പത്രാധിപന്റെ പാരിതോഷികം

പത്രപ്രവര്‍ത്തകന്‍ ദുര്‍ബലപ്പെടുന്നത് അയാളെ മുന്‍വിധികള്‍ ഭരിക്കുമ്പോഴും പുതിയ ആഴക്കാഴ്ചകളിലേക്ക് കണ്ണുകളെത്തിക്കുന്നതില്‍ ഉദാസീന ഭാവം കൊള്ളുമ്പോഴുമാണ്. ലിറ്റററി ജര്‍ണലിസ്റ്റിന്റേതാണെങ്കില്‍ തീര്‍ച്ചയായും ഒരു സംസ്‌കാരിക ന്യായാധിപനുമാണയാള്‍. ന്യൂസ് ജര്‍ണലിസ്റ്റുകളേക്കാള്‍ ദീര്‍ഘക്കാഴ്ച അയാള്‍ക്ക് അത്യന്താപേക്ഷിതം. തപാലില്‍ / മെയിലില്‍ വന്നെത്തുന്ന ഒരു രചന പത്രാധിപന്റെ അന്നത്തെ ദിവസം മുഴുവന്‍ വസന്തപൂരിതമാക്കുവാന്‍ മതിയാവുന്നതാണ്. തിരിച്ചുള്ള അനുഭവവവും സാധാരണം. 
 
അബുദാബിയില്‍ ഗള്‍ഫ് ലൈഫ് മാസികയുടെ പത്രാധിപരുടെ ജോലിയില്‍ ചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ എനിക്കൊരു ഫോണ്‍ വന്നു. 
 
ഞാന്‍ ബക്കര്‍ കഴുത്തുമുട്ടം. ഞാന്‍ പറഞ്ഞു. ശരി, പറയൂ. അങ്ങേത്തലക്കല്‍ ശബ്ദം പരുഷമായിക്കൊണ്ടിരുന്നു. തിരിച്ചയച്ച ആര്‍ട്ടിക്കിള്‍ കിട്ടി. അപ്പോഴേക്കും ആ രചന ഓര്‍മ്മയിലെത്തി.
 
എന്റെ രചന എന്നു പറയുന്നത് ' അറേബ്യ' (അവിടുത്തെ ഒരു മാസിക)യില്‍ സ്ഥിരമായി വരുന്നതാണ്. ഞാനെന്തെങ്കിലും അയച്ചാല്‍ അടുത്ത ലക്കത്തില്‍ അച്ചടിച്ചു വരും. ഓഹോ. അതു നന്നായി. താങ്കള്‍ക്കത് അറേബ്യയിലേക്കയക്കാമല്ലോ. 
 
അങ്ങനെയൊരു വായടപ്പന്‍ മറുപടി അയാള്‍ പ്രതീക്ഷിച്ചില്ല എന്ന് തോന്നി. 
 
കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം അയാള്‍ പറഞ്ഞു. ഒരെഴുത്തുകാരന്റെ വേദന നിങ്ങള്‍ പത്രാധിപന്‍മാര്‍ക്കറിയില്ല.
 
ഞാന്‍ പറഞ്ഞു: ശരിയായിരിക്കാം.
പറഞ്ഞു പറഞ്ഞ് അയാള്‍ മുട്ടന്‍ വഴക്കിനു തന്നെ തയാറായി. അസാധാരണമായ ആ പെരുമാറ്റം എന്ന ഏറെ അത്ഭുതപ്പെടുത്തി. പിന്നീടാണ് മനസ്സിലായത് ഗള്‍ഫിലെ പ്രധാനപ്പെട്ട എഴുത്തുകാരനാണത്രേ അയാള്‍. നിര്‍ഭാഗ്യവശാല്‍, അങ്ങനെയൊരാളെ ആദ്യം പരിചയപ്പെടുകയായിരുന്നു. ഗള്‍ഫിലെ എം.ടി എന്നാണത്രെ ചിലര്‍ അദ്ദേഹത്തെ വിളിക്കാറുള്ളതത്രേ. 
 
ഗള്‍ഫില്‍ അങ്ങനെ ധാരാളം പേരുണ്ട്. മരുഭൂമിയിലെ കൃഷ്ണന്‍ നായര്‍ എന്നു വിളിക്കപ്പെടുന്ന ഒരാളെയും ഞാന്‍ ദുബായില്‍ വെച്ചു പരിചയപ്പെടുകയുണ്ടായി.
സത്യം പറഞ്ഞാല്‍, വളരെ വിരസമായിരുന്നു ഗള്‍ഫെഴുത്തുകാരുടെ രചനകള്‍. പലരും പരിചയക്കാരും സുഹൃത്തുക്കളായിട്ടും അവരുടെ സര്‍ക്ഷാത്മക രചനകള്‍ തിരിച്ചുകൊടുക്കേണ്ടി വരികയും ചിലരുടെയൊക്കെ വിരോധത്തിന് പാത്രമാവുകയും ചെയ്തു. നിരന്തരം കഥകളയച്ചു കൊണ്ടിരുന്ന പാവം ചില മനുഷ്യരെ ഞാന്‍ സമര്‍ത്ഥമായി തിരിഞ്ഞു വിട്ട് അവരെക്കൊണ്ട് ഗള്‍ഫ് സംബന്ധിയായ ഫീച്ചറുകളും മറ്റും ചെയ്യിച്ചു. അവരില്‍ ബഹുഭൂരിഭാഗവും ഭംഗിയായി ചെയ്യുകയും ചെയ്തു. 
 
പേര് അച്ചടിച്ചു കാണുന്നതിന്റെ സന്തോഷം അവര്‍ക്കുണ്ടായി. എനിക്കാണെങ്കില്‍ കഥാസാഹിത്യത്തെ വലിയൊരളവോളം രക്ഷിക്കാനുമായി!.
 
