നോള്‍ കാര്‍ഡിന് പകരം മൊബൈല്‍; ആര്‍.ടി.എ സ്മാര്‍ട്ടാകുന്നു

ബസ്-മെട്രോ യാത്രക്കാര്‍ക്ക് ശുഭകരമായ സഞ്ചാരം ഉറപ്പാക്കുന്നതിന് ആര്‍.ടി.എ 'സ്മാര്‍ട്ട് നോള്‍' സര്‍വീസ് നടപ്പാക്കുന്നു. നോള്‍ കാര്‍ഡിന് പകരം മൊബൈല്‍ ഫോണുകളില്‍ പ്രത്യേക എന്‍.എഫ്.സി (നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍) സിം കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതാണ് പുതിയ സംവിധാനം. 
 
യു.എ.ഇയിലെ പ്രമുഖ ടെലികമ്യൂണിക്കേഷന്‍ കമ്പനികളായ ഇത്തിസാലാത്തും ഡൂവുമായി ചേര്‍ന്ന് പുതിയ സ്മാര്‍ട്ട് നോള്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി ആര്‍.ടി.എ; സി.ഇ.ഒ അബ്ദുല്ല അലി അല്‍ മദനി പറഞ്ഞു. എന്‍.എഫ്.സി സജീകരണമുളള മൊബൈലില്‍ പ്രത്യേക സിം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ നോള്‍ സര്‍വീസിന് കൂടി ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം. 
 
ഇതില്‍ പ്രകടമായ മാറ്റമില്ലെന്നും ഉപയോഗരീതി പഴയതുപോലെയാണെന്നും അലി അല്‍ മദനി പറഞ്ഞു. നിലവില്‍ ആര്‍.ടി.എക്ക് 6 മില്യണ്‍ നോള്‍ കാര്‍ഡുകളാണുള്ളത്. നോള്‍ കാര്‍ഡ് സംവിധാനം മൊബൈലിലേക്ക് മാറ്റാനുള്ള മാര്‍ഗങ്ങള്‍ എളുപ്പമാണെന്നാണ് ആര്‍.ടി.എ വിലയിരുത്തുന്നത്. എന്‍.എഫ്.സി സംവിധാനമുള്ള മൊബൈല്‍ സെറ്റുകള്‍ യു.എ.ഇയില്‍ വ്യാപകമാണ്. 
 
അതുകൊണ്ട് തന്നെ സ്മാര്‍ട്ട് നോളിലേക്കുള്ള മാറ്റവും എളുപ്പമാകും. ഈ മാറ്റത്തിലൂടെ യാത്രക്കാര്‍ക്ക് നിരവധി എളുപ്പമാര്‍ഗങ്ങളാണ് ആര്‍.ടി.എ പ്രദാനം ചെയ്യുന്നത്. എന്‍.എഫ്.സി ഫോണ്‍ ഉപയോഗിച്ച് ബസ്, മെട്രോ, വാട്ടര്‍ ബസ് തുടങ്ങിയവയില്‍ ചെക്ക് ഇനും ചെക്ക് ഔട്ടും ചെയ്യാനാവും. മെട്രോ സ്റ്റേഷനുകളിലെ പാസിംഗ് ഗേറ്റുകളിലും വാലിഡേറ്റര്‍ ഡിവൈസിലും യാത്രക്കാര്‍ക്ക് തങ്ങളുടെ മൊബൈല്‍ ഉപയോഗിക്കാനാവും. 
 
പൊതുയാത്രാ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ഇത്തിസാലാത്തിന്റെയും ഡൂവിന്റെയും ഔട്ട്‌ലെറ്റുകളില്‍ നിന്ന് സ്മാര്‍ട്ട് നോള്‍ സര്‍വീസ് സ്വന്തമാക്കാനാവും. കാര്‍ഡ് റീ ചാര്‍ജ് ചെയ്ത് യാത്ര ചെയ്യാം. തങ്ങളുടെ കൈവശമുള്ള മൊബൈല്‍ എന്‍.എഫ്.സി സജീകരണമുള്ളതാണോ എന്നറിയാനും ഇവര്‍ സഹായിക്കും. പുതിയ എന്‍.എഫ്.സി സാങ്കേതിക സംവിധാനം ഉപയോഗിച്ചുള്ള ഈ പരിഷ്‌കാരം യാത്രാ വ്യവസായ രംഗത്ത് വിപ്ലവകരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഇത്തിസാലാത്ത് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഖാലിദ് അല്‍ ഖൗലി പറഞ്ഞു. 
 
ദുബൈയില്‍ സുഗമവും സന്തോഷപ്രദവുമായ യാത്രാ സൗകര്യം പ്രദാനം ചെയ്യുന്നതാണ് പുതിയ സംവിധാനമെന്ന് ഡൂ ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ ഫഹദ് അല്‍ ഹസ്സാവി പറഞ്ഞു. ദുബൈയുടെ ഇ-ഗവണ്‍മെന്റ് വിഷന് ഇത് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
ഇത്തിസാലാത്തിന്റെയും ഡൂവിന്റെയും ബിസിനസ് സെന്ററുകളില്‍ സെപ്തംബര്‍ 29 മുതല്‍ എന്‍.എഫ്.സി സിം കാര്‍ഡുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍.ടി.എയുടെ 800 9090 നമ്പറില്‍ വിളിക്കാവുന്നതാണ്.

Search site