തേലക്കാട് ദുരന്തം: ബസ്സുടമ ഇന്‍ഷൂറന്‍സ് രേഖകള്‍ ഹാജരാക്കിയില്ല

പതിനഞ്ച് പേരുടെ മരണത്തിനിടയാക്കിയ തേലക്കാട് അപകടത്തിലെ സ്വകാര്യബസ്സിന് ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലെന്ന് നിഗമനം. ബസ്സിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയെങ്കിലും ഇന്‍ഷൂറന്‍സ് രേഖ ഹാജരാക്കാനായിട്ടില്ല. ബസ്സിന്റെ ആര്‍സി ഉടമ മാനത്തുമംഗലം മനാഫ് ആണ്. എന്നാല്‍ 2011 ജനുവരി 24ന് മനാഫില്‍ നിന്ന് പാലോളിപറമ്പ് ഷാനവാസ് എന്നയാള്‍ ബസ് വാങ്ങിയതായാണ് എഗ്രിമെന്റ് രേഖയിലുള്ളത്. 
 
പണം അടവുള്ള ബസ്സിന് മൂന്ന് മാസം മുമ്പ് അടവ് കഴിഞ്ഞതായും ഇന്‍ഷൂറന്‍സ് രേഖ ഹാജരാക്കാന്‍ മനാഫിനോ ഷാനവാസിനോ കഴിഞ്ഞിട്ടില്ലെന്നും പാണ്ടിക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. 
 
ബസ് വാങ്ങിയ എഗ്രിമെന്റ് ഓണര്‍ ഷാനവാസ് ഒളിവിലാണ്. രേഖകള്‍ ഹാജരാക്കാന്‍ ഇക്കഴിഞ്ഞ പത്താം തീയതി വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്രയും ദിവസമായിട്ടും ഇന്‍ഷൂറന്‍സ് രേഖ ഹാജരാക്കാനായില്ല. ഷാനവാസിന് വേണ്ടി പൊലീസ് വല വീശിയിട്ടുണ്ട്.
 
അതേ സമയം കഴിഞ്ഞ ഓഗസ്റ്റ് 10ന് നടത്തിയ പരിശോധനയില്‍ ഇന്‍ഷൂറന്‍സ് അടച്ച രേഖയുണ്ടായിരുന്നതായി മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് പറഞ്ഞു. തീയതി കഴിഞ്ഞ ശേഷം തുക പുതുക്കിയില്ലെന്നാണ് കരുതുന്നത്. 
 
വായ്പയടക്കം ഉടമകള്‍ ഒട്ടേറെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ ബസ്സാണ് അപകടം വരുത്തിയ ഫ്രണ്ട്‌സ് എന്ന് വ്യക്തമായിട്ടുണ്ട്. ബസ്സിന് ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ടെങ്കിലേ മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം ലഭിക്കൂ. ഇന്‍ഷൂറന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ നഷ്ടപരിഹാര തുക നഷ്ടമാകുകയാണ്. 
 
അതേ സമയം ഉടമകളില്‍ നിന്ന് ഈടാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. മരണപ്പെട്ടവരും പരിക്കേറ്റവരും പാവപ്പെട്ട കുടുംബത്തിലുള്ളവരാണ്. ഇന്‍ഷൂറന്‍സ് തുക നഷ്ടമാകുന്നത് ആശങ്ക വിതച്ചിട്ടുണ്ട്. ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 
 
സപ്തംബര്‍ 6നായിരുന്നു കേരളത്തെ ഞെട്ടിച്ച അപകടം. 15 പേര്‍ മരിക്കുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരില്‍ ഏഴ് വിദ്യാര്‍ത്ഥികളായിരുന്നു. 12 പേരും മേല്‍ക്കുളങ്ങര ഗ്രാമത്തിലുള്ളവരാണ്. പെരിന്തല്‍മണ്ണയില്‍ നിന്ന് വെട്ടത്തൂരിലേക്ക് പോകുകയായിരുന്ന ഫ്രണ്ട്‌സ് മിനി ബസ്സ് തേലക്കാട് വളവില്‍ വെച്ച് മുന്നിലെ വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മരത്തിലിടിച്ച് മറിയുകയായിരുന്നു.

Search site