നഴ്‌സ് അവഗണിച്ച യുവതി ആശുപത്രിക്ക്‌ പുറത്തെ പുല്ലില്‍ പ്രസവിച്ചു

വംശീയതയുടെ പേരില്‍ ആശുപത്രി ജീവനക്കാര്‍ അവഗണിച്ച യുവതി മെഡിക്കല്‍ സെന്ററിന്‌ പുറത്തെ പുല്‍ത്തകിടിയില്‍ കുഞ്ഞിന്‌ ജന്മം നല്‍കി. മെക്‌സിക്കോയിലെ ഓക്‌സാകാ സ്‌റ്റേറ്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരോ നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തത്‌ വന്‍ ഹിറ്റാകുകയും ആഗോള ചര്‍ച്ചകള്‍ക്ക്‌ വഴി വെക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസമാണ്‌ ഫോട്ടോ നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്‌. വേദന നിറഞ്ഞ മുഖത്തോടെ യുവതി പുല്ലില്‍ കുത്തിയിരിക്കുന്നതും പൊക്കിള്‍ക്കൊടിയോടെ ചോരക്കുഞ്ഞ്‌ പുറത്തേക്ക്‌ വരുന്നതുമാണ്‌ ചിത്രത്തില്‍. മെക്‌സിക്കോയിലെ ഗിരിവര്‍ഗ്ഗ യുവതി 29 കാരി ഇര്‍മാ ലോപ്പസിനായിരുന്നു ആരോഗ്യ ജീവനക്കാരുടെ അവഗണനയെ തുടര്‍ന്ന്‌ ആശുപത്രിക്ക്‌ പുറത്ത്‌ പ്രസവിക്കേണ്ടി വന്നത്‌. ഒക്‌ടോബര്‍ 2 നായിരുന്നു സംഭവം. പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന്‌ പരിശോധനയില്‍ മനസ്സിലാക്കിയെങ്കിലും ഭര്‍ത്താവിനെയും കൂട്ടി സാന്‍ ഫെലിപ്പേ ജലാപ്പ ഡേ ഡിയാസ്‌ ഗ്രാമത്തിലെ പ്രദേശിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ ഇര്‍മയോട്‌ എട്ടു മാസമേ ആയിട്ടുള്ളെന്ന്‌ പറഞ്ഞ്‌ നഴ്‌സ് മടക്കി അയയക്കുകയായിരുന്നു. മസാടെക്‌ വംശക്കാരും സ്‌പാനിഷ്‌ അത്ര പരിചയമില്ലാത്തതിനാലും എന്താണ്‌ നഴ്‌സ് പറഞ്ഞതെന്ന്‌ ഇവര്‍ക്ക്‌ മനസ്സിലായില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ പുലര്‍ച്ചെ 7.30 യോടെ പ്രസവവേദനയുടെ ലക്ഷണം കാണിച്ചു തുടങ്ങിയ ഇര്‍മ ക്‌ളിനിക്കിന്‌ പുറത്തെ പുല്‍ത്തകിടിയില്‍ പോയി ഇരിക്കുകയും സമീപത്തെ ഒരു ഭിത്തിയില്‍ പിടിച്ച്‌ ശ്രമം ആരംഭിക്കുകയുമായിരുന്നു. ഈ സമയത്ത്‌ നഴ്‌സിനെ സഹായത്തിന്‌ വിളിക്കാനായി ഭര്‍ത്താവ്‌ പോകുകയും ചെയ്‌തതിനാല്‍ പൂര്‍ണ്ണമായും ഒറ്റയ്‌ക്കായിരുന്നു ഇര്‍മ എല്ലാം ചെയ്‌തത്‌. ഇര്‍മയുടെ അലര്‍ച്ച കേട്ട്‌ സമീപത്തു കൂടിയവരില്‍ ഒരാളായ എലോയ്‌ പച്ചേക്കോ ലോപ്പസ്‌ എന്നയാളാണ്‌ ഇര്‍മയുടെ ദൈന്യത പകര്‍ത്തിയത്‌. ഇയാള്‍ ഫോട്ടോ സമീപത്തെ ഒരു പത്ര പ്രവര്‍ത്തകന്‌ നല്‍കുകയും അയാള്‍ അത്‌ പല പത്രങ്ങള്‍ക്ക്‌ നല്‍കുകയുമായിരുന്നു. പിന്നീട്‌ ചിത്രം ഇന്റര്‍നെറ്റിലും വന്‍ ഹിറ്റായി. കാര്യം വിവാദമായതോടെ ഹെല്‍ത്ത്‌ സെന്റര്‍ ഡയറക്‌ടര്‍ ഡോ: അഡ്രിയാന്‍ ക്രൂസിനെയും മറ്റ്‌ ജീവനക്കാരെയും പുറത്താക്കുകയും ഫെഡറല്‍ അന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയ്‌തിരിക്കുകയാണ്‌. അതേസമയം ഭാഷയാണ്‌ പ്രശ്‌നം ഉണ്ടാക്കിയതെന്നും മതിയായ സ്‌റ്റാഫുകള്‍ ഈ സമയത്ത്‌ ഇല്ലായിരുന്നെന്നുമാണ്‌ നഴ്‌സ് പറഞ്ഞത്‌. 

Search site