നനഞ്ഞ ഇടം കുഴിക്കലല്ല മാധ്യമപ്രവര്‍ത്തനം

ആക്ഷേപഹാസ്യം എന്ന തലക്കെട്ടില്‍ രാഷ്ട്രീയ-സാമുദായിക ഭേദമില്ലാതെ ആരെയും കൊലവിളിക്കുകയും ഉടുതുണി ഉരിയിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍, മറ്റൊരു മാധ്യമത്തെ അത്രത്തോളവും എത്താത്ത പണി ചെയ്തതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്തത് ഈയിടെയാണ്. വിമര്‍ശത്തിന്റെ സൗന്ദര്യശാസ്ത്രത്തെ കുറിച്ച്‌
വകതിരിവും ബുദ്ധിയുമില്ലാത്ത പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ഈ വിവാദത്തിന്റെ കൊടിയേറ്റം. ലേഖനത്തിന്റെ 'പടനായര്‍' എന്ന തലക്കെട്ടില്‍ പോലും ഒരു സൗന്ദര്യസൗഷ്ഠവമുണ്ടായിരുന്നു. ന്യൂസ്‌റൂമുകളുടെ നാഭിച്ചുഴികളില്‍ വരേണ്യതയുടെ നാരായ വേരുകള്‍ എത്ര ആഴത്തില്‍ വേരടര്‍ത്തിയിരിക്കുന്നു എന്ന് അന്വേഷിക്കുന്നു.
 
1992 ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് മലയാള വാര്‍ത്താ ചാനലുകള്‍ക്ക് ചിറകു മുളക്കാഞ്ഞതു നന്നായി. അല്ലെങ്കില്‍ 93ലേക്കുള്ള 25 ദിവസത്തിന്റെ ചെറിയ ദൈര്‍ഘ്യം തന്നെ വലുതായിരുന്നു അവക്ക് കേരളത്തെ ചുട്ടുകത്തിക്കാന്‍. സ്‌നേഹ വിശ്വാസങ്ങള്‍ കൊണ്ട് കൂട്ടിക്കുഴച്ചെടുത്ത സൗഹാര്‍ദത്തിന്റെ മേല്‍പ്പുര കത്തുമ്പോഴും ശീതീകരിച്ച മുറിയില്‍ റേറ്റിംഗിന്റെ ഗ്രാഫ് വരക്കുകയാകും ചാനല്‍ യജമാനന്മാര്‍. അവര്‍ക്കിടയില്‍ കെ.എം മാത്യു സാറിനെ പോലെ ഒരാള്‍ ഇല്ലാതെ പോയല്ലോ. ആ പഴയ ഫിലിം ക്യാമറ കൊണ്ട് ഭീതിയുടെ കരിനിഴലില്‍ പി.മുസ്തഫ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മലയാള മനോരമയില്‍ ഒരുപക്ഷേ, ഇപ്പോഴും വെളിച്ചം കാണാതെ കിടപ്പുണ്ടാവും. നാടുകത്തിക്കുന്ന പടം എട്ടുകോളം നിരത്തി പത്രം വില്‍ക്കുന്നതിനേക്കാള്‍ അതു മേശപ്പുറത്തിരിക്കുന്നതാണ് കേരളത്തിന് നല്ലത് എന്ന് ചിന്തിക്കാനുള്ള സാമൂഹിക പ്രതിബദ്ധത മാത്യു സാറിനുണ്ടായിരുന്നു. 
 
മലയാളത്തിലെ അച്ചടി മാധ്യമങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് മുലകുടി പ്രായമേ ആയുള്ളൂ. എങ്കിലും കാഴ്ചയുടെ അപാര സാധ്യതയില്‍ മലയാളിയുടെ കാഴ്ചപ്പാടുകള്‍ വെട്ടിയൊതുക്കി പരുവപ്പെടുത്തുന്ന റിമോട്ട് കണ്‍ട്രോളായി മാറാന്‍ ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ അതിനായി. ഇടവേളകളില്ലാതെ മലയാളി ജീവിതത്തിലേക്ക് അവ തിരതള്ളിവന്നു. അടുക്കളകള്‍ പോലും കമേഴ്‌സ്യല്‍ ബ്രേക്കിംഗില്‍ തിടുക്കപ്പെട്ട് ഉണരുന്ന ഇടമായി മാറി. ഒരു പുതിയ സംസ്‌കാരം ഇടവേളകളില്ലാതെ ഉണരുകയും ചെയ്തു. 
 
