ധോണി തകര്‍ന്നു; ദ്രാവിഡ് ഫൈനലില്‍

രണ്ടു തലമുറകളിലെ നായകരുടെ മാറ്റുനോക്കലായ ചാമ്പ്യന്‍സ്‌ലീഗ് ടി20 സെമി ഫൈനലില്‍ മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 14 റണ്‍സിന് തകര്‍ത്തെറിഞ്ഞ് രാഹുല്‍ ദ്രാവിഡ് നയിച്ച രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍. 
 
ബാറ്റിങില്‍ അജിന്‍ക്യ രഹാനെയും (56 പന്തില്‍ 70 ), ബൗളിങില്‍ പ്രവീണ്‍ താംബെയും ( നാല് ഓവറില്‍ 10 റണ്‍സ് നല്‍കി മൂന്നു വിക്കറ്റ്) രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
 
ഐ.പി.എല്‍ ടീമുകള്‍ മുഖാമുഖം വന്ന പോരാട്ടത്തില്‍ ടോസ് ചെന്നൈക്കായിരുന്നു. ആദ്യം ബാറ്റുചെയ്യേണ്ടി വന്ന രാജസ്ഥാന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. രഹാനെക്കു പുറമെ ഷെയ്ന്‍ വാട്‌സണും (23 പന്തില്‍ 32) മിന്നി. 72/7 എന്ന നിലയില്‍ നിന്ന് ക്രിസ് മോറിസും ആര്‍.അശ്വിനും ചേര്‍ന്ന് ചെന്നൈയെ ഏഴിന് 145 എന്ന സ്‌കോറിലെത്തിച്ചെങ്കിലും മൂന്നു പന്തില്‍ 15 റണ്‍സ് ആവശ്യമായ ഘട്ടത്തില്‍ അശ്വിന്‍ (27 പന്തില്‍ 46) മടങ്ങിയതോടെ ചെന്നൈയുടെ പ്രതീക്ഷ അവസാനിച്ചു. 
 
കാല്‍പ്പനികതയുടെ കൊടുങ്കാറ്റ്
 
കറുത്തവന്‍ കളത്തിലിറങ്ങിയപ്പോഴെല്ലാം കരുത്തും വേഗതയും കാണികളെ മത്തുപിടിപ്പിച്ചു. ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിന്റെ സുവര്‍ണ കാലത്തായിരുന്നു ആ കാഴ്ചകള്‍. പ്രതാപത്തിന്റെ സ്ഫുരണങ്ങള്‍ വെസ്റ്റിന്‍ഡീസുകാര്‍ തിരികെ പിടിക്കാന്‍ പരിശ്രമിക്കുന്ന ഇക്കാലത്ത് പക്ഷേ, ക്രിക്കറ്റ് ലോകത്തിന്റെ പലഭാഗത്തായി അവ ചിതറിക്കിടക്കുകയാണ്. തന്ത്രങ്ങള്‍ കുറഞ്ഞവനെ പേശീബലം സഹായിക്കുന്ന ടി20 ക്രിക്കറ്റ് ലോകത്താണ് ഇപ്പോള്‍ വെസ്റ്റിന്‍ഡീസിന് വിലാസം. 
 
ടി20 ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗൊയും മാറ്റുരയ്ക്കുമ്പോഴും കരീബിയന്‍ കരുത്താണ് രണ്ടു പക്ഷത്തും മുഴച്ചു നില്‍ക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ കൂറ്റനടി പ്രതീക്ഷകളില്‍ മുന്നില്‍ നില്‍ക്കുന്നത് കീറണ്‍ പൊള്ളാര്‍ഡും ഡ്വയ്ന്‍ സ്മിത്തും. മറുവശത്ത് ദിനേഷ് രാംദിന്‍ നയിക്കുന്ന ട്രിനിഡാഡ് വെസ്റ്റിന്‍ഡീസ് ദേശീയ ടീമിന്റെ ഒരു ഭാഗം തന്നെയാണ്. രാത്രി എട്ടിന് കളി തുടങ്ങും.
 
ക്രിക്കറ്റില്‍ കാല്‍പ്പനിക ഭാവങ്ങള്‍ കൊണ്ടു നടന്ന രണ്ട് ദേശങ്ങളുടെ പ്രതിനിധികളാണ് മുംബൈയും ട്രിനിഡാഡും. ലോക ക്രിക്കറ്റിന് രണ്ടു മഹാ പ്രതിഭകളെ സമ്മാനിച്ച നാടുകളാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും. വെസ്റ്റിന്‍ഡീസുകാരന്‍ ബ്രയാന്‍ ലാറ പാഡഴിച്ചു കഴിഞ്ഞെങ്കില്‍, ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിയില്‍ തന്റെ അവസാന ഇന്നിങ്‌സുകളിലൊന്നിനൊരുങ്ങുകയാണ്. മുംബൈയുടെ ഐക്കണ്‍ താരമായ സച്ചിന്‍ ടി20 ക്രിക്കറ്റില്‍ ഇന്നുള്‍പ്പെടെ പരമാവധി രണ്ടു കളികളില്‍ കൂടിയേ കളത്തിലുണ്ടാകൂ. കാല്‍പ്പനിക ശൈലിയില്‍ ആക്രമണം കരുപ്പിടിക്കുന്നവരാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെയും വിന്‍ഡീസിലെയും കളിക്കാര്‍. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഏറെക്കുറെ ഒരേ ശൈലികളുടെ പോരാട്ടമായിരിക്കും.
 
രണ്ടു കൂറ്റന്‍ വിജയങ്ങളുമായാണ് ഇരുനിരയും സെമിയിലേക്ക് മുന്നേറിയത്. മുംബൈ ഓസ്‌ട്രേലിയന്‍ ടീം പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനെ ആറു വിക്കറ്റിന് കെട്ടുകെട്ടിച്ചപ്പോള്‍ ട്രിനിഡാഡ് രണ്ടുവട്ട ഐ.പി.എല്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ടുവിക്കറ്റിന് തരിപ്പണമാക്കുകയായിരുന്നു. സെമിയിലേക്ക് വിജയത്തില്‍ കുറഞ്ഞ ഒന്നും മതിയാകില്ലായിരുന്ന ഘട്ടത്തിലാണ് മുംബൈയും ട്രിനിഡാഡും വമ്പന്‍ വിജയങ്ങള്‍ പിടിച്ചെടുത്തത്.
 
ഇരുനിരയിലെയും മാച്ച് വിന്നര്‍മാര്‍ ഫോമിലേക്കുയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്. മുംബൈക്കു വേണ്ടി നായകന്‍ രോഹിത് ശര്‍മ, പൊള്ളാര്‍ഡ്, സ്മിത്ത് എന്നിവരും ട്രിനിഡാഡ് നിരയില്‍ സുനില്‍ നരെയ്ന്‍, ലെന്‍ഡില്‍ സിമ്മണ്‍സ്, രവി രാംപോള്‍, ഡാരന്‍ ബ്രാവോ എന്നിവരും മികവറിയിച്ചു.

Search site