തൊഴില്‍ മന്ത്രാലയ സേവനങ്ങള്‍ക്ക് ഏകീകൃത അപേക്ഷ ഫോറം

11 സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ക്ക് ഏകീകൃത രൂപം നല്‍കി തൊഴില്‍ മന്ത്രാലയം പുതിയ പരിഷ്കരണങ്ങള്‍ വരുത്തി. കൂടാതെ 11 സേവനങ്ങള്‍ ലഭ്യമാകുന്നതിന് ആവശ്യമായ രേഖകള്‍ സംബന്ധിച്ചും നടപടിക്രമങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ചാര്‍ട്ടും മന്ത്രാലയം പുറത്തിറക്കി. ഏകീകൃത അപേക്ഷ ഫോറത്തിന്‍െറയും നടപടി ക്രമങ്ങള്‍ സംബന്ധിച്ച ചാര്‍ട്ടും തൊഴില്‍ മന്ത്രാലയത്തിന്‍െറ ഔദ്യാഗിക വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഏകീകൃത അപേക്ഷ ഫോറം (https://portal.mol.gov.sa/ar/AF.pdf) എന്ന ലിങ്കില്‍നിന്നും നടപടിക്രമങ്ങള്‍ സംബന്ധിച്ച ചാര്‍ട്ട് (https://portal.mol.gov.sa/ar/A9.pdf) എന്ന ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
 സ്ഥാപന ഉടമകള്‍, അവരുടെ ഏജന്‍സികള്‍, ജനറല്‍ സര്‍വീസ് ഓഫിസുകള്‍ തുടങ്ങിയവര്‍ക്ക് നടപടിക്രമങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമാക്കുക, മന്ത്രാലയ സേവനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നിവയാണ് പരിഷ്കരണ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. സ്ഥാപനത്തിന്‍െറ പുതിയ രജിസ്ട്രേഷന്‍, പുതിയ ഏജന്‍റിന്‍െറ പേര് ചേര്‍ക്കലും പഴയ ഏജന്‍റിനെ ഒഴിവാക്കലും, ഇ- സേവനങ്ങളുടെ ആക്ടിവേഷന്‍, വിദേശ തൊഴിലാളിയുടെ റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷ, വിദേശ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം, പ്രഫഷന്‍ മാറ്റം, തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതും പുതിയത് അനുവദിക്കുന്നതും, സ്വദേശിവത്കരണ സര്‍ട്ടിഫിക്കറ്റ്, വിസ റദ്ദാക്കല്‍, സ്ഥാപനത്തിന്‍െറ ഡാറ്റ നവീകരണം, സ്ഥാപനത്തിന്‍െറ പ്രവൃത്തികളില്‍ മാറ്റം വരുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ക്കുള്ള അപേക്ഷകളാണ് ഏകീകരിച്ചത്. ഇതില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് 2400 റിയാല്‍ ലെവി അടച്ചിരിക്കണം.
 തൊഴില്‍ കാര്യാലയത്തെ സമീപിക്കും മുമ്പ് തന്നെ അപേക്ഷകളിന്മേല്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിന് ആവശ്യമായ രേഖകള്‍ സംബന്ധിച്ച് അറിയാനും അപേക്ഷകള്‍ നേരത്തെ തന്നെ പൂരിപ്പിച്ച് വരുന്നതുവഴി സമയ നഷ്ടം ഒഴിവാക്കി നടപടിക്രമങ്ങള്‍ക്ക് വേഗം വര്‍ധിപ്പിക്കാനും ഈ പരിഷ്കരണം വഴി സാധ്യമാകുമെന്നും തൊഴില്‍ മന്ത്രാലയം ഉപഭോക്തൃ സേവനവിഭാഗം അണ്ടര്‍ സെക്രട്ടറി സിയാദ് സ്വാനിഅ് വ്യക്തമാക്കി.

Search site