തൊഴിലുറപ്പില്‍ സമ്പൂര്‍ണ്ണ പട്ടികജാതി രജിസ്‌ട്രേഷന്‍; തിരൂരങ്ങാടി ബ്ലോക്കിന് നേട്ടം

തൊഴിലുറപ്പ് പദ്ധതിയില്‍ സമ്പൂര്‍ണ്ണ പട്ടികജാതി രജിസ്‌ട്രേഷന്‍ നടത്തിയ ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി തിരൂരങ്ങാടിയെ പ്രഖ്യാപിച്ചു. ഗാന്ധി ജയന്തി ദിനത്തില്‍ അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എയാണ് പ്രഖ്യാപനംനടത്തിയത്. ഗ്രാമവികസന വാരാഘോഷ ഉദ്ഘാടനവും എം.എല്‍.എ നിര്‍വ്വഹിച്ചു.
 
 തേഞ്ഞിപ്പലം, വള്ളിക്കുന്ന്, തിരൂരങ്ങാടി, പരപ്പനങ്ങാടി, പെരുവള്ളൂര്‍, നന്നമ്പ്ര, മൂന്നിയൂര്‍ പഞ്ചായത്തുകളിലെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങളേയും തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളാക്കിയാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ബഹുമതി നേടിയത്. 3522 പട്ടികജാതി കുടുംബങ്ങളെയാണ് തൊഴിലുറപ്പില്‍ അംഗങ്ങളാക്കിയത്. മൊത്തം 16457 കുടുംബങ്ങള്‍ ബ്ലോക്കിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
 
 തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി ജമീല അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എന്‍.എം. അന്‍വര്‍സാദത്ത്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. മൊയ്തീന്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ടി. സാജിത, മുന്‍ പ്രസിഡന്റ് എം.എ. ഖാദര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി. അഹമ്മദ്കുട്ടി ഹാജി, കെ.ടി. കുഞ്ഞാപ്പുട്ടി ഹാജി, സീനത്ത് അലിബാപ്പു, കെ.എം.പി. ഹയറുന്നിസ, കള്ളിയില്‍ ഫിറോസ്, കെ.ടി. സഫിയ, പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമീഷണര്‍ പ്രീതി മേനോന്‍, ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ.ഗോപാലകൃഷ്ണന്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.ജഗദീഷ് എന്നിവര്‍ പ്രസംഗിച്ചു.

Search site