തെലങ്കാന: സീമാന്ധ്രയില്‍ ബന്ദ്: കൂടുതല്‍ രാജി

കാത്തിരിപ്പിനൊടുവില്‍ തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യമായെങ്കിലും സീമാന്ധ്രയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. റായല്‍സീമയിലെയും തീരദേശ ആന്ധ്രയിലെയും പതിമൂന്ന് ജില്ലകളില്‍ മൂന്ന് ദിവസത്തെ ബന്ദാചരിക്കുകയാണ്. എല്ലായിടത്തും ബന്ദ് പൂര്‍ണമാണ്. എങ്ങും കാര്യമായ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേന്ദ്ര മന്ത്രിസഭ തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാന്‍ ഔദ്യോഗികമായി തീരുമാനമെടുത്തതു മുതല്‍ തന്നെ ഈ പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധം നടക്കുകയാണ്. ഐക്യ ആന്ധ്രയ്ക്കുവേണ്ടി വാദിക്കുന്ന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പലയിടത്തും ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും പ്രതിമകള്‍ക്കു നേരെ ആക്രമണമുണ്ടായി. വൈ.എസ്.ആര്‍ . കോണ്‍ഗ്രസാണ് പ്രതിഷേധസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച കാലത്ത് മുതല്‍ തിരുപ്പതിയിലേയ്ക്കുള്ള എല്ലാ ബസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡ് ജീവനക്കാരും സമരപാതയിലേയ്ക്ക് ഇറങ്ങാന്‍ ഒരുങ്ങുകയാണ്.
 
സംസ്ഥാന രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് സീമാന്ധ്രയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും എം.പി.മാരും രാജിവയ്ക്കുകയാണ്. കേന്ദ്ര ടൂറിസം വകുപ്പ്മന്ത്രിയും ചലച്ചിത്രതാരവുമായ ചിരഞ്ജീവി കഴിഞ്ഞ ദിവസം രാത്രി തന്നെ രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര മന്ത്രിസഭയിലെ മറ്റംഗങ്ങളായ ടെക്‌സ്‌റ്റൈല്‍മന്ത്രി കെ.എസ്. റാവു, മനുഷ്യവിഭവശേഷിവകുപ്പ് മന്ത്രി പള്ളം രാജു എന്നിവരും രാജിയ്‌ക്കൊരുങ്ങുകയാണ്. ഇരുവരും വ്യാഴാഴ്ച നടന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ തെലങ്കാന രൂപവത്കരണത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചിരുന്നു. സംസ്ഥാനത്ത് നിന്നുള്ള മറ്റ് മന്ത്രിമാരായ കെ.സി.ദിയോ, പന്നബ ലക്ഷ്മി, ജെ.ഡി.ശീലം എന്നിവര്‍ തങ്ങളുടെ നിലപാട് ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.
 
ഇതിനു പുറമെ രാജമുന്ധ്രിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി. യു. അരുണ്‍കുമാര്‍ , അനന്ത്പുര്‍ എം.പി അനന്ത വെങ്കടരാമി റെഡ്ഡി, രാജംപേട്ടില്‍ നിന്നുള്ള എം.പി സായി പ്രതാപ്, എന്നിവരും ലോക്‌സഭാംഗത്വം രാജിവച്ചിട്ടുണ്ട്. എല്ലാവരും വ്യാഴാഴ്ച രാത്രി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്ത് അയച്ചുകഴിഞ്ഞു.
 
വ്യാഴാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ആന്ധ്രപ്രദേശ് വിഭജിച്ച് പ്രത്യേക തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാന്‍ തീരുമാനിച്ചത്.

Search site