ദേശീയ സൈക്കിളിങ് താരത്തിന് അന്തര്‍ദേശീയ പരിശീലനത്തിന് അനുമതി വൈകുന്നു

ഡല്‍ഹിയില്‍ സപ്തംബര്‍ 10ന് തുടങ്ങിയ അന്താരാഷ്ട്ര സൈക്കിളിങ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ മലയാളി താരത്തിന് സര്‍ക്കാര്‍ അനുമതി വൈകുന്നു. ഇടുക്കി തൊടുപുഴ മണക്കാട് പാലോട്ടുഹൗസില്‍ മഹിത (25) യ്ക്കാണ് അനുമതി കിട്ടാത്തത്. കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥയായ ഇവര്‍ക്ക് സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലേ ഇത്തരം പരിശീലനങ്ങളില്‍ പങ്കെടുക്കാനാകൂ. സൈക്കിളിങ് ഫെഡറേഷന്‍ നടത്തുന്ന പരിശീലനത്തിന് ഇന്ത്യയില്‍നിന്ന് ആകെ രണ്ടുപേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. മഹിതയും ആന്‍ഡമാന്‍ ദ്വീപിലെ ഡെബോറ (18) യ്ക്കുമാണ് പരിശീലനത്തിന് അവസരം ലഭിച്ചത്. ഡെബോറ നിശ്ചിത സമയത്തുതന്നെ ക്യാമ്പിലെത്തി.

 സാഫ് ഗെയിംസ് അടക്കം നിരവധി മെഡലുകള്‍ നേടിയുള്ള മഹിതയ്ക്ക് സര്‍ക്കാര്‍ അനുമതി കിട്ടിയാലേ ജോലിയില്‍നിന്ന് അവധിയെടുക്കാനാകൂ. ഫെഡറേഷനില്‍നിന്ന് അറിയിപ്പ് കിട്ടിയശേഷം കൃഷിവകുപ്പ്‌വഴി അവധിക്കായി നല്‍കിയ അപേക്ഷ എങ്ങുമെത്തിയില്ല. വീണ്ടും ഫെഡറേഷന്‍ അയച്ച കത്തുമായി മഹിത വകുപ്പുമന്ത്രിയെ സപ്തംബര്‍ 10ന് നേരില്‍ കണ്ട് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

 ആറ് മാസമാണ് പരിശീലനം. ഇതില്‍ രണ്ടുമാസം സ്വിറ്റ്‌സര്‍ലണ്ടിലെ ഏഗിളിലും നാലുമാസം ഡല്‍ഹിയിലുമാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ലക്ഷ്യമിട്ടാണ് മഹിത പരിശീലനത്തിന് തയ്യാറെടുക്കുന്നത്. പരിശീലനത്തിനിടയിലും വരുന്ന മത്സരങ്ങളില്‍ പങ്കെടുക്കണമെന്നാണ് സംഘാടകരുടെ നിര്‍ദേശം.

 ഇപ്പോള്‍ കഴക്കൂട്ടം കൃഷിഭവനില്‍ ക്ലാര്‍ക്കാണ് മഹിത. കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ പരിശീലനംകൂടി നടത്താനാണിത്. കേരളത്തില്‍ ഇവിടെ മാത്രമാണ് സൈക്കിളിങ്ങിന് പരിശീലനം ഉള്ളത്.

 മുമ്പ് ബംഗ്ലാദേശില്‍ നടന്ന സാഫ് ഗെയിംസില്‍ സ്വര്‍ണം, 2010-ലെ സ്പ്രിന്‍റ് ഈവന്‍റില്‍ 12.06 ന്റെ റെക്കോഡ് തുടങ്ങി അന്തര്‍ദേശീയതലത്തില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹിതയ്ക്ക് പരിശീലനത്തിന് അവസരം ലഭിച്ചത്.

 തൊടുപുഴ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അത്‌ലറ്റ് ആയിരുന്ന മഹിതയെ സൈക്കിളിങ് രംഗത്ത് എത്തിച്ചത് സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ കോച്ചായ ചന്ദ്രന്‍ചെട്ടിയാരാണ്. പിന്നീട് കാര്യവട്ടത്ത് എല്‍.എന്‍.സി.പിയില്‍ എത്തുകയായിരുന്നു. റിട്ട. ഫോറസ്റ്റ് ഓഫീസര്‍ പി.കെ.മോഹനന്റെയും ക്ഷീരവികസനവകുപ്പില്‍ സൂപ്രണ്ടായ വി.ഡി. വത്സമ്മയുടെയും മകളാണ് മഹിത.

Search site