കീഴാള-വരേണ്യ വര്‍ഗ മനോഭാവങ്ങള്‍ മലയാള മാധ്യമരംഗത്ത് അതിഭീകരമായി ചൂഴ്ന്നു നില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കുള്ള ചൂണ്ടുപലകയാണ് കഴിഞ്ഞദിവസങ്ങളിലെ ചാനലുകളിലെ പ്രധാനവാര്‍ത്തയും ടോക് ഷോകളും. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുരമാരന്‍ നായരുമായി ബന്ധപ്പെട്ട് ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ആക്ഷേപഹാസ്യ ലേഖനമാണ് നാടുകുലുക്കിയ വിവാദങ്ങളുടെ ആധാരം. 
 
മാധ്യമ മേഖലയിലെ വരേണ്യ ബോധത്തിന്റെ ഉദാഹരണം എന്നതിലപ്പുറം, കേരളത്തിലെ മതേതര മുസ്്‌ലിം സ്വത്വം അനുഭവിക്കുന്ന സാംസ്‌കാരിക പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട് ഈ വിവാദങ്ങള്‍. കേവലം രാഷ്ട്രീയ വിവാദങ്ങള്‍ എന്നതിനപ്പുറത്തേക്ക് കടുകുമണിയോളം ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടന്നിട്ടില്ല. 
 
ഞങ്ങള്‍ക്കാവാം, നിങ്ങള്‍ക്കു പറ്റില്ല എന്ന ധാര്‍ഷ്ഠ്യത്തിനാണ് ഈ വിഷയത്തില്‍ ചാനലുകള്‍ ദൃശ്യാവിഷ്‌കാരം നല്‍കിയത്. ആക്ഷേപഹാസ്യം എന്ന തലക്കെട്ടില്‍ രാഷ്ട്രീയ-സാമുദായിക ഭേദമില്ലാതെ ആരെയും കൊലവിളിക്കുകയും ഉടുതുണി ഉരിയിക്കുകയും ചെയ്യുന്ന ഇതേ മാധ്യമങ്ങള്‍ തന്നെയാണ് മറ്റൊരു മാധ്യമത്തെ അത്രത്തോളവും എത്താത്ത പണി ചെയ്തതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്തത്. വിമര്‍ശത്തിന്റെ സൗന്ദര്യശാസ്ത്രത്തെ കുറിച്ച് തീരെച്ചെറിയ വകതിരിവു പോലുമില്ലാത്തെ ന്യൂസ്‌റൂമുകളില്‍ നിന്നാണ് ഈ വിവാദത്തിന്റെ കൊടിയേറ്റം. ലേഖനത്തിന്റെ 'പടനായര്‍' എന്ന തലക്കെട്ടില്‍ പോലും ഒരു സൗന്ദര്യസൗഷ്ഠവമുണ്ട്. 
 
മലയാളത്തിലെ ന്യൂസ്ചാനലുകള്‍ അടിയന്തരമായി സഞ്ജയനെയോ ഇ.വി കൃഷ്ണപിള്ളയെയോ ചുരുങ്ങിയത് സമകാലീനരായ ഇന്ദ്രനെയോ വിമതനെയോ എങ്കിലും വായിക്കാന്‍ സന്മനസ്സു കാട്ടണം. 
 
