ദൃശ്യ ഭംഗിയൊരുക്കി ഉപ്പുകുളം വെള്ളച്ചാട്ടപ്പാറ

ദൃശ്യ ഭംഗിയില്‍ മാസ്മരിക കാഴചയാണ് ഉപ്പുകുളം വെളളച്ചാട്ടപ്പാറയില്‍ അനുഭവപ്പെടുന്നത്.വര്‍ഷം മുഴുവന്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുമെന്നത് ഇതിന്റെ പ്രത്യേകതയാണ്.വേനലില്‍ പോലും നീരൊഴുക്ക് നിലക്കാറില്ല. മണ്ണാര്‍ക്കാട് നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയായി പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ എടത്തനാട്ടുകര ഉപ്പുകുളം വനമേഖലയുടെ ഉള്‍ഭാഗത്താണ് വെളളച്ചാട്ടപ്പാറ സ്ഥിതിചെയ്യുന്നത്. സൈലന്റ്‌വാലിയുടെ മലയുടെ മറ്റൊരു ഭാഗംകൂടിയാണിത്.
 
ഉപ്പുകുളം മലയില്‍ നിന്നും ഉത്ഭവിക്കുന്ന ചെറിയ അരുവികള്‍ കൂടിച്ചേര്‍ന്നാണ് വെളളച്ചാട്ടം രൂപാന്തരപ്പെടുന്നത്. പിന്നീട് ഈ കാട്ടരുവി എന്‍.എസ്.എസ് എസ്റ്റേറ്റിലൂടെ ഒഴുകി പുളിയംത്തോട്ടിലൂടെ ഒലിപ്പുഴയിലും തുടര്‍ന്ന് കടലുണ്ടിപ്പുഴയിലും ലയിക്കുന്നു. 
 
ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ധാരാളംപേരാണ് വെളളച്ചാട്ടവും വനപ്രദേശവും കാണാനായി എത്തുന്നത്. മഴയില്ലാത്ത ഒഴിവ് ദിവസങ്ങളില്‍ സന്ദര്‍ശകര്‍ ഏറെയാണ്. കാട്ടാനയുടെ ആക്രമണം പേടിച്ച് ഇപ്പോള്‍ സന്ദര്‍ശകര്‍ കുറവാണ്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ വെള്ളച്ചാട്ടപ്പാറയെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം വികസനത്തിന് പുറമെ വൈദ്യുതി ഉത്പ്പാദിപ്പിക്കുകയെന്ന പദ്ധതിയും കാലങ്ങളായുളള ആശയങ്ങളാണ്.
 
വര്‍ഷം മുഴുവന്‍ നീരൊഴുക്കുളളത് കാരണം വൈദ്യുതി ഉത്പാദനത്തിനും ഇവിടെ സാധ്യതയേറെയാണ്. ഇതിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സാധ്യതാ പഠനം നടത്തിയിരുന്നു. എന്നാല്‍ അതൊന്നും തന്നെ വെളിച്ചംകാണാതെ പോവുകയായിരുന്നു. തച്ചനാട്ടുകര,കുമരംപുത്തൂര്‍,കോട്ടോപ്പാടം,അലനല്ലൂര്‍ എന്നീ പഞ്ചായത്തുകളുടെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് പര്യാപ്തമാവുമെന്ന് മുണ്ടൂരിലെ ഐ.ആര്‍.ടി.സി ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്. വെളളച്ചാട്ടപ്പാറയുടെ താഴെ തളംകെട്ടി നില്‍ക്കുന്ന വെളളത്തെ ഒന്നുകൂടി തടഞ്ഞുനിര്‍ത്തി പെന്‍സ്റ്റോക്കിലൂടെ വെളളം പവര്‍ഹൗസിലെത്തിച്ചാല്‍ വൈദ്യുതി ഉത്പ്പാദിപ്പാക്കാന്‍ കഴിയുമെന്നുമാണ് ഐ.ആര്‍.ടി.സി ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍. പാറകളുടെ ചെരിഞ്ഞുളള കിടപ്പ് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ചുരുങ്ങിയ സ്ഥലവും പദ്ധതി നടപ്പിലാക്കാന്‍ ചെലവുകളും കുറക്കാന്‍ കഴിയുന്നതുമാണ്.
 
ദൃശ്യഭംഗി പോലെ തന്നെ അദൃശ്യമായി അപകടങ്ങളും ഇവിടെ പതിയിരുക്കുന്നുണ്ട്. അഞ്ചോളം വെളളച്ചാട്ടങ്ങള്‍ ഒന്നിന് പിറകെയായാണ് സ്ഥിതിചെയ്യുന്നത്. മഴക്കാലത്ത് പാറകള്‍ വഴുക്കുന്നത് കാരണം അപകടങ്ങളും നിത്യസംഭവമാണ്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ നിന്നും എടത്തനാട്ടുകരയിലേക്ക് കടന്ന് വരുന്ന മലയോര ഹൈവേയില്‍ നിന്നും എളുപ്പത്തില്‍ വെളളച്ചാട്ടപ്പാറയിലെത്താന്‍ കഴിയും. ഈ റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടെ വെളളച്ചാട്ടപ്പാറയും ലോക ഭൂപടത്തില്‍ സ്ഥാനം പിടിക്കും.

Search site