നോക്കിയ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു

ലോകത്തെ വന്‍കിട മൊബൈല്‍ കമ്പനി നോക്കിയയെ വിലക്കുവാങ്ങാന്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. 5.4 ബില്യണ്‍ യൂറോ(ഏകദേശം 47500 കോടി രൂപ)ക്കാണ് കച്ചവടം. നോക്കിയയുടെ എല്ലാ പേറ്റന്റുകളും മാപ്പിങ് സര്‍വീസുകളും മൈക്രോസോഫ്റ്റിന് കൈമാറും. 
 
2014 ന്റെ തുടക്കത്തില്‍ വില്‍പ്പന ഇടപാട് പൂര്‍ത്തിയാകുമെന്ന് കമ്പനികള്‍ പറഞ്ഞു. നോക്കിയയുടെ 32000 ജീവനക്കാരെയും മൈക്രോസോഫ്റ്റ് ഏറ്റെടുക്കും. സ്മാര്‍ട് ഫോണ്‍ രംഗത്ത് സാംസങ്, ആപ്പിള്‍ കമ്പനികളുമായുള്ള മത്സരത്തില്‍ നോക്കിയ പിന്നാക്കം പോകുന്ന ഘട്ടത്തിലാണ് ടെക്‌നോളജി ചരിത്രത്തില്‍ തന്നെ ചരിത്രപ്രധാനമായ ഏറ്റെടുക്കല്‍. 2012 ല്‍ 30.176 ബില്യണായിരുന്നു നോക്കിയയുടെ വരുമാനം. 2011 മുതല്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് സോഫ്റ്റ്‌വെയര്‍ നോക്കിയ ഫോണുകളില്‍ ഉപയോഗിക്കുന്നുണ്ട്. 
 
ഭാവിയിലേക്കുള്ള ധീരമായ കാല്‍വെപ്പാണ് ഈ തീരുമാനമെന്ന് മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് ബല്ലാമര്‍ പറഞ്ഞു. ജീവനക്കാര്‍, ഓഹരിയുടമകള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് ഇടപാട് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
സ്മാര്‍ട് ഫോണുകള്‍, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയോടുള്ള ആഭിമുഖ്യം പരമ്പരാഗത ഡസ്‌ക്‌ടോപ്പ്, ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകളുടെ വില്‍പ്പന കുറച്ച ഘട്ടത്തില്‍ മൈക്രോസോഫ്റ്റിനും പുതിയ ഇടപാട് നേട്ടമായേക്കും. നോക്കിയയുടെ സാങ്കേതിക വിദ്യ കൂടി ഉള്‍പ്പെടുത്തി ടാബ്‌ലറ്റ്, സ്മാര്‍ട് ഫോണ്‍ രംഗത്ത് വലിയ നേട്ടം കൈവരിക്കാമെന്ന കണക്കുകൂട്ടലിലാണ് മൈക്രോസോഫ്റ്റ്. കഴിഞ്ഞ വര്‍ഷം കമ്പനി സര്‍ഫേസ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ പുറത്തിറക്കിയിരുന്നെങ്കിലും വിപണിയില്‍ നിന്ന് തണുത്ത പ്രതികരണമാണ് ലഭിച്ചത്. 
 
മൂന്ന് ദശാബ്ദം മൊബൈല്‍ ഹാന്‍സെറ്റ് വിപണി കീഴടക്കിയ യുഗത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. മൊബൈല്‍ വില്‍പ്പനയുടെ ആദ്യഘട്ടങ്ങളില്‍ വിപണി കീഴടക്കിയിരുന്ന നോക്കിയക്ക് ഈ വര്‍ഷം ജൂണ്‍വരെ മൊത്തം വില്‍പ്പനയുടെ 24 ശതമാനം മാത്രമാണ് നേടാനായത്. 
 
2012 ലെ അവസാന പാദത്തില്‍ കൈവരിക്കാനായത് 27 ശതമാനം വില്‍പ്പന. അതേസമയം, മൈക്രോസോഫ്റ്റ് ഓപറേറ്റിങ് സിസ്റ്റവുമായി വിപണയിലെത്തിയ ലൂമിയ സ്മാര്‍ട്‌ഫോണുകളുടെ വില്‍പ്പന ഉയരുകയും ചെയ്തിരുന്നു. 2013 ലെ ആദ്യ പാദത്തില്‍ 74 ലക്ഷം ലൂമിയ ഫോണുകള്‍ വിറ്റിട്ടുണ്ട്. 
 
മൈക്രോസോഫറ്റും നോക്കിയയും കൈകോര്‍ക്കുന്നത് ഗൂഗ്ള്‍, സാംസങ്, എച്ച്.ടി.സി, ബ്ലാക്‌ബെറി എന്നീ കമ്പനികള്‍ക്കാണ് ഭീഷണിയാകുക. പത്ത് വര്‍ഷത്തേക്ക് നോക്കിയയുടെ ബ്രാന്‍ഡ് അടയാളം മൊബൈല്‍ ഫോണ്‍ ഉല്‍പ്പന്നങ്ങളില്‍ പത്തുവര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള അനുമതിയും മൈക്രോസോഫ്റ്റ് വാങ്ങിയിട്ടുണ്ട്. 
 
കമ്പനി വില്‍ക്കുന്നതോടെ നോക്കിയ കോര്‍പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവും പ്രസിഡണ്ടുമായ സ്റ്റീഫന്‍ എലോപ്, മൈക്രോസോഫ്റ്റിന്റെ ഉപകരണ-സര്‍വീസ് യൂണിറ്റിന്റെ എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡണ്ടാകും. 2010 ല്‍ മൈക്രോസോഫ്റ്റ് വിട്ടാണ് എലോപ് നോക്കിയയിലെത്തിയിരുന്നത്. 
 
വില്‍പ്പന സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ വ്യാഴാഴ്ച, പ്രാദേശിക സമയം മൂന്ന് മണിക്ക് നോക്കിയ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. നവംബര്‍ 19 ന് അടിയന്തര ഓഹരി ഉടമകളുടെ യോഗവും ചേരുന്നുണ്ട്.

Search site