നരേന്ദ്രമോഡിയെ രാജ്യം സ്വീകരിക്കില്ല പി.കെ കുഞ്ഞാലിക്കുട്ടി

 നരേന്ദ്രമോഡി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് മുന്നണിക്കേ കഴിയൂവെന്നും ഇടതിന് വോട്ട് നല്‍കിയാല്‍ വിപരീത ഫലമാണുണ്ടാക്കുകയെന്നും മുസ്‌ലിംലീഗ് ദേശീയ ട്രഷററും വ്യവസായമന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 
 പൊന്നാനി ലോക്‌സഭാ മണ്ഡലം മുസ്‌ലിംലീഗ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിഭാഗീയതയുടെ അടയാളമായ മോഡിയെ രാജ്യം ഭീതിയോടെയാണ് കാണുന്നത്. ബി.ജെ.പിക്ക് പോലും വേണ്ടാത്തയാളെ രാജ്യം സ്വീകരിക്കില്ല. മോഡിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ ഇടത് മുന്നണി വോട്ട് ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.
 
 ഇടതില്‍ നിന്നത് കൊണ്ട് ആര്‍ക്കാണ് ഗുണം. സ്വാധീനമുണ്ടായിരുന്ന ബംഗാളും അവരെ കൈവിട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ റോള്‍ നിര്‍വഹിക്കാന്‍ ഇടതുമുന്നണിക്കാവില്ല, ഇന്ത്യയെ ശിഥിലമാക്കാന്‍ പറ്റില്ല. വിഭാഗീയതയുമായി വരുന്നവരെ ഒറ്റപ്പെടുത്തണം. പുരോഗതിക്ക് വേണ്ടി രാജ്യം ഒന്നിച്ചു നില്‍ക്കണം. മുസ്‌ലിംലീഗ് കാലേക്കൂട്ടി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത് ജയിക്കാനും കൂടെ നില്‍ക്കുന്നവരെ ജയിപ്പിക്കാനും വേണ്ടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ആഘോഷങ്ങളില്‍ നിറഞ്ഞു നിന്നത് ഹരിത പതാകയായിരുന്നു.
 
 മുസ്‌ലീംലീഗ് പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് വീര്യം തളര്‍ത്താനാവില്ല. ചെറുപ്പക്കാരുടെ ഒഴുക്കാണ് പാര്‍ട്ടിയിലേക്കെന്നും തീവ്രവാദവും ഭീകരവാദവും പറഞ്ഞ് ആരെയും പറ്റിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നടത്തിയ വര്‍ഗീയ-രാഷ്ട്രീയ നാടകങ്ങളുടെ അന്ത്യം എല്ലാവരും കണ്ടതാണ്.
 
 മുസ്‌ലിംലീഗിനെതിരെ രംഗത്ത് വരുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ വൈദ്യുതി പോസ്റ്റിലും ചുമരിലും പ്രബന്ധങ്ങളിലും മാത്രമാണെന്നും എന്നാല്‍ മുസ്‌ലിംലീഗ് ജനമനസ്സുകളിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Search site