ദുബൈ രണ്ടാം വീടെന്ന് ഷാറൂഖ് ഖാന്‍

സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ക്ക് ദുബൈയെക്കുറിച്ച് പറയാന്‍ നൂറുനാവ്. സിനിമ നിര്‍മിക്കാന്‍ എല്ലാംകൊണ്ടും പറ്റിയ നഗരമാണ് ദുബൈയെന്ന് പറഞ്ഞ ഷാറൂഖ് ലോകത്തിലെ ഏറ്റവും സര്‍വദേശപ്രിയ നഗരമാണ് ഇതെന്നും കൂട്ടിച്ചേര്‍ത്തു. തന്‍െറ രണ്ടാം വീടാണിത്. ഏറ്റവും മനോഹരമായ ഹോട്ടലുകള്‍, ആഡംബര കാറുകള്‍, ഹൈടെക് സംവിധാനങ്ങള്‍, എല്ലാറ്റിലുമുപരി നല്ല ജനങ്ങളും- തന്‍െറ പുതിയ സിനിമ ‘ഹാപ്പി ന്യൂ ഇയര്‍’ന്‍െറ ഷൂട്ടിങിനെത്തിയ ബോളിവുഡ് താരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 ഒളിമ്പിക്സിന് ഒരു നഗരം തെരഞ്ഞെടുക്കുംപോലെ സിനിമയെടുക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം ദുബൈ മാത്രമാണെന്നും ഷാറൂഖ് അഭിപ്രായപ്പെട്ടു. ഫറാഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചന്‍,ദീപിക പദുക്കോണ്‍, ബോമന്‍ ഇറാനി,സോനു സൂദ്, വിവാന്‍ ഷാ തുടങ്ങിയവരും വേഷമിടുന്നുണ്ട്.
 ദുബൈയുടെ സംസ്കാരത്തെയും അധികൃതരുടെ വിശാല നിലപാടുകളെയും താരങ്ങള്‍ ശ്ളാഘിച്ചു. ദുബൈ പുതിയ സിനിമയില്‍ ചിത്രീകരണ സ്ഥലം മാത്രമല്ലെന്നും ഒരു കഥാപാത്രം തന്നെയാണെന്നും സംവിധായക ഫറാഖാന്‍ പറഞ്ഞു. സിനിമയെ സ്നേഹിക്കുന്നവരാണ് ഇവിടത്തുകാരെന്നും ഷൂട്ടിങ് കണ്ടുനില്‍ക്കുന്നവര്‍ പോലും നിര്‍മാണത്തെ സഹായിക്കുന്നവരാണെന്നും അഭിഷേക് ബച്ചന്‍ അഭിപ്രായപ്പെട്ടു. ദുബൈ നല്‍കുന്ന പോസിറ്റീവ് ഊര്‍ജം മറ്റു സിനിമാ നിര്‍മാതാക്കളെയും ഇങ്ങോട്ടു ആകര്‍ഷിക്കുമെന്ന് അഭിഷേക് കൂട്ടിച്ചേര്‍ത്തു. തന്‍െറ ചില കുടുംബക്കാര്‍ ഇവിടെ 35 വര്‍ഷത്തോളം ജീവിച്ചവരാണ്. ദുബൈ തന്നോടും തന്‍െറ കുടുംബത്തോടും കാണിക്കുന്ന ഊഷ്മളതയും ആദരവും അനുഭവിക്കുമ്പോള്‍ സ്വന്തം നാടുപോലെ തന്നെയാണ് തോന്നുന്നതെന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞു. പരമ്പരാഗത അറബ് വേഷം ധരിച്ചാണ് താരങ്ങള്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. ദുബൈ ഫിലിം ആന്‍ഡ് ടെലിവിഷന്‍ കമിഷന്‍ (ഡി.എഫ്.ടി.സി)ചെയര്‍മാന്‍ ജമാല്‍ അല ശരീഫും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. ദുബൈയെ സിനിമാ നിര്‍മാണ കേന്ദ്രമാക്കാനും ഷൂട്ടിങിനും മറ്റും സൗകര്യമൊരുക്കാനുമായി കഴിഞ്ഞവര്‍ഷം രൂപവത്കരിച്ചതാണ് ഡി.എഫ്.ടി.സി.

Search site