തോറ്റ സമരത്തിന്റെ താത്വിക അവലോകനം

ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1991-ല്‍ പുറത്തിറങ്ങിയ 'സന്ദേശം' എന്ന സിനിമ കേരളത്തിലെ ഇടതുപക്ഷത്തിനിട്ടു നല്‍കിയ കൊട്ടിന്റെ ആഘാതം ഇപ്പോഴും പുതുമ മങ്ങാതെ തുടരുകയാണ്. ഇടതു - വലതു വ്യത്യാസമില്ലാതെ അന്ധമായ രാഷ്ട്രീയാഭിമുഖ്യത്തെ കളിയാക്കുന്നതാണ് 'സന്ദേശ'മെങ്കിലും അത് നന്നായി കൊണ്ടത് ഇടതുപക്ഷത്തിനാണ്. സിനിമയിലെ 'പോളണ്ടിനെപ്പറ്റി മിണ്ടരുത്', 'താത്വിക അവലോകനം' തുടങ്ങിയ പരാമര്‍ശങ്ങളും മറ്റും സോഷ്യല്‍ മീഡിയയുടെ പുതിയ കാലത്തും നിത്യേനയെന്നോണം ഉപയോഗിക്കപ്പെടുന്നു.
 
ശങ്കരാടി കാലയവനികക്കുള്ളില്‍ മറഞ്ഞെങ്കിലും 'സന്ദേശ'ത്തില്‍ അദ്ദേഹം അവതരിപ്പിച്ച ഇടതുപക്ഷ താത്വിക ആചാര്യന്‍ ഇന്നും പ്രസക്തമാകാന്‍ കാരണം, അതേമട്ടിലുള്ള അവതാരങ്ങള്‍ ഗൗരവതരത്തില്‍ യഥാര്‍ത്ഥ ജീവിതത്തിലും ഉണ്ട് എന്നതിനാലാണ്. തോല്‍വിക്കും തിരിച്ചടികള്‍ക്കും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ന്യായീകരണം കണ്ടെത്തുന്നതായിരുന്നല്ലോ സിനിമയിലെ 'വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിലുള്ള അന്തര്‍ധാര ശക്തമായിരുന്നു' എന്ന നിരീക്ഷണം. 
 
രാഷ്ട്രീയ പാര്‍ട്ടികളുടെ മജ്ജയും മാംസവുമായ സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത തരത്തില്‍ കാര്യങ്ങള്‍ വ്യാഖ്യാനിക്കുന്ന ദുശ്ശീലം ഇടതുപക്ഷത്തെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പില്‍ തോറ്റതിന് 'ലെനിനിസ്റ്റ് തത്ത്വങ്ങള്‍ ലംഘിക്കപ്പെട്ടു' എന്നും 'വെറും സാങ്കേതികമായ പരാജയം' എന്നും പാര്‍ട്ടിയെ നയിക്കുന്നവര്‍ തന്നെ ഇപ്പോഴും പറയുമ്പോള്‍ 'സന്ദേശം' കാലാതിവര്‍ത്തിയാവുകയാണ്. ശ്രീനിവാസന്റെ തൂലിക പൊന്നായി എന്നര്‍ത്ഥം.
 
ഇത്രയും ആമുഖമായി പറഞ്ഞത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് മീഡിയയില്‍ വ്യാപകമാവുന്ന താത്വിക ന്യായീകരണങ്ങളെക്കുറിച്ച് പറയാനാണ്. ഏറ്റവുമൊടുവില്‍ അത് പ്രകടമായത് ഇടതുപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം അതിദയനീയമായി പരാജയപ്പെട്ടപ്പോഴാണ്. മുഖ്യമന്ത്രി രാജിവെക്കുക എന്ന ആവശ്യമുയര്‍ത്തി അനിശ്ചിത കാലത്തേക്ക് തലസ്ഥാനം പിടിച്ചടക്കാന്‍ പോയ പ്രതിപക്ഷ പട്ടാളം മുപ്പത് മണിക്കൂറുകള്‍ക്കുള്ളില്‍ കൊടിയഴിച്ച് കീഴടങ്ങിയതിനെ വലിയൊരു രാഷ്ട്രീയ പരാജയമായാണ് കേരളത്തിലെ സാധാരണക്കാര്‍ മനസ്സിലാക്കിയത്. സമരത്തില്‍ പങ്കെടുക്കാന്‍ പോയ അണികള്‍പോലും രഹസ്യമായെങ്കിലും അത് സമ്മതിച്ചു കണ്ടു.
 
