തെങ്ങിന്റെ കൂമ്പുചീയല്‍: കൃഷി വകുപ്പ് പ്രതിരോധ നടപടി തുടങ്ങി

സംസ്ഥാനത്ത് കാലവര്‍ഷത്തോടനുബന്ധിച്ച് തെങ്ങിനെ ബാധിച്ചിട്ടുള്ള കൂമ്പുചീയല്‍ രോഗം പ്രതിരോധിക്കുന്നതിന് കൃഷി വകുപ്പ് നടപടികള്‍ ആരംഭിച്ചു. കൂമ്പുചീയല്‍ രോഗം ഏറെ ബാധിച്ച കോഴിക്കോട് ജില്ലയിലും കണ്ണൂര്‍ ജില്ലയിലും അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷി മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു. 
 
കൂമ്പുചീയല്‍ ബാധിച്ച തെങ്ങുകളുടെ നാമ്പോല ചീയല്‍ കാണുന്നതിന്റെ താഴെ മുറിച്ചു മാറ്റി ബോഡോ മിശ്രിതം പുരട്ടി കവര്‍ കൊണ്ട് മൂടി വെക്കുന്നതാണ് ആദ്യ നടപടി. ഇതിനായി 100 ഗ്രാം തുരിശ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കണം. അര ലിറ്റര്‍ വെള്ളത്തില്‍ 100 ഗ്രാം ചുണ്ണാമ്പ് കലക്കി എടുത്ത് അതിലേക്ക് തുരിശ് ലായനി ചേര്‍ത്തിളക്കിയാല്‍ 10 ശതമാനം വീര്യമുള്ള ബോര്‍ഡോ പേസ്റ്റ് ലഭ്യമാകും. അഞ്ചു മുതല്‍ 10 വരെ തെങ്ങിന് കൂമ്പില്‍ പുരട്ടാന്‍ ഇതു മതിയാകും. 
 
ഇതിലേക്ക് പത്തിരട്ടി വെള്ളം ചേര്‍ത്താല്‍ സ്‌പേയര്‍ ഉപയോഗിച്ച് മണ്ടയില്‍ തളിക്കുന്നതിനുള്ള ബോഡോ മിശ്രിതവുമായി മാറും. ഇതു കൂടാതെ മൂന്ന് ഗ്രാം വീതം മാങ്കോസെബ് എന്ന കുമിള്‍നാശിനി ചെറിയ പോളിത്തീന്‍ കവറിലാക്കി ഇളയിട്ട കൂമ്പിന്റെ രണ്ടു ഭാഗത്തായി കെട്ടി ഞാത്തിയാല്‍ മഴവെള്ളം തട്ടുമ്പോള്‍ കുമിള്‍ നാശിനി ഊഴിന്നിറങ്ങി രോഗം മൂര്‍ച്ഛിക്കാതെ നോക്കാനും കഴിയും. രണ്ടാഴ്ച കഴിയുമ്പോള്‍ പുതിയ ആരോഗ്യമുള്ള നാമ്പോല പുറത്ത് വരുന്നതു കാണാം. 
 
ഇത്തരത്തില്‍ കൂമ്പുചീയല്‍ രോഗത്തെ പ്രതിരോധിക്കുന്നതിന് തെങ്ങില്‍ കയറി മരുന്നു പ്രയോഗം നടത്തുന്നതിന് തെങ്ങ് ഒന്നിന് 60 രൂപ സര്‍ക്കാര്‍ നല്‍കും. ഇതിനായുള്ള പണം കേരഫെഡ് മുഖേന ജില്ലകളിലെത്തിച്ചിട്ടുണ്ട്. ആവശ്യമുള്ള തെങ്ങുകയറ്റ യന്ത്രങ്ങള്‍ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ വഴി ലഭ്യമാക്കും. കൃഷി വകുപ്പിനെ കൂടാതെ ഈ സംരംഭത്തില്‍ അഗ്രോ സര്‍വീസ് സെന്ററുകള്‍ നാളികേരള ഉല്‍പാദന സംഘങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍, കേരഫെഡ്, അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ എന്നിവയും സഹകരിക്കും.

Search site