ദേശീയപാര്‍ട്ടികള്‍ക്ക് ലഭിച്ചത് 5000 കോടിരൂപയുടെ സംഭാവന

2004-05 മുതല്‍ 2011-12 വരെ ദേശീയ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനയായി 4895.96 കോടി രൂപ ലഭിച്ചതായി വെളിപ്പെടുത്തല്‍. പക്ഷെ, ലഭിച്ച സംഭാവനയുടെ മുക്കാല്‍ പങ്ക് വരുമാനസ്രോതസ്സുകളും രാഷ്ട്രീയപാര്‍ട്ടികള്‍ മറച്ചുവെച്ചതായും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) വിവരാവകാശനിയമപ്രകാരം ശേഖരിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുകമ്മീഷന് നല്‍കിയ വിവരങ്ങളും വരുമാനനികുതിയുടെ വിശദാംശങ്ങളും പരിശോധിച്ചാണ് സംഘടനയുടെ വിലയിരുത്തല്‍. തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റുകളുടെ സംഭാവനയായി കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ 105.86 കോടി രൂപയും അംഗത്വഫീസ്, ബാങ്ക് പലിശ, പ്രസിദ്ധീകരണങ്ങളുടെ വില്പന, ലെവി തുടങ്ങിയവയില്‍ നിന്നായി 785.60 കോടിരൂപയും പാര്‍ട്ടികള്‍ക്ക് ലഭിച്ചു. ശേഷിക്കുന്ന 3674.50 കോടിരൂപ ആരൊക്കെ നല്‍കിയെന്നും ഏതൊക്കെ സ്രോതസ്സുകളില്‍ നിന്നാണെന്നും പാര്‍ട്ടികള്‍ വെളിപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ്, ബി.ജെ.പി, ബി.എസ്.പി, എന്‍.സി.പി, സി.പി.എം, സി.പി.ഐ എന്നീ പാര്‍ട്ടികള്‍ക്ക് പ്രധാനമായും തിരഞ്ഞെടുപ്പുകാലത്ത് ലഭിച്ച സംഭാവനകളാണ് പരിശോധിച്ചത്. ഈ പാര്‍ട്ടികളുടെ കേന്ദ്ര-സംസ്ഥാന ആസ്ഥാനങ്ങളിലായി 2545.36 കോടി രൂപ ലഭിച്ചു.

ദേശീയനേതൃത്വം കണക്ക് നല്‍കിയിട്ടില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ്സിന് കേരളത്തില്‍ 25.14 കോടിരൂപ സംഭാവനയായി ലഭിച്ചതായി രേഖയുണ്ട്. സി.പി.എമ്മിന് 2.11 കോടി രൂപയും സി.പി.ഐക്ക് 2.90 കോടി രൂപയും എന്‍.സി.പിക്ക് 56 ലക്ഷം രൂപയും കേരളത്തില്‍ സംഭാവന കിട്ടി. 2011-ല്‍ കേരളത്തിനുപുറമെ തമിഴ്‌നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എത്ര സംഭാവന ലഭിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും ദേശീയനേതൃത്വങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലയളവില്‍ 38 കോടി ലഭിച്ചെന്ന് ബി.ജെ.പിയും 48.68 കോടിരൂപ ലഭിച്ചെന്ന് ബി.എസ്.പിയും വെളിപ്പെടുത്തി. 1.85 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് സി.പി.ഐ.യുടെ വെളിപ്പെടുത്തല്‍.

Search site