തേലക്കാട് ബസ് ദുരന്തം: നഷ്ടപരിഹാരം ഈടാക്കാന്‍ നടപടി തുടങ്ങി

പതിനഞ്ചു പേരുടെ മരണത്തിനിടയാക്കിയ തേലക്കാട് ബസ് അപകടത്തിലെ ബസ്സിന് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലെന്നിരിക്കെ ഉടമയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നടപടി തുടങ്ങിയതായി മോട്ടോര്‍ വാഹന വകുപ്പും പൊലീസും വ്യക്തമാക്കി. 
 
ബസ്സിന്റെ ഇന്‍ഷൂറന്‍സ് രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും ഉടമയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്ത് നഷ്ടപരിഹാരം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് സൂചന. 
 
ബസ്സിന്റെ ആര്‍.സി ഓണര്‍ മാനത്തുമംഗലം മനാഫ് ആണ്. എന്നാല്‍ 2011 ജനുവരി 24ന് ഇയാളില്‍ നിന്ന് പാലോളിപറമ്പ് ഷാനവാസ് ബസ് വാങ്ങിയതായാണ് എഗ്രിമെന്റ് രേഖയിലുള്ളത്. രേഖകള്‍ ഹാജരാക്കാന്‍ ഇക്കഴിഞ്ഞ പത്താം തീയതി വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. 
 
എന്നാല്‍ ഇന്‍ഷൂറന്‍സ് രേഖകള്‍ ഹാജരാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ല. ബസ് വാങ്ങിയ എഗ്രിമെന്റ് ഓണര്‍ ഷാനവാസ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ബസ്സില്‍ നിന്നുള്ള തെളിവുകളാണ് ആദ്യം ശേഖരിച്ചത്. 
 
ബസ്സിന്റെ വേഗത വര്‍ധിപ്പിക്കാനോ ഇന്ധന ക്ഷമത കൂട്ടാനോ വേണ്ടി ഇന്ധനത്തില്‍ മായം കലര്‍ത്തിയിട്ടുണ്ടോയെന്നറിയാന്‍ സാമ്പിള്‍ തൃശൂരിലെ കെമിക്കല്‍ ലാബിലേക്ക് പരിശോധനക്കയച്ചിട്ടുള്ളതായി പൊലീസ് അറിയിച്ചു. ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലെങ്കിലും ദുരന്തത്തിനിരയായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ നടപടി ഉണ്ടാവുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആര്യാടന്‍ മുഹമ്മദ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 
 
ഈ മാസം ആറിനാണ് പെരിന്തല്‍മണ്ണക്കടുത്ത തേലക്കാട്ട് സ്വകാര്യ മിനിബസ് മരത്തിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചത്. 29 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇന്‍ഷൂറന്‍സ് രേഖകള്‍ ഹാജരാക്കാത്ത പശ്ചാത്തലത്തില്‍ ഉടമകളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Search site