പരിഷ്‌കരണ നടപടികള്‍ അയഞ്ഞു; ചെമ്മാട്ട്‌വീണ്ടും ഗതാഗതക്കുരുക്ക്

ഗതാഗതക്കുരുക്കൊഴിവാക്കാനുള്ള പരിഷ്‌കരണ നടപടികള്‍ കര്‍ശനമായി നടപ്പാക്കാത്തതിനാല്‍ ചെമ്മാട് ടൗണില്‍ വീണ്ടും ഗതാഗതക്കുരുക്ക്. ഗതാഗതപരിഷ്‌കരണ സമിതി യോഗം ചേര്‍ന്ന് തീരുമാനിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആദ്യം കാണിച്ച ഉത്സാഹം അധികൃതര്‍ തുടരാത്തതാണ് കാരണം.
 
ചെമ്മാട്-പരപ്പനങ്ങാടി റോഡരികില്‍ ഇരുചക്രവാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങ് വീണ്ടും തുടങ്ങി. പകല്‍സമയത്ത് ചരക്കിറക്കുന്നിതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും തിരക്കേറിയ കോഴിക്കോട് റോഡില്‍ ഇത് പാലിക്കുന്നില്ല. വലിയ ലോറികള്‍ റോഡരികില്‍ നിര്‍ത്തി സാധനങ്ങളിറക്കുന്നത് ഗതാഗതസ്തംഭനമുണ്ടാക്കുന്നു.
 
ട്രക്കറുകളും ടാക്‌സി വാഹനങ്ങളും ചെമ്മാട്-കോഴിക്കോട് റോഡ് ജങ്ഷനുപകരം കോഴിക്കോട് റോഡിലുള്ള പെട്രോള്‍ പമ്പിന് സമീപത്ത് പാര്‍ക്ക് ചെയ്യണം എന്ന് ഗതാഗത പരിഷ്‌കരണ സമിതി തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഈ നിര്‍ദേശവും ലംഘിക്കപ്പെടുന്നു. പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് അല്‍പ്പം മുന്നിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ബസ്സുകള്‍ പഴയ സ്റ്റോപ്പിലാണ് ഇപ്പോഴും നിര്‍ത്തുന്നത്. കോഴിക്കോട് റോഡിലെ ബസ് സ്‌റ്റോപ്പ് മുന്നോട്ട് മാറ്റി രണ്ടിടത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസ്സുകള്‍ നിര്‍ത്തന്നത് ജങ്ഷനോട് ചേര്‍ന്നുതന്നെ.
 
റവന്യൂ-പോലീസ്-മോട്ടോര്‍വാഹന വകുപ്പ് അധികൃതരും പഞ്ചായത്തും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും ചേര്‍ന്നാതാണ് ഗതാഗത പരിഷ്‌കരണ സമിതി. തുടക്കത്തില്‍ ഇടക്കിടെ അവലോകന യോഗം ചേരുകയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. അല്ലാത്തവരെ ബോധവത്കരിക്കുന്നതിനും പിഴയീടാക്കുന്നതിനും ശ്രമിക്കുകയും ചെയ്തിരുന്നു. നടപടികള്‍ അയഞ്ഞതോടെ കാര്യങ്ങള്‍ പഴയ പടിയായി.

Search site