എന്നാല്‍, പാര്‍ട്ടിയും സെക്രട്ടറിയും ചെയ്യുന്നതെന്തും ന്യായീകരിക്കാന്‍വേണ്ടി ഓണ്‍ലൈനില്‍ രാപകല്‍ പാര്‍ക്കുന്ന 'കീബോര്‍ഡ് ബുദ്ധിജീവികള്‍' വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. ഒരു ചര്‍ച്ചപോലും നടത്താതെ, തങ്ങളുടെ മുഖ്യ ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെടാതെ ഏകപക്ഷീയമായി പിന്‍വലിച്ച സമരം വിജയമായിരുന്നുവെന്നും അവര്‍ വെച്ചുകാച്ചി. 
 
തിരുവനന്തപുരത്ത് പട്ടാളം വെടിവെച്ച് ചോരക്കളി ഉണ്ടാകാത്തതിന്റെ കൊതിക്കെറുവാണ് സമരം പരാജയപ്പെട്ടതിനെ പരിഹസിക്കുന്നവര്‍ക്ക് എന്നൊരു ന്യായമാണ് ഭേദപ്പെട്ട ബുദ്ധിജീവികളെല്ലാം ഉന്നയിച്ചു കണ്ടത്. വേറെ ചിലര്‍, പാര്‍ട്ടി സെക്രട്ടറി പറയുന്നത് അതേപടി പകര്‍ത്തി അതിന് വിശദീകരണവും മാനങ്ങളും ചമച്ചു. പക്ഷേ, നാട്ടുകാര്‍ക്ക് വിവരം വെച്ചിരിക്കുന്നുവെന്നും തലയുടെ ഉള്ളടക്കം പാര്‍ട്ടിക്ക് പണയപ്പെടുത്താത്തവര്‍ ഇതെല്ലാം വായിച്ച് ചിരിക്കുന്നുവെന്നും തിരിച്ചറിയാന്‍ ക്ഷണ നേരമേ വേണ്ടിവന്നുള്ളൂ. 
 
പാര്‍ട്ടി ബുദ്ധിജീവികള്‍ തലപുകച്ച് കഷ്ടപ്പെട്ട് ടൈപ്പ് ചെയ്തുണ്ടാക്കിയ താത്വിക അവലോകനങ്ങള്‍, ഫലിതമായി ആസ്വദിക്കാനാണ് കൂടുതല്‍ പേരും താല്‍പര്യം പ്രകടിപ്പിച്ചു കണ്ടത്. ഗൂഗിള്‍ പ്ലസ്സിലെയും ഫേസ്ബുക്കിലെയും മറ്റും പല കമന്റുകളും അതിനുള്ള സാക്ഷ്യമായിരുന്നു. ഈ തോറ്റ സമരത്തിന്റെ പരാജയത്തെ ഓണ്‍ലൈന്‍ സമൂഹം വരവേറ്റതെങ്ങനെ എന്നറിയാന്‍ പ്രസക്തമായ ചില കമന്റുകള്‍ എടുത്തു ചേര്‍ക്കുന്നു.
 
സീന വയോവിന്‍ : മുഖ്യമന്ത്രി രാജി വയ്ക്കണം എന്നായിരുന്നു സമരക്കാരുടെ നിലപാട്. ആ നിലപാട് മാറ്റി അവര്‍ സമരം തീര്‍ന്നു എന്ന് പറയുമ്പോള്‍ ഈ സമരം വിജയമായിരുന്നു എന്ന് നമ്മള്‍ വിശ്വസിക്കാന്‍ മൂഡ സ്വര്‍ഗത്തില്‍ ആണോ ജീവിക്കുന്നത്...
 
സിയ: ഉപരോധ സമരത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നിറവേറിയോ? ഇല്ലെന്ന് ഏതു കൊച്ചുകുഞ്ഞിനും അറിയാം. അല്ലെങ്കില്‍ത്തന്നെ കഴിഞ്ഞ ഒന്നോ രണ്ടോ ദശകങ്ങളില്‍ സി.പി.എമ്മിന്റെ ഏതു സമരമാണ് പ്രഖ്യാപിത ലക്ഷ്യം നേടിയിട്ടുള്ളത്? അണികളെ ബൂസ്റ്റ് ചെയ്യുന്നതിലപ്പുറം സമര ലക്ഷ്യം നേടുന്നത് സി പി എമ്മിന്റെ അജണ്ടയില്‍ ഇല്ലെന്നാണ് മനസ്സിലാവുക. അപ്പോഴാണ് സമരങ്ങളുടെ ആത്മാര്‍ത്ഥതയില്ലായ്മ മനസ്സിലാകുന്നത്.
 
