നീങ്ങാതെ മാലിന്യം

തിരൂരങ്ങാടി പഞ്ചായത്തില്‍ മാലിന്യനീക്കം താളം തെറ്റുന്നു.
 
 ചെമ്മാട്ടുള്ള അഴുക്കുചാലുകള്‍ അടഞ്ഞുകിടക്കുകയാണ്. ചെമ്മാട്-തലപ്പാറ റോഡില്‍ അഴുക്കുവെള്ളം ഡ്രെയ്‌നേജില്‍ കെട്ടിനിന്ന് കൊതുകുകള്‍ പെരുകുന്നു. ഓടയിലേക്ക് ചില ഹോട്ടലുകളില്‍നിന്നും മാലിന്യം തള്ളുന്നതായും പറയുന്നു. ഈ അഴുക്കുവെള്ളം പാറക്കടവ് പാലത്തിനടുത്ത് പുഴയിലേക്കാണ് എത്തുന്നത്. ചെമ്മാട്ടും പരിസരത്തും ശുചീകരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതെല്ലാം അപര്യാപ്തമായാണ് കാണുന്നത്. പല സ്ഥലങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നു.
 
 അഞ്ച് തൊഴിലാളികളാണ് തിരൂരങ്ങാടി പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ളത്. ഇതില്‍ മൂന്ന് ദിവസം ചെമ്മാട്ടങ്ങാടിയും പരിസരവും ശുചീകരിക്കും. മറ്റുള്ള ദിവസങ്ങളില്‍ വെന്നിയൂര്‍, കക്കാട്, തിരൂരങ്ങാടി, കരിപറമ്പ്, പതിനാറുങ്ങല്‍ എന്നിവിടങ്ങളിലാണ് ശുചീകരണം. മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ ഒരു വണ്ടിയാണുള്ളത്. അത് തകരാറിലാകുമ്പോള്‍ ശുചീകരണം താളം തെറ്റും. കൂടുതല്‍ തൊഴിലാളികളെ ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ടെന്നും നിയമനത്തിനുള്ള അനുവാദം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഹമ്മത്കുട്ടി ഹാജി പറഞ്ഞു.

Search site