നിതാഖാത്ത് മൂലം നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി ചാര്‍ട്ടേഡ് ഫ്‌ളൈറ്റ്

നവോദയ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ദമാം നവോദയയും ഐടിഎല്‍ ട്രാവല്‍ വേള്‍ഡും സംയുക്തമായി നിതാഖാത്ത് പ്രകാരം നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി പ്രത്യേക വിമാനം ദമാമില്‍നിന്നും കൊച്ചിയിലേക്ക് ചാര്‍ട്ട് ചെയ്യുന്നതായി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒക്‌ടോബര്‍ 4 നാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തിട്ടുള്ളത്. വിമാനത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എക്‌സിറ്റടിച്ച പാസ്സ്‌പോര്‍ട്ടുമായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് വിപുലമായ യാത്രഅയപ്പും നല്‍കാന്‍ ആലോചിക്കുന്നതായി പറഞ്ഞു. അതുപോലെതന്നെ ഒക്‌ടോബര്‍ 5 ന് രാവിലെ കൊച്ചിയിലെത്തുന്ന വിമാനയാത്രക്കാര്‍ക്ക് ജനപ്രതിനിധികളും സാംസ്‌കാരികനായകരും ചേര്‍ന്ന് സ്വീകരിക്കുന്നതാണെന്നും നവോദയ ഭാരവാഹികള്‍ അറിയിച്ചു. സ്വദേശിവല്‍ക്കരണം കാരണം നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍മാറുന്നിടത്താണ് നവോദയ മാത്യകപരമായ ദൗത്യം ഏറ്റെടുക്കുന്നത്. സര്‍ക്കാര്‍തലത്തില്‍ യാത്രാ ക്ലേശങ്ങള്‍ ദൂരികരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നിതാഖാത്ത് പദ്ധതിയെ ക്രിയാത്മകമായി സമീപിക്കുന്നതിനും പ്രവാസികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനും കഴിഞ്ഞിട്ടുണ്ട്. നിതാഖാത്ത് ബോധവല്‍ക്കരണവും സഹായിക്കുന്നതിനായി ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചതും ഇതിനകം 70 പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കിയതും നവോദയ ഭാരവാഹികള്‍ വിശദീകരിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ദമാം നവോദയ ഭാരവാഹികളായ ജോര്‍ജജ് വര്‍ഗീസ്, ഇ എം കബീര്‍, പവനന്‍, ഐ ടി എല്‍ മാനേജിങ്ങ് ഡയരക്ടര്‍ സിദീക്ക് അഹമദ്, ഇറാം ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ റസാക്ക് പങ്കെടുത്തു. 

Search site