കോമഡി ഒന്ന്: മുഖ്യമന്ത്രി മാറിനിന്നു കൊണ്ടുള്ള ജുഡീഷ്യല്‍ അന്വേഷണമാണ് സമരക്കാര്‍ ആവശ്യപ്പെട്ടത്. ചാണ്ടി അതേപടി അതനുസരിച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ ഓഫീസും മാറിനിന്ന് കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു! അങ്ങനെ സി.പി.എമ്മിന്റെ സമരം വിജയിച്ചു എന്ന് പറയാം.
 
കോമഡി രണ്ട്: ഞാന്‍ ചാനലുകളിലെ കോമഡി പരിപാടികള്‍ക്ക് അവധി കൊടുത്തു. താത്വിക വിശദീകരണങ്ങള്‍ വായിച്ച് പൊട്ടിപ്പൊട്ടിച്ചിരിക്കണ്ടേ ഹേ!...
 
സോക്രട്ടീസ് വാലത്ത്: പഴം ചോദിച്ചു.
തൊലി കിട്ടി.
അതും എറിഞ്ഞു തന്നത്.
എടുക്കുന്നതില്‍ തെറ്റില്ല.
എടുക്കും മുമ്പ് മൂന്നുവട്ടം ലാല്‍സലാം വിളിച്ചിരിക്കണമെന്നേയുള്ളൂ.
 
ബഷീര്‍ വള്ളിക്കുന്ന്: സമരം പ്രഖ്യാപിച്ചവര്‍ക്ക് അത് എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. ശരി തന്നെ!. പക്ഷേ മുഖ്യമന്ത്രിയെ രാജി വെപ്പിക്കുന്നത് പോയിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍പോലും സാധിക്കാതെ അവസാനിപ്പിച്ച സമരം സി.പി.എമ്മിന്റെ ചരിത്രത്തിലെ എക്കാലത്തെയും ദുരന്തങ്ങളില്‍ ഒന്നാണ്.
 
രത്‌നാകരന്‍ തൂവായില്‍ : ഈ സമരം ഏതു വിധേനയും അവസാനിപ്പിക്കുക എന്ന വഴി മാത്രമേ എല്‍.ഡി.എഫ് നേതൃത്വത്തിനു മുന്നില്‍ ഉണ്ടായിരുന്നുള്ളൂ അത് അവരുടെ ആസൂത്രണത്തിലെ തന്നെ പാളിച്ചയാണ്. മുപ്പതിനായിരം ആളുകളുടെ ഭക്ഷണകാര്യത്തെകുറിച്ചു മാത്രമേ അവര്‍ ചിന്തിച്ചുള്ളൂ, എന്നാല്‍ ഇവര്‍ക്ക് ഒരുക്കേണ്ട സാനിറ്റേഷന്‍ സൗകര്യത്തെ കുറിച്ച് അവര്‍ തീരെ ബോധവാന്മാര്‍ ആയിരുന്നില്ല എന്നതാണ് സത്യം. അപ്പോള്‍ ഉമ്മന്‍ ചാണ്ടി ഇട്ടുകൊടുത്ത ജുഡീഷ്യല്‍ അന്വേഷണം എന്ന ചെറിയ പിടിവള്ളി തന്നെ ഈ സമരം അവസാനിപ്പിച്ചു ഓടാന്‍ അവര്‍ക്ക് ധാരാളമായിരുന്നു. ഉള്ള ജീവനും കൊണ്ട് ഓടുന്ന ഓട്ടത്തില്‍ ആരെങ്കിലും ടേംസ് ഓഫ് റഫറന്‍സിനെ കുറിച്ചൊക്കെ ചിന്തിക്കുമോ?
 
ദില്‍ബാസുരന്‍ : നിങ്ങള്‍ ജയിച്ചു മക്കളേ എന്ന് നേതാക്കള്‍ പറഞ്ഞാല്‍ ഹോയ് വിളിക്കാന്‍ കുറെ അണികള്‍ ഉണ്ടെങ്കില്‍ ഏത് സമരവും എപ്പോള്‍ വേണമെങ്കിലും വിജയിക്കാം.
 
പ്രതിഭ സുന്ദരം: ആത്മാഭിമാനമുള്ള സഖാക്കള്‍ ആത്മഹത്യ ചെയ്യരുത്. കരുത്തോടെ, നേതാക്കള്‍ക്കു നേരെ വിരല്‍ ചൂണ്ടി ചോദിക്കൂ: എന്തിനായിരുന്നു സഖാവേ, ഈ സമരം.
 
നൗഫല്‍ ബാബു: സമരസപ്പെടലിനെ സമരം എന്നു പേരിട്ടു വിളിക്കുന്ന കാലവും വന്നു.
 
(അച്ചടിയുടെ സൗകര്യത്തിനായി ചില കമന്റുകള്‍ ആശയഭംഗം വരാതെ എഡിറ്റ് ചെയ്തിട്ടുണ്ട്)

Search site