നോര്‍ത്ത് 24 കാതം: ഒരു മികച്ച ചിത്രം, കല്ലുകടിയില്ലാതെ കാണാം

പുതുമുഖ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത 'നോര്‍ത്ത് 24 കാതം' കഥയും അവതരണ രീതിയും സാങ്കേതിക മികവും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഫഹദ് ഫാസില്‍, നെടുമുടി വേണു, സ്വാതി റെഡ്ഡി എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം മലയാളിക്ക് ചിരപരിചിതമായ ഹര്‍ത്താല്‍, ഹൈജീന്‍ ശീലങ്ങളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു നീങ്ങുന്നത്. ഒറ്റ യാത്രയില്‍ ജീവിതം മാറിമറിയുന്നത് മുമ്പ് 'പാസഞ്ചര്‍' അടക്കം പല ചിത്രങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും പുതിയ ആഖ്യാനത്തോടെ മുഷിവില്ലാതെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. പുതുമുഖ നടന്മാരില്‍ തന്റെ സ്ഥാനം മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നിലാണെന്ന് ഫഹദ് ഫാസില്‍ ഈ 'വൃത്തിരാക്ഷസ' ഐ.ടി പ്രൊഫഷണല്‍ വേഷത്തിലൂടെ വീണ്ടും അടിവരയിടുന്നു.
 
 
അമിതവൃത്തിക്കാരനും ഗൗരവ പ്രകൃതക്കാരനുമായ ഐ.ടി പ്രഫഷണലായ ഹരികൃഷ്ണന്‍ (ഫഹദ് ഫാസില്‍) കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യത്തിനു വേണ്ടി നടത്തുന്ന ഒരു യാത്രയും അതിനിടെയുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ആകെത്തുക. ചില പ്രത്യേക കാരണങ്ങളാല്‍ യാത്ര പാതിവഴിയില്‍ നിര്‍ത്തേണ്ടി വരുന്ന ഹരി, ഒരു ഹര്‍ത്താല്‍ ദിനത്തിലേക്കാണ് ചെന്നുപെടുന്നത്. അപരിചിതര്‍ തമ്മില്‍ വിടരുന്ന പരിചയവും സൗഹൃദവും സ്‌നേഹവുമായി കഥ മുന്നോട്ടുപോകുന്നു. കടുപ്പക്കാരനായ ഹരി, കഥാന്ത്യത്തില്‍ പ്രണയാര്‍ദ്രനാകുന്നുണ്ട്.
 
പ്ലസ് പോയിന്റ്‌സ്:
 
തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സമയമെടുത്ത് സൂക്ഷ്മതയോടെ രചിച്ച തിരക്കഥയുടെയും സംഭാഷണത്തിന്റെയും ഗുണം ചിത്രത്തിലുടനീളം കാണാനുണ്ട്. അബദ്ധങ്ങളോ അവിശ്വസനീയതയോ ഇല്ലെന്നത് ആസ്വാദനം സുഗമമാക്കുന്നു. സന്ദര്‍ഭത്തിനൊത്തുള്ള നര്‍മങ്ങളെല്ലാം ആസ്വാദ്യമാണ്. കഥ നടക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യത്തിലും രാപ്പകല്‍ വ്യത്യാസങ്ങളിലും തിരക്കഥാകൃത്തിന്റെ ശ്രദ്ധ കാണാം. തിരക്കഥാകൃത്ത് തന്നെ സംവിധാനം ചെയ്യുന്നതിന്റെ ഗുണം ചിത്രത്തിന് ഉടനീളം ഊര്‍ജ്ജം പകരുന്നുണ്ട്.
 
ഫഹദ് ഫാസിലിന്റെ അഭിനയ മികവ് എടുത്തു പറയേണ്ടതുണ്ട്. അടുക്കു ചിട്ടയും അമിത വൃത്തിയും ഗൗരവ പ്രകൃതവുമുള്ള / obsessive compulsive disorder ബാധയുള്ള ഐ.ടി പ്രൊഫഷണലിനെ ഫഹദ് ഗംഭീരമാക്കി. തന്റെ മുന്‍ചിത്രങ്ങളില്‍ കണ്ടിട്ടുള്ള സ്മാര്‍ട്ട്‌നസ് / പാവത്താന്‍ ഭാവത്തില്‍ നിന്ന് ഈ കഥാപാത്രത്തിലേക്കുള്ള മാറ്റം ശ്രദ്ധേയമാണ്. പ്രേക്ഷകരില്‍ താല്‍പര്യം ജനിപ്പിക്കുന്ന ഈ അതിവൃത്തിക്കാരനായി ഫഹദ് നിറഞ്ഞുനില്‍ക്കുന്നു. കഥാന്ത്യത്തില്‍ ഫഹദിന്റെ ഹരി എന്ന കഥാപാത്രം ആദ്യമായി ചിരിക്കുന്ന രംഗത്ത് തിയേറ്ററിലുയര്‍ന്ന കൈയടി ഇതിന് അടിവരയിടുന്നു.
 
