തെറ്റയിലിനെ ജനതാദള്‍ എസ് പാര്‍ട്ടി പരിപാടികളില്‍നിന്ന് ഒഴിവാക്കുന്നു

 ജോസ് തെറ്റയില്‍ എംഎഎല്‍എയെ ജനാതാദള്‍ എസ് പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നു. സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസ് നയിക്കുന്ന ജനതാമുന്നേറ്റ യാത്രയില്‍ പങ്കെടുക്കരുതെന്ന് തെറ്റയിലിനോട് പാര്‍ട്ടി ആവശ്യപ്പെട്ടതായാണ് സൂചന. ജനതാദള്‍ എസില്‍ നിന്നു കടുത്ത അവഗണന നേരിടുന്ന സാഹചര്യത്തില്‍  തെറ്റയില്‍ യുഡിഎഫിലേക്ക് പോയേക്കുമെന്ന് അഭ്യൂഹമുണ്ട്.

ലൈംഗികാരോപണത്തില്‍ കുടുങ്ങിയപ്പോള്‍  ജോസ് തെറ്റയില്‍ എംഎല്‍എ രാജി വെക്കേണ്ടതിലിലെന്ന് ജനതാദള്‍ എസ് ഒറ്റക്കെട്ടായി നിലപാടെടുത്തെങ്കിലും തുടര്‍ന്നങ്ങോട്ട് ഈ പിന്തുണ ഉണ്ടായില്ല. തെറ്റയില്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പിലെ വിജയസാധ്യതയെ കുറിച്ച് സംശയമുളളതിനാല്‍ എല്‍എഡിഎഫും എംഎല്‍എയെ കൈവിട്ടില്ല. എന്നാല്‍
ബലാത്സംഗ കേസില്‍ തെറ്റയിലെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കിയെങ്കിലും പാര്‍ട്ടിയോ മുന്നണിയോ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ജനതാദള്‍ എസിന്റെ കമ്മിറ്റികള്‍ അറിയിക്കാറില്ല.

സ്വന്തം മണ്ഡലമായ അങ്കമാലിയില്‍ പോലും പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടികള്‍ എംഎല്‍എ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. അടുത്തമാസം 4ന് അഴിമതിക്കും വിലക്കയറ്റത്തിനും എതിരെ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് നയിക്കുന്ന ജനതാമുന്നേറ്റ യാത്രയില്‍ പങ്കെടുക്കരുതെന്ന് തെറ്റയിലിന് പാര്‍ട്ടി പ്രത്യേക നിര്‍ദേശം നല്‍കിക്കഴിഞ്ഞു. യാത്രയുടെ ഫ്ലക്സുകളില്‍ മുഴുവന്‍ നേതാക്കളുടെയും ചിത്രമുണ്ടെങ്കിലും പ്രധാന നേതാവായ തെറ്റയിലിനെ ഒഴിവാക്കി.

പാര്‍ട്ടിയുടെ തിരസ്കാരം ശക്തമാകുന്നതിനിടെ പഴയ സഹയാത്രികന്‍ എം.പി. വീരേന്ദ്രകുമാര്‍ തെറ്റയിലിനെ ഒപ്പം കൂട്ടാന്‍ ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. പാര്‍ട്ടിയിലും എല്‍ഡിഎഫിലും തീര്‍ത്തും ഒറ്റപ്പെട്ട സാഹചര്യത്തില്‍ തെറ്റയിലിന്റെ യുഡിഎഫ് പ്രവേശനം അധികം വൈകില്ലെന്ന് എംഎല്‍എയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ തെറ്റയില്‍ തയാറായിട്ടില്ല. 

Search site