'ജി.സുകുമാരന്‍ നായര്‍ക്കെതിരെ ചന്ദ്രികയുടെ മുഖപ്രസംഗം' എന്നായിരുന്നു പ്രതിവാര ആക്ഷേപ ഹാസ്യ പംക്തി പ്രസിദ്ധീകരിച്ച ഞായറാഴ്ച ചാനലുകളുടെ ബ്രേക്കിംഗ് ന്യൂസ്. പൊട്ടിത്തെറിച്ചു വന്ന ആ വാര്‍ത്ത കണ്ടപ്പോള്‍ വകതിരിവും ബുദ്ധിയുമുള്ള ഒരുത്തനും പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ ഇല്ലാതെ പോയല്ലോ എന്ന സങ്കടമായിരുന്നു ആദ്യം. വര്‍ത്തമാന പത്രങ്ങളില്‍ വെളുപ്പിനേ ഭൂതക്കണ്ണാടി വെച്ചു പരതുന്നതിനിടയില്‍ വന്ന പിഴവായേ തോന്നിയൂള്ളൂ. മുഖപ്രസംഗമല്ല, പ്രതിവാര ആക്ഷേപഹാസ്യ കോളമാണ് എന്ന ചന്ദ്രികയുടെ വിശദീകരണത്തോടെ അവസാനിക്കേണ്ടതായിരുന്നു അത്. അതുണ്ടായില്ല. പത്രം നടത്തി ഒന്നേകാല്‍ നൂറ്റാണ്ടിന്റെ പരിചയമുള്ളവരുടെ ചാനല്‍ പോലും മുഖപ്രസംഗം എന്ന് പറയുന്നതും എഴുതിക്കാണിക്കുന്നതും കണ്ടു. ലോകത്ത് ഏതെങ്കിലും ഒരു പത്രം മുഖപ്രസംഗത്തില്‍ കാരിക്കേച്ചര്‍ ഉപയോഗിച്ചതായി കേട്ടിട്ടില്ല.
ന്യൂസ്‌റൂമുകളുടെ നാഭിച്ചുഴികളില്‍ വരേണ്യതയുടെ നാരായ വേരുകള്‍ എത്ര ആഴത്തില്‍ വേരടര്‍ത്തിയിരിക്കുന്നു എന്ന് തെളിയിക്കപ്പെടുകയായിരുന്നു പിന്നീട്. എല്ലാവരും കലോത്സവത്തില്‍ പങ്കെടുക്കുന്ന ലാഘവത്തോടെ ഈ കൈകൊട്ടിക്കളിയില്‍ പങ്കെടുത്തു. ജപ്തി ഭീഷണിയുടെ കരിന്തേളു കുത്തുന്നവരും നിര്‍ഭയം നിരന്തരം നുണപറയുന്നവരും വാര്‍ത്തക്കിടെ വര്‍ഗീയതയുടെ വിഷക്കുപ്പി പൊട്ടിച്ചു. മലയാളത്തിലെ ആദ്യ സ്വകാര്യ ചാനല്‍, ലേഖനം പ്രസിദ്ധീകരിച്ച ദിവസം ഒമ്പതു മണിക്ക് നടത്തിയ ചര്‍ച്ചക്ക് പേരു നല്‍കിയത് 'എരിതീയില്‍ എണ്ണയൊഴിക്കുന്നത് ആര്' എന്ന അര്‍ത്ഥത്തിലുള്ളതായിരുന്നു. ഏതായിരുന്നു ആ എരിതീ എന്ന് അറിയാന്‍ മലയാളിക്ക് താല്‍പര്യമുണ്ട്. കോണ്‍ഗ്രസ് പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം, അദ്ദേഹത്തെ മന്ത്രിസഭയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് എന്‍.എസ്.എസിന്റെ നിലപാട് എന്നിവയാണ് സ്വാഭാവികമായും ചാനല്‍ ഉദ്ദേശിച്ചത്. അല്ലാതെ ആ സമയത്ത് അത്രക്ക് എരിയുന്നതായി ഒന്നും കേരളത്തിലുണ്ടായിരുന്നില്ല. തീര്‍ത്തും രാഷ്ട്രീയമായ ഒരു വിവാദത്തെ വര്‍ഗീയതയുടെ ആലയില്‍ കെട്ടി കറവയെടുക്കാനുള്ള ശ്രമമായിരുന്നു ചാനലുകളുടേത് എന്ന് വ്യക്തം. ദോഷം പറയരുതല്ലോ, ബി.ജെ.പിയില്‍ നിന്ന് മലയാളത്തിലെ ന്യൂസ് ചാനലുകളില്‍ ഏറ്റവും കൂടുതല്‍ ധനസഹായം കൈപറ്റുന്നത് 'നിര്‍ഭയവും നിരന്തര'വുമായി സംസാരിക്കുന്ന ചാനല്‍ തന്നെയാണ്. വിക്കിപീഡിയ തരുന്ന വിവരമനുസരിച്ച്, ബി.ജെ.പിയുടെ നയരൂപീകരണ ചുമതലയുള്ളയാളാണ് ചാനല്‍ ചെയര്‍മാന്‍ . 
 