ഗള്‍ഫ് പത്രപ്രവര്‍ത്തന കാലത്ത് ഞാന്‍ ഏറെ പരിശ്രമിച്ചത് ഗൃഹാതുരത്വ കേന്ദ്രീകൃതമായ രചനകള്‍ക്കുമപ്പുറത്ത് പ്രവാസത്തിന്റെയും സാമ്പത്തികാ യാര്‍ത്ഥിത്വത്തിന്റെയും പ്രശ്‌നങ്ങള്‍ ഒരളവോളം കണ്ടുപിടിക്കാന്‍ ശ്രമിക്കാനാണ്. അത് വമ്പിച്ച ഒരു വിജയമായി എന്നെനിക്കു തോന്നിയിട്ടില്ലെങ്കിലും ചില ഉണര്‍വ്വുകള്‍ ഉണ്ടാക്കാന്‍ സാധിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നു.
 
കടലോരവാസികളാണ് മലയാളികള്‍. കീറിയെടുത്ത കോണകം ഉണക്കാനിട്ട പോലെയാണ് മാപ്പില്‍ നമ്മുടെ കേരളം. ഒരു ഭാഗം മുഴുവന്‍ കടലാണ്. വംശസംക്രമണത്തിന് ഏറ്റവും വിധേയമായവരില്‍ ഒരു വിഭാഗം നമ്മളാണ്. നമ്മുടെ കടലിലൂടെ അറബികള്‍, പേര്‍ഷ്യക്കാര്‍ വന്നു. അതിനും മുമ്പ് ചീനര്‍ വന്നു. പോര്‍ച്ചുഗീസുകാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ലീഷുകാര്‍ വന്നു. ഫലമോ, പത്തു മലയാളിയെ കണ്ടാല്‍ പത്തു രാജ്യക്കാരെ ഓര്‍മ്മ വന്നേക്കാം. ചര്‍മ്മത്തിലെ ആ തവിട്ടുരാശി ഒഴിവാക്കണമെന്നു മാത്രം. 
 
പത്തു തമിഴന്‍മാരെ കണ്ടാല്‍ അങ്ങനെ പത്തുവിധം തോന്നില്ല. രക്തത്തിലെ വംശാധിനിവേശം അനേകം രാജ്യസ്മൃതികള്‍ മലയാളികളുടെ മുഖഛായയില്‍ രേഖപ്പെടുത്തി. എളുപ്പം ഏതു രാജ്യത്തു പോയും ജീവിക്കാനുള്ള ജൈവിക ത്രാണിയുണ്ടായത് ഈ വംശാധിനിവേശത്തിന്റെ ഫലമാണെന്ന് സ്വകാര്യമായി ഇതെഴുതുന്ന ആള്‍ വിശ്വസിക്കുന്നു. ആ വിശ്വാസത്തെ വല്ലാതെ ആവിഷ്‌കരിക്കുന്ന കഥ, തികച്ചും അപ്രതീക്ഷിതമായി ഞാനെന്ന പത്രാധിപന്റെ മേശപ്പുറത്തേക്കു ഒരു ദിവസം വന്നു. അബുദാബിയില്‍ പുറത്ത് ചുടുകാറ്റടിക്കുന്ന ആ വേനല്‍ക്കാലത്ത് ദുര്‍ബലമായിപ്പോയ എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍ വിയര്‍ക്കാന്‍ തുടങ്ങിയ ഞാന്‍ ഈ കഥ വായിച്ച് തണുത്തു. 
 
പ്രവാസത്തെപ്പറ്റി ഞാന്‍ വായിച്ച ഏറ്റവും മനോഹരമായ കഥ. എഴുതിയത് ഇ. വിവേകാനന്ദന്‍ എന്ന എഴുത്തുകാരന്‍. ഞാനിതുവരെ എവിടെയും അയാളെപ്പറ്റി കേട്ടിട്ടില്ല. സന്തോഷം അടക്കാനാവാതെ ഷാര്‍ജയിലുള്ള ആ കഥാകാരനെ ഞാന്‍ ഫോണില്‍ വിളിച്ചു. പ്രശംസ കൊണ്ട് അയാള്‍ നശിച്ചുപോകാതിരിക്കാന്‍ ഏറെ പരിശ്രമിച്ച് ഞാന്‍ വാക്കുകളെ നിയന്ത്രിച്ചു. 
 
പ്രവാസത്തിന്റെ ജൈവികത്വരയെപ്പറ്റിയുള്ള ആ മനോഹരമായ കഥയ്ക്കു ശേഷം അയാളെ കണ്ടില്ല. അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു, അയാള്‍ മറ്റൊരു രാജ്യത്തേക്ക് പോയിരിക്കുന്നു. അര്‍ത്ഥവത്തായ ഒരു കഥ. അയാളെപ്പോലെ തന്നെ. 
 
ആത്മാവിഷ്‌കാരത്തിന്റെ ആന്തരികമായ അത്തരം ചോരയോട്ടത്തിന്റെ ശബ്ദത്തിനായി ഒരു പത്രാധിപരായി ഇപ്പോഴുമിരിക്കുമ്പോഴും ഞാന്‍ കാതോര്‍ക്കുന്നു. പ്രതീതി സാഹിത്യമല്ല എനിക്ക് വേണ്ടത്. ഒറിജിനല്‍. വെറും ഒറിജിനല്‍!. മൂന്നാം കണ്ണുള്ള ഒറിജിനല്‍!.പത്രാധിപനു കിട്ടുന്ന ഏറ്റവും വലിയ പാരിതോഷികവും അതു തന്നെയാണ്.

Search site