 
 
നെടുമുടി വേണു, സ്വാതി റെഡ്ഡി, ശ്രീനാഥ് ഭാസി, തലൈവാസല്‍ വിജയ് എന്നിവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി. തമിഴിലെ ന്യൂഇറ കൊമേഡിയന്മാരില്‍ ശ്രദ്ധേയനായ പ്രേംജി അമരന്‍ 'എവ്വളവോ പണ്ണീട്ടേന്‍ , ഇതുകൂടി പണ്ണലാമാ' എന്ന തന്റെ പ്രസിദ്ധമായ ഡയലോഗുമായും എത്തുന്നുണ്ട്.
 
ജയേഷ് നായരുടെ ക്യാമറാ വര്‍ക്കും ഗേവിന്ദ് പി മേനോന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ പ്രമേയം ആവശ്യപ്പെടുന്ന രീതിയിലുള്ളതാണ്. സങ്കടം, ഉത്കണ്ഠ, പ്രണയം തുടങ്ങി ഒന്നും 'ഓവറാ'ക്കിയില്ല എന്നതിന് സംവിധായകനെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ. നെടുമുടി വേണുവിന്റെ കഥാപാത്രമായ സഖാവ് വീട്ടില്‍ തിരിച്ചെത്തുമ്പോഴത്തെ രംഗങ്ങള്‍ മറ്റൊരാളുടെ സംവിധാനത്തിലാണെങ്കില്‍ ശോകത്താല്‍ കുളമാവേണ്ടതായിരുന്നു. കൊളിന്‍സ് ലിയോഫിലിന്റെ പരസ്യ ഡിസൈന്‍ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണ്.
 
മൈനസ്:
 
അനാവശ്യ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാതിരിക്കുക എന്നത് സംവിധായകന്റെ തീരുമാനമാകാമെങ്കിലും ചിത്രത്തെ ചെറിയ തരത്തില്‍ അത് നെഗറ്റീവായി ബാധിക്കുന്നുണ്ട്. ഹരി മിസ്സിംഗ് ആണെന്നറിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഓഫീസിലുള്ളവര്‍ പോലീസിനെ സമീപിക്കുന്നതിനു പകരം നേരിട്ട് തെരയാനിറങ്ങുന്നത് അവിശ്വസനീയമായി തോന്നി. അവരുടെ തെരച്ചിലും ഉത്കണ്ഠയുമൊന്നും വേണ്ടവിധം ദൃശ്യവല്‍ക്കരിച്ചില്ല.
റഫീക്ക് അഹമ്മദ് അടക്കം നാലുപേര്‍ എഴുതിയ ഗാനങ്ങള്‍ ചിത്രത്തിലുണ്ടെങ്കിലും ഒന്നുപോലും ഓര്‍മയില്‍ നില്‍ക്കുന്നതല്ല. സ്വാതി റെഡ്ഡിയുടെ കഥാപാത്രത്തെ തട്ടിക്കൊണ്ടുപോകുന്നത് ആശങ്ക ചോരാതെ കാണിക്കുന്നുണ്ട്. എന്നാല്‍ എതിരാളിയെ അവള്‍ അടിച്ചോടിച്ചതിന്റെ സൂചന പിന്നീട് കാണിക്കുന്നുണ്ടെങ്കിലും അതിനൊത്ത സാഹചര്യം ചിത്രത്തിലെങ്ങുമില്ല.
 
വിധി:
 
ആദ്യാന്തം ചെറുചിരിയോടെയും താല്‍പര്യത്തോടെയും കണ്ടിരിക്കാവുന്ന ഒരു ചിത്രം. ആടിപ്പാടുകയും ആര്‍പ്പുവിളിക്കുകയുമാണ് ഉദ്ദേശ്യമെങ്കില്‍ മറ്റേതെങ്കിലും ചിത്രം തെരഞ്ഞെടുക്കുകയാവും നല്ലത്.

Search site