നിതാഖാത്: ഖമീസിലെ തയ്യല്‍, വസ്ത്രമേഖലയില്‍ വന്‍തോതില്‍ കുടിയിറക്കം

സൗദി അറേബ്യയില്‍ തൊഴില്‍ മേഖല ചിട്ടപ്പെടുത്തുന്നതിന്‍െറ ഭാഗമായി നടപ്പാക്കുന്ന സ്വദേശിവത്കരണം ഖമീസിലെ തയ്യല്‍ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഖമീസ് ടൗണ്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന 12 തയ്യല്‍ കടകളില്‍ പത്തെണ്ണം ഇതിനകം പൂട്ടിക്കഴിഞ്ഞു. ഈ മേഖലയില്‍ പണിയെടുത്തിരുന്ന മലയാളികള്‍ മടക്കയാത്ര ആരംഭിച്ചു. ജിദ്ദയിലെയും, റിയാദിലെയും ഇഖാമയുമായി ഖമീസിലെത്തിയ മലയാളി തയ്യല്‍ക്കാര്‍ വിവിധ കടകളില്‍ മാസ വേതനത്തില്‍ വര്‍ഷങ്ങളായി ജോലിയെടുക്കുകയായിരുന്നു. മാസം തോറും സ്പോണ്‍സര്‍ക്ക് പണം നല്‍കിയും ഇഖാമ പുതുക്കിയും മിച്ചം വരുന്ന തുഛവരുമാനത്തില്‍ കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടാണ് ഇവര്‍ തിരിച്ച് നാട് പിടിക്കുന്നത്്.
 സ്വന്തം മുറിയിലോ ഷോപ്പ് ഉടമകള്‍ പ്രത്യേകം തയാറാക്കിയ മുറികളിലോ കടയിലോ ഇരുന്ന് ജോലിയെടുത്തിരുന്ന ഇവര്‍ക്കു മറ്റൊരു തൊഴില്‍മേഖലയിലേക്കും തിരിയാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. 40 വയസ്സിന് മുകളില്‍ പ്രായമുള്ള ഇവര്‍ക്കു മറ്റൊരു ജോലിനല്‍കാന്‍ ആരും തയാറാകുന്നില്ല. രണ്ടോ മൂന്നോ തയ്യല്‍ തൊഴിലാളികളുമായി കട നടത്തിയിരുന്നവര്‍ പുതിയ നിയമപ്രകാരം ഒരു സ്വദേശി പൗരനെയും ജോലിക്ക് വെക്കണം. അയാള്‍ക്ക് 3000 റിയാല്‍ ശമ്പളവും ഇന്‍ഷുറന്‍സും നല്‍കണം. തുഛവരുമാനമുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇത് താങ്ങാവുന്നതിനപ്പുറമാണെന്ന് 30 വര്‍ഷത്തോളമായി ഖമീസ് ടൗണില്‍ തയ്യല്‍ക്കട നടത്തുന്ന വളാഞ്ചേരിക്കാരന്‍ മുഹമ്മദ് ഇസ്മാഈല്‍ പറയുന്നു. കൂടാതെ നിലവിലെ തൊഴിലാളികളുടെ തനാസുല്‍ മാറ്റവും അധികഭാരമുണ്ടാക്കുന്നു. മറ്റൊരു കടയിലേക്ക് തനാസുല്‍ കൊടുത്താലും നിലവിലെ വേതനം തൊഴിലാളികള്‍ക്ക് ലഭിക്കില്ല. മുറികളില്‍ നിന്ന് തയ്യല്‍ നടത്തി കട മുമ്പോട്ട് കൊണ്ട് പോകാനും സാധിക്കില്ല. മുഹറം മുതല്‍ തുടങ്ങുന്ന പരിശോധനയില്‍ ഇവരെ പിടികൂടിയാല്‍ കനത്ത ശിക്ഷ കടയുടമക്കും സ്പോണ്‍സര്‍ക്കും നേരിടേണ്ടിവരുമെന്ന് തൊഴില്‍മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 ഇപ്പോള്‍ തന്നെ ഖമീസ് മുശൈതില്‍ ഒരു ഉടുപ്പ് തുന്നികിട്ടണമെങ്കില്‍ ഒന്നരമാസം മുതല്‍ രണ്ടരമാസം വരെ സമയമെടുക്കുന്നുണ്ട്. കുട്ടികളുടെ ഉടുപ്പുകളുടെയും മറ്റും തുണികളുടെ വില്‍പനയും കുത്തനെ ഇടിഞ്ഞതായി ഖമീസിലെ ടെക്സ്റ്റയില്‍സ് വ്യാപാരികള്‍ പറയുന്നു. തുന്നല്‍ മേഖല പ്രതിസന്ധിയിലായതോടെ ശരീരത്തിന്‍െറ ഇഷ്ടപ്രകാരം തുണി തുന്നിയിടാമെന്ന പ്രവാസികളുടെ മോഹവും നടക്കാതെയായി. തയ്യല്‍ മെഷീനുകളും മറ്റ് ഫര്‍ണിച്ചറുകളും ആരും എടുക്കാനില്ലാത്തതിനാല്‍ കിട്ടുന്ന വിലക്ക് വിറ്റൊഴിവാക്കുകയാണ്. അറബി വംശജരുടെ കുപ്പായം തുന്നുന്ന മേഖലയും പ്രതിസന്ധിയിലാണ്. ഖമീസില്‍ ഈ വ്യാപാരം നടത്തുന്നതും ഏറെ മലയാളികളാണ്.

Search site