും വളരെ വലുതാണ്. നാട്ടില്‍ നിന്ന് എത്തിയിട്ട് ഒന്നോ രണ്ടോ മാസങ്ങള്‍ മാത്രം ആയവര്‍ക്ക് എട്ടും പൊട്ടും തിരിയാത്ത അവസ്ഥയാണ്. പലിശക്കാര്‍ ഇവരെ വിളിച്ചു ശല്യം ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. പലിശ വാങ്ങാന്‍ ഈട് നല്‍കിയ പാസ്‌പോര്‍ട്ട് തിരികെ ലഭിക്കാതെ കഷ്ടതയനുഭവിക്കുന്നവരും ഏറെയാണ്.

ഗള്‍ഫ് നാടുകളിലെ നിയമങ്ങളെ കുറിച്ച് യാതൊന്നും അറിയാത്ത കുടുംബിനികള്‍ സഹായം അഭ്യര്‍ത്ഥിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കഴിഞ്ഞു കൂടുന്നത്. സമ്പന്ന കുടുംബങ്ങളില്‍ നിന്നു വന്നവര്‍ പോലും ഭര്‍ത്താക്കന്മാര്‍ പലിശക്കെണിയില്‍ കുടുങ്ങിയതു മൂലം കണ്ണീരില്‍ കുതിര്‍ന്ന രാവുകളുമായാണ് ദിനങ്ങള്‍ തള്ളി നീക്കുന്നത്.

Search site