ദുബൈയിലെ താജ്മഹല്‍ ഒരുങ്ങുന്നു

ഷാജഹാന്‍ ചക്രവര്‍ത്തിയുടെ അനശ്വര പ്രണയം യമുനാ നദീതടത്തില്‍ വിരിഞ്ഞ താജ്മഹലിന് സമാനമായി സ്വപ്നങ്ങളുടെ മരുപ്പച്ചയായ ദുബൈയുടെ തീരങ്ങളില്‍ താജ് അറേബ്യ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച സിറ്റി സ്‌കേപിലാണ് 350 മുറികളുള്ള താജ് അറേബ്യ ഹോട്ടലിന്റെ മാതൃക അവതരിപ്പിച്ചത്. ഇന്ത്യയിലെ താജ്മഹലിന്റെ അതേ പകര്‍പ്പിലാണ് കൂറ്റന്‍ ഹോട്ടല്‍ ഒരുക്കുക. 2016ല്‍ പൂര്‍ത്തിയാക്കുന്ന ഈ ഡിസൈന് എല്ലാ അനുമതിയും ലഭിച്ചതായി ലിങ്ക് ഗ്ലോബല്‍ ഗ്രൂപ്പ് കമ്പനി ഡയറക്ടര്‍ അരുണ്‍ മെഹ്‌റ വ്യക്തമാക്കി. പദ്ധതിക്ക് ദുബൈ മുനിസിപാലിറ്റിയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഇതിന്റെ ഘടനയെക്കുറിച്ച് അവര്‍ കൂടുതല്‍ പഠിച്ചുവരികയാണ്. താജ് മഹല്‍ മാര്‍ബിള്‍ സൗധമാണെങ്കില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ദുബൈ താജ് മഹലിനുള്ളത്. മേഖലയിലെ 'വണ്‍ സ്റ്റോപ് വെഡിംഗ് ഡെസ്റ്റിനേഷന്‍' ആയി മാറ്റുന്ന ഈ സൗധം ഒരു ചില്ലുകൊട്ടാരമായിരിക്കും. പൂര്‍ണമായും ഗ്ലാസ് കൊണ്ട് നിര്‍മിക്കുന്ന ഹോട്ടലില്‍ 240 സര്‍വീസ് അപാര്‍ട്ട്‌മെന്റുകളും ഉണ്ടാവും. പ്രവര്‍ത്തന സജ്ജമായാല്‍ ഇന്ത്യയിലെ ലീലാ ഗ്രൂപ്പായിരിക്കും ഇതിന്റെ നടത്തിപ്പ് ഏറ്റെടുക്കുക. യഥാര്‍ത്ഥ താജ്മഹലിന്റെ നാലിരട്ടി വലിപ്പമുണ്ടാകുന്ന ഈ ടവറില്‍ 20 നിലകളുണ്ടാവും. താഴത്തെ നിലയില്‍ ഹോട്ടലും വിരുന്നൊരുക്കാനുള്ള വിശാലമായ ഹാളും സജ്ജീകരിക്കും. ഹൗസ് ഫാഷന്‍ ബ്രാന്റുകള്‍ക്ക് മാത്രമായി എക്‌സ്‌ക്ലൂസീവ് സൂക്കും ഇവിടെ ഒരുക്കും. താമസസമുച്ചയങ്ങളുടെ റീട്ടെയില്‍ വില്‍പന ഡിസംബറില്‍ ആരംഭിക്കും. മേഖലയില്‍ വിവാഹങ്ങള്‍ക്ക് മാത്രമായുള്ള ഒരു കേന്ദ്രം ആവശ്യമാണെന്നും അത്തരമൊരു പദ്ധതിയാണ് ഇവിടെ സാക്ഷാത്കാരമാകുന്നതെന്നും ലിങ്ക് ഗ്ലോബല്‍ ഗ്രൂപ്പ് വ്യക്തമാക്കി. 

Search site