ഒരു വര്‍ഗീയമായ ചേരിതിരിവ് ആരുടെ ആവശ്യമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. പണവും നയവും വെള്ളത്തില്‍ വരച്ച രേഖയാകാതിരിക്കണമെങ്കില്‍ ചിലതൊക്കെ വേണം എന്നാണ് എങ്കില്‍ ആ ചോരക്കറ കഴുകിയാല്‍ പോകുമോ? വര്‍ഗീയ മുതലെടുപ്പുകള്‍ക്ക് ന്യൂസ്‌റൂമുകളില്‍ തിരക്കഥയൊരുങ്ങുന്നത് മതേതര കേരളത്തിന് ചെയ്യുന്ന ആപത്ത് ചെറുതായിരിക്കില്ല. അതല്ല, വര്‍ഗീയതയും സാമുദായിക ചര്‍ച്ചകളും കമേഴ്‌സ്യല്‍ സ്ട്രാറ്റജിയുടെ ഭാഗമാണ് എങ്കില്‍ ആ ചോരപ്പണം തങ്ങള്‍ക്കു വേണ്ടാ എന്ന് തീരുമാനിക്കാനുള്ള ആര്‍ജവം ചാനലുടമകള്‍ കാണിക്കണം. 
മുസ്‌ലിം രാഷ്ട്രീയ ജീവിതത്തോടാണ് ചര്‍ച്ചകളില്‍ നിറയെ ചാനലുകള്‍ സംസാരിച്ചത്. അതിനപ്പുറം സാംസ്‌കാരികമായി, മുസ്‌ലിം സ്വത്വം നേരിടുന്ന വലിയ പ്രതിസന്ധി ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. മതവിശ്വാസിയായ മുസ്‌ലിമിനെ മതേതരന്‍/മതമൗലിക വാദി എന്നീ രണ്ടു തരം തിരിവുകള്‍ ഏര്‍പ്പെടുത്തുകയും അതിലേതാണ് താന്‍ എന്ന് ബോധ്യപ്പെടുത്തേണ്ടി വരികയും ചെയ്തിരിക്കുന്നു ഇപ്പോള്‍. താന്‍ ഏതു പക്ഷത്ത് എന്ന് തെളിയിക്കേണ്ടത് ഒരു ബാധ്യതയായി മുസ്‌ലിമിന്റെ കഴുത്തില്‍ തൂങ്ങിക്കിടക്കുകയാണ്, മതേതര കേരളത്തില്‍ പോലും. സാംസ്‌കാരികമായ ഒരു അടിയന്തരാവസ്ഥയെ മത വിശ്വാസിയായ മലയാളി മുസ്‌ലിം ഇന്ന് നേരിടേന്നി വരുന്നുണ്ട്. 
 
ദശാബ്ദങ്ങള്‍ നീണ്ട ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പോരാട്ട ഫലമായിട്ടു തന്നെയാണ്, മുസ്‌ലിം സമുദായം ഇന്നിക്കാണുന്ന നിലക്കെങ്കിലുമെത്തിയത്. ഈ ഊറത്തിലും കുതിപ്പിലും ചിലര്‍ക്കുള്ള ചെടിപ്പാണിപ്പോള്‍ അറിഞ്ഞോ അറിയാതെയോ കാഴ്ചകളില്‍ നിറയുന്നത്. മുസ്‌ലിമിന്റെ രാഷ്ട്രീയ-സാംസ്‌കാരിക അജണ്ടകള്‍ തങ്ങള്‍ നിര്‍മിച്ചാല്‍ മതി എന്ന മാടമ്പിത്തരം ഇതിനു പിന്നിലുണ്ട്. 
 
ഇത് നേരത്തെയുമുണ്ടായിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി, അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് ചന്ദ്രിക എഴുതിയ മുഖപ്രസംഗമായിരുന്നു അന്നത്തെ ചാനല്‍ ആഘോഷങ്ങള്‍ക്ക് കാരണം. അരുന്ധതി റോയ് അടക്കമുള്ള നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും ഹിന്ദു പത്രമടക്കമുള്ള മാധ്യമങ്ങളും ഉയര്‍ത്തിയ ആശങ്കകള്‍ തന്നെയാണ് ചന്ദ്രികയും ഉയര്‍ത്തിയത്. അരുന്ധതിയും ഹിന്ദു പത്രവും പറയുമ്പോള്‍ മനുഷ്യാവകാശ പോരാട്ടവും ചന്ദ്രിക പറയുമ്പോള്‍ മതതീവ്രവാദവും എന്നത് എവിടത്തെ മര്യാദയാണ്. അര്‍ഹിച്ചത് കിട്ടിയില്ല എന്ന് പറയുന്നതു പോലും തീവ്രവാദമാണ് എന്ന ഉപബോധ ഭീതി മുസ്്‌ലിം മനസ്സില്‍ നിര്‍മിച്ചതില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 
 
കേരളത്തിലെ സാമുദായിക ഘടന ഏതുനിമിഷവും പൊട്ടിത്തെറിക്കുന്ന ബോംബായി മാറി എന്ന പ്രചാരണം കെട്ടിയുണ്ടാക്കിയതിനു പിന്നില്‍ ദൃശ്യമാധ്യമങ്ങള്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. കാവിയും കുരിശും മിനാരവും സൗഹൃദത്തിന്റെ പൊന്നടയാളങ്ങളായിരുന്ന കാലത്തു നിന്ന് സാമുദായിക സന്തുലനത്തിന്റെ വിടുവായത്ത ചര്‍ച്ചകള്‍ സംഘടിപ്പിച്ച് വിഷം കുത്തിവെക്കുന്നതില്‍ ചാനലുകള്‍ ഇനിയെങ്കിലും ആത്മപരിശോധന നടത്തിയെങ്കില്‍. 
 
സാമുദായിക സന്തുലനം എന്നത് മുസ്‌ലിംലീഗിന്റെ അഞ്ചാം മന്ത്രി വിഷയത്തില്‍ പൊട്ടിമുളച്ചതല്ല. സംസ്ഥാനത്തെ ഒന്നാം മന്ത്രിസഭ മുതല്‍ ഈ വിഷയം കേരളം ചര്‍ച്ച ചെയ്തിട്ടുണ്ട്, ആരോഗ്യകരമായ ചര്‍ച്ചകള്‍. അന്നു മുതല്‍ ഇന്നു വരെ മലയാളത്തിലെ സാമുദായിക സൗഹാര്‍ദത്തിന് കാര്യമായ കോട്ടമൊന്നും തട്ടിയിട്ടില്ല. ഭരണത്തിലെ സാമുദായിക പ്രാതിനിധ്യത്തില്‍ എന്‍.എസ്.എസ് ആചാര്യന്‍ മന്നത്ത് പത്മനാഭനും കേരളകൗമുദി എഡിറ്റര്‍ കെ.സുകുമാരനും തമ്മില്‍ നടന്ന ആരോഗ്യകരമായ ചര്‍ച്ചകള്‍ ഇടവേളകളിലെങ്കിലും ചാനല്‍ അവതാരകര്‍ വായിച്ചിരിക്കുന്നത് നന്ന്; നനഞ്ഞ ഇടം കുഴിക്കലല്ല മാധ്യമപ്രവര്‍ത്തനം എന്ന തിരിച്ചറിവിന് നല്ലതാണ് അത